22 September Sunday

വാഹന ഉപകരണ നിര്‍മാണത്തില്‍ തകര്‍ച്ച:10 ലക്ഷം പേര്‍ക്ക് പണിപോയി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019

ന്യൂഡൽഹി
രാജ്യത്തെ വാഹന ഉപകരണനിർമാണമേഖലയിൽ  10 ലക്ഷത്തോളം കരാർ തൊഴിലാളികൾക്ക്‌ തൊഴിൽ നഷ്‌ടപ്പെട്ടു. 11 മാസത്തിനിടെ വാഹന നിർമാണമേഖലയിലെ വളര്‍ച്ചയിലുണ്ടായ ഇടിവ് അനുബന്ധ മേഖലയിൽ -15 ശതമാനത്തോളംപേരുടെ ജോലി നഷ്ടമാക്കി. രാജ്യത്തെ വാഹന ഉപകരണനിർമാണ കമ്പനികള്‍ക്ക് വന്‍തിരിച്ചടിയാണ് നേരിടുന്നതെന്ന് വാഹന ഉപകരണനിര്‍മാതാക്കളുടെ ദേശീയ സംഘടനയായ എസിഎംഎ വെളിപ്പെടുത്തി.

ഹരിയാനയിലെ ഗുരുഗ്രാം–-മനേസർ മേഖല, പുണെ, ജംഷഡ്‌പുർ, മധ്യപ്രദേശിലെ പീതാംപുർ തുടങ്ങിയ പ്രധാന വാഹന ഉപകരണനിര്‍മാണമേഖലകളില്‍ വൻ ഇടിവും തൊഴിൽ നഷ്ടവുമുണ്ടായി. 50 ലക്ഷത്തോളംപേരാണ്‌ വാഹന ഉപകരണനിർമാണമേഖലയിൽ ജോലിചെയ്യുന്നത്‌. ഇതിൽ 70 ശതമാനവും കരാർ തൊഴിലാളികളാണ്. അടുത്തഘട്ടമായി സ്ഥിരം തൊഴിലാളികളുടെ കാര്യവും പ്രതിസന്ധിയിലാകും.
 
ഉപകരണങ്ങൾക്ക്‌ ആവശ്യക്കാർ കുറഞ്ഞതോടെ പ്രമുഖ വാഹന ഉപകരണനിർമാണ കമ്പനിയായ ബോഷ്‌ അഞ്ചു ദിവസം പ്ലാന്റ് അടച്ചിട്ടു. നിർമാണശാല അടച്ചിടേണ്ടിവന്നത് ആദ്യ സംഭവമാണ്‌. യാത്രാവാഹന വിൽപ്പനയിൽ 2018–-19 സാമ്പത്തികവർഷം 2.7 ശതമാനം വളർച്ചയുണ്ടായി.
നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണിത്‌. നോട്ടു നിരോധനവും ജിഎസ്‌ടി പരിഷ്‌കാരവുമാണ് വാഹനനിര്‍മാണമേഖലയെ തകിടംമറിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top