16 July Tuesday

ഇറാൻ എണ്ണ ഇറക്കുമതി: യുഎസ‌് സമ്മർദം അസറിനെ ചൂണ്ടിക്കാട്ടി

എം പ്രശാന്ത‌്Updated: Thursday May 16, 2019

ന്യൂഡൽഹി  
ഇറാനിൽനിന്ന‌് എണ്ണ വാങ്ങരുതെന്ന ശാസന ഇന്ത്യക്ക‌ുമേൽ അമേരിക്ക അടിച്ചേൽപ്പിച്ചത‌് പുൽവാമ ആക്രമണത്തിന്റെയും മസൂദ‌് അസറിന്റെയും പേരിൽ. പുൽവാമ ആക്രമണത്തെ തുടർന്നുള്ള ഘട്ടത്തിൽ ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചതും അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ മുൻകൈയെടുത്തതും മോഡി സർക്കാരിനെ ഓർമിപ്പിച്ച ട്രംപ‌് ഭരണകൂടം, പകരമായി ഇറാൻ വിഷയത്തിൽ ഒപ്പം നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യക്ക‌് സാമ്പത്തികമായി വലിയ ബാധ്യത വരുത്തുന്ന നിർദേശമാണിതെങ്കിലും ഒരു മടിയുംകൂടാതെ മോഡി സർക്കാർ അംഗീകരിച്ചു‌.
മെയ‌് രണ്ട‌ുമുതൽ ഇറാനിൽനിന്ന‌് ക്രൂഡോയിൽ വാങ്ങുന്നത‌് ഇന്ത്യ പൂർണമായും നിർത്തിവച്ചിരിക്കുകയാണ‌്. എണ്ണ വ്യാപാരം തുടരണമെന്ന‌് അഭ്യർഥിച്ച‌് ഇറാൻ വിദേശമന്ത്രി ജവാദ‌് സര‌ിഫ‌് വിദേശകാര്യമന്ത്രി സുഷ‌്മ സ്വരാജുമായി കൂടിക്കാഴ‌്ച നടത്തിയെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല.

ഇറാന‌ുമേൽ യുഎസ‌് ഉപരോധം നിലനിന്നിരുന്ന 2015 ന‌് മുമ്പുള്ള കാലയളവിൽ ഇന്ത്യ എണ്ണ വ്യാപാരം നടത്തിയിരുന്നു. മൂന്നാം കക്ഷി അക്കൗണ്ടിലൂടെ (എസ‌്ക്രോ) രൂപയിലായിരുന്നു ഇത‌്. 2015 ൽ യുഎസ‌ും അഞ്ച‌് വൻശക്തി രാജ്യങ്ങളും ഇറാനുമായി ആണവധാരണയിൽ എത്തിയതോടെ ഉപരോധം പിൻവലിച്ചു.

തുടർന്ന‌്, ഇറാനുമായി ഇന്ത്യ എണ്ണവ്യാപാരം തുടരുന്നതിനിടെയാണ‌് വീണ്ടും യുഎസ‌് ഇടപെടൽ. 2018 മേയിൽ ആണവ ധാരണയിൽനിന്ന‌് നാടകീയമായി പിൻവാങ്ങിക്കൊണ്ടാണ‌് ട്രംപ‌് ഭരണകൂടം ഇറാനെതിരായ ഉപരോധം പുനഃസ്ഥാപിച്ചത‌്. ഇറാനുമായുള്ള ഇടപാടുകൾ ഘട്ടംഘട്ടമായി കുറച്ച‌് പൂർണമായും അവസാനിപ്പിക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക‌് കഴിഞ്ഞ നവംബർ വരെയായിരുന്നു അമേരിക്ക
കാലാവധി അനുവദിച്ചത‌്. പിന്നീട‌് ഇന്ത്യയടക്കം എട്ട‌് രാജ്യങ്ങൾക്ക‌് ആറുമാസംകൂടി സമയം നൽകി.

മെയ‌് രണ്ടിന‌് ഈ കാലാവധി അവസാനിച്ചു. യുഎസ‌് ഉപരോധം കർശനമായും പാലിക്കണമെന്ന‌് ആവശ്യപ്പെടുന്നതിനായി യുഎസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ‌്റ്റന്റ‌് സെക്രട്ടറി ആലീസ‌് വെൽസ‌് ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.  ഇറാൻ എണ്ണ വിപണിയിൽനിന്ന‌് അപ്രത്യക്ഷമാകുന്നതോടെ പകരം ഇടംപിടിക്കുന്നത‌് അടുത്തിടെ എണ്ണസമ്പന്ന രാജ്യമായ അമേരിക്കയാണ‌്.  ഇറാൻ എണ്ണ നഷ്ടമാകുമ്പോൾ പകരമായി തങ്ങളുടെ എണ്ണ വാങ്ങാനാണ‌് അമേരിക്ക ആവശ്യപ്പെടുന്നത‌്.  2018 ലെ യുഎസ‌് ശാസന വന്നപ്പോൾതന്നെ ഇറാനിൽനിന്ന‌് എണ്ണ വാങ്ങുന്നത‌് ഇന്ത്യ കുറച്ചിരുന്നു.

ജനുവരി–- ഏപ്രിൽ കാലയളവിൽ ഇറക്കുമതി 40 ശതമാനവും ഏപ്രിലിൽ 57 ശതമാനവും കുറഞ്ഞു. മെയ‌് രണ്ടോടെ ഇറക്കുമതി പൂർണമായും അവസാനിപ്പിച്ചു. അതോടൊപ്പം യുഎസിൽനിന്നുള്ള ഇറക്കുമതിയിൽ വലിയ കുതിപ്പുണ്ടായി.  ഇന്ത്യയിലേക്ക‌് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ 2017–-18 വർഷത്തിൽ 18–-ാമത‌് മാത്രമായിരുന്ന അമേരിക്ക കഴിഞ്ഞ സാമ്പത്തികവർഷം ഒമ്പതാം സ്ഥാനത്തെത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top