18 February Monday

മല്യയ്‌ക്ക് വഴിവിട്ട സഹായം: ഉത്തരമില്ലാതെ ബിജെപി

സാജൻ എവുജിൻUpdated: Friday Sep 14, 2018

ന്യൂഡൽഹി > ഒമ്പതിനായിരം കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയ മദ്യരാജാവ് വിജയ് മല്യയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിന്റെ തെളിവുകൾ നിഷേധിക്കാനാകാതെ മോഡി സർക്കാർ. മല്യക്കെതിരായ ലുക്ക്ഔട്ട് നോട്ടീസ് സിബിഐ ദുർബലമാക്കിയതിനു പിന്നിൽ ആരാണെന്ന് പ്രതിപക്ഷം ചോദിച്ചു. ധനമന്ത്രിക്കുമാത്രമായി മല്യയെ രക്ഷപ്പെടുത്താൻ കഴിയില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. സർക്കാർ നുണ പറയുകയാണെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി രാജിവയ്ക്കണമെന്നും എഐസിസി അധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞു.

അതേസമയം തെളിവുകൾക്കും ആരോപണങ്ങൾക്കും വിശദീകരണം നൽകാനാകാതെ, പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രതിപക്ഷം ഒന്നിച്ചിരിക്കയാണെന്ന് അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി പ്രവർത്തകരോട് വീഡിയോ കോൺഫറൻസിൽ സംസാരിക്കവെ മോഡി പറഞ്ഞു. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പേഴ്സണൽ മന്ത്രാലയത്തിന്റെ കീഴിലാണ് സിബിഐ. എന്നാൽ, മല്യക്ക് ഇളവ് ലഭിച്ച വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല.

2016 മാർച്ച് രണ്ടിന‌് ലണ്ടനിലേക്ക് കടക്കുംമുമ്പ് ധനമന്ത്രിയുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയതായി മല്യ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. താൻ ലണ്ടനിലേക്ക് പോകുമെന്ന് മന്ത്രിയോട് പറഞ്ഞതായും വെളിപ്പെടുത്തിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നൽകിയിരുന്നില്ലെന്നും പാർലമെന്റിൽവച്ച് ഏതാനും നിമിഷംമാത്രമാണ് സംഭാഷണം നടന്നതെന്നും ജെയ്റ്റ്ലി പ്രതികരിച്ചെങ്കിലും 20 മിനിറ്റിനടുത്ത‌് ഇരുവരും സംസാരിച്ചതിന‌് സാക്ഷിയെ കോൺഗ്രസ് ഹാജരാക്കി.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ജെയ്റ്റ്ലിയും മല്യയും നടത്തിയ ചർച്ചയ്ക്ക് താൻ സാക്ഷിയാണെന്ന് രാജ്യസഭാംഗം പി എൽ പുനിയ പറഞ്ഞു. 'മല്യ ഇന്ത്യ വിടുന്നതിന‌് രണ്ടു ദിവസംമുമ്പായിരുന്നു അത‌്. ഒരു മൂലയിൽ ആദ്യം ഇരുവരുംനിന്നാണ് സംസാരിച്ചത്. അഞ്ച് മിനിറ്റിനുശേഷം ബെഞ്ചിലിരുന്ന‌് തുടർന്നു. ജെയ്റ്റ്ലിയെ കാണാൻ മാത്രമാണ് മല്യ പാർലമെന്റിൽ എത്തിയത്. കൂടുതൽ തെളിവ് വേണമെങ്കിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. പറയുന്നത് തെറ്റാണെന്ന് തെളിഞ്ഞാൽ രാജ്യസഭാംഗത്വം രാജിവയ്ക്കാം'‐ രാഹുൽ ഗാന്ധിക്കൊപ്പം വാർത്താസമ്മേളനത്തിൽ പുനിയ പറഞ്ഞു.

ഐഡിബിഐ ബാങ്കിൽനിന്ന‌് വൻതുക വായ്പയെടുത്ത് വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ച കേസിൽ സിബിഐ 2015 ഒക്ടോബർ 16ന് മല്യക്കെതിരെ തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, നവംബറിൽ പുറത്തിറക്കിയ പുതിയ തെരച്ചിൽ നോട്ടീസിൽ മല്യയുടെ വിദേശയാത്രകളുടെ വിശദാംശങ്ങൾമാത്രം ധരിപ്പിച്ചാൽ മതിയെന്ന് നിലപാട് മയപ്പെടുത്തി. ഇതിനു പിന്നിലുള്ള സത്യം പുറത്തുവരണമെന്ന് സീതാറാം യെച്ചൂരി ട്വിറ്ററിൽ പ്രതികരിച്ചു. മല്യക്കെതിരായ സിബിഐ നോട്ടീസിൽ വെള്ളം ചേർത്തത് ജെയ്റ്റ്ലിയാണെങ്കിൽ കുറ്റം സമ്മതിക്കണമെന്നും അല്ലാത്തപക്ഷം ആരാണ് ഉത്തരവാദിയെന്ന് തുറന്നുപറയണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു. മല്യക്കെതിരെ സിബിഐ നോട്ടീസ് നിലനിൽക്കേയാണ് ധനമന്ത്രി അദ്ദേഹവുമായി സംസാരിച്ചതെന്നും എന്തുകൊണ്ട് മന്ത്രി പൊലീസിനെ അറിയിച്ചില്ലെന്നും അദ്ദേഹം  ചോദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top