17 November Sunday

ആയുധം തരും അടിമയാക്കും ; ഇന്ത്യയെ ലക്ഷ്യമിട്ട്‌ യുഎസ്‌ ബിൽ

സാജൻ എവുജിൻUpdated: Wednesday Jun 19, 2019


ന്യൂഡൽഹി
ഇന്ത്യയിലേക്ക‌് വൻതോതിൽ ആയുധക്കയറ്റുമതി ലക്ഷ്യമിട്ട‌് അമേരിക്കയിൽ നിയമനിർമാണത്തിന‌് നീക്കം. അമേരിക്കൻ ആയുധക്കയറ്റുമതി നിയന്ത്രണനിയമം ഭേദഗതിചെയ്യാൻ യുഎസ‌് സെനറ്റിൽ ബിൽ അവതരിച്ചു. റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിനും ഡെമോക്രാറ്റ‌് സെനറ്റർ മാർക്ക‌് വാർണറും ചേർന്നാണ‌് ബിൽ കൊണ്ടുവന്നത‌്. രണ്ട‌് പ്രമുഖ പാർടികളുടെയും പിന്തുണ ലഭിച്ച ബിൽ എളുപ്പത്തിൽ പാസാകും. സെനറ്റിലും ജനപ്രതിനിധിസഭയിലും ബിൽ പാസാക്കാൻ വേണ്ട കൂടിയാലോചനകൾ  നടക്കുകയാണ‌്.

അമേരിക്ക നാറ്റോ സഖ്യകക്ഷികൾക്ക‌് നൽകുന്നതിന‌് തുല്യമായ സ്ഥാനമാണ‌് ഇന്ത്യക്ക‌് നൽകുന്നത‌്. ഇസ്രയേൽ, ഓസ‌്ട്രേലിയ, ന്യൂസിലൻഡ‌്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്ക‌് നൽകിയിട്ടുള്ള ഈ സ്ഥാനം ലഭിക്കുന്നതോടെ അമേരിക്കയുടെ എല്ലാ സൈനികനീക്കങ്ങളിലും ഇന്ത്യ സ്വാഭാവിക പങ്കാളിയാകും. മൻമോഹൻസിങ‌് സർക്കാരിന്റെ കാലത്ത‌്  രൂപംകൊണ്ട ആണവകരാറും ഒന്നാം മോഡി സർക്കാർ ഒപ്പിട്ട കോംകാസ ഉടമ്പടിയും (വിവരവിനിമയ, പൊരുത്ത, സുരക്ഷാകരാർ) വഴി ദൃഢമായ ഇന്ത്യ–-അമേരിക്ക പ്രതിരോധസഹകരണത്തെ വിപുലമായ ആയുധ ഇടപാടുകൾക്ക‌് പ്രയോജനപ്പെടുത്തുകയാണ‌്. ലക്ഷക്കണക്കിനു കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന‌് ഇന്ത്യ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ സൈനികവ്യവസായ ശൃംഖലയുടെ ഒത്താശയിൽ രാഷ്ട്രീയനീക്കങ്ങളും ആരംഭിച്ചു.

 

കോംകാസ ഒപ്പിട്ടതോടെതന്നെ അമേരിക്കൻ സൈനികനീക്കങ്ങൾക്ക‌് സ്വന്തം താവളങ്ങൾ വിട്ടുകൊടുക്കാൻ ഇന്ത്യ ബാധ്യസ്ഥമാണ‌്. ഇന്ത്യയുടെ നാവികസേനാ ആസ്ഥാനവും യുഎസ‌് പസഫിക‌് കമാൻഡും തമ്മിൽ വിവരങ്ങൾ തത്സമയം കൈമാറാൻ ഹോട്ട‌്‌ലൈനും നിലവിൽവന്നു. സൈനികമേഖലയിൽ കൂടുതൽ സഹകരണത്തിനായി ബെക്ക (ബേസിക‌് എക‌്സ‌്ചേഞ്ച‌് കോ–-ഓപ്പറേഷൻ എഗ്രിമെന്റ‌്) കരാർ ഒപ്പിടാൻ ചർച്ചകളും നടക്കുകയാണ‌്.

അമേരിക്കൻ വിദേശ സെക്രട്ടറി മൈക‌് പോംപിയോ 25ന‌് ഇന്ത്യയിലെത്തും. പ്രതിരോധമേഖലയിൽ ഇന്ത്യയുമായുള്ള ഇടപാടുകൾ ശക്തമാക്കാനുള്ള സമ്മർദം ചെലുത്താനാണ‌് പോംപിയോ ശ്രമിക്കുകയെന്ന‌് വ്യക്തം. ഇരുരാജ്യവും തമ്മിൽ നിലനിൽക്കുന്ന വാണിജ്യതർക്കം പരിഹരിക്കണമെങ്കിൽ ഇന്ത്യൻ പ്രതിരോധ സംഭരണമേഖല അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന‌് പോംപിയോ ഈയിടെ ആവശ്യപ്പെട്ടിരുന്നു.അമേരിക്കയുടെ  എല്ലാ സമ്മർദങ്ങൾക്കും വഴങ്ങിയ ചരിത്രമാണ‌് ബിജെപി സർക്കാരുകൾക്കുള്ളത‌്.

 

കടമ്പ നീക്കാൻ ബിൽ

ആയുധങ്ങളും ആയുധനിർമാണ സാങ്കേതികവിദ്യയും കൈമാറുന്നതിന‌് നിയന്ത്രണം ഏർപ്പെടുത്തിയുള്ള രണ്ട‌് നിയമങ്ങളാണ‌് അമേരിക്കയിൽ നിലനിൽക്കുന്നത‌്. ഒരേസമയം സിവിൽ–-െസൈനിക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ആണവോർജ സാങ്കേതികവിദ്യയുടെ കൈമാറ്റം നിയന്ത്രിക്കുന്നതാണ‌് ഒരു നിയമം. ഇന്ത്യയും അമേരിക്കയും ആണവകരാർ ഒപ്പിട്ടതോടെ ഈ നിയമപ്രകാരമുള്ള വിലക്ക‌് നീങ്ങി. അതേസമയം, പ്രമുഖ പ്രതിരോധപങ്കാളി പദവിയുള്ള രാജ്യങ്ങളിലേക്ക‌ുമാത്രമേ അമേരിക്കയിൽനിന്ന‌് ആയുധങ്ങൾ വൻതോതിൽ കയറ്റുമതി ചെയ്യാനാകൂ. പ്രസിഡന്റ‌് ഭരണമുള്ള രാജ്യങ്ങൾക്കേ ഈ പദവി നൽകാവൂ എന്നാണ‌് അമേരിക്കൻനിയമം. ഇന്ത്യയിൽ അങ്ങനെ അല്ലാത്തതിനാൽ ആയുധവ്യാപാരത്തിന‌് കടമ്പകളുണ്ട‌്. ഇത‌് നീക്കാനാണ‌് ബിൽ കൊണ്ടുവന്നത‌്.

 

നാറ്റോ 

നോർത്ത് അറ്റ‌്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ അന്താരാഷ്ട്ര സൈനിക സഖ്യമാണ്. വടക്കേ അമേരിക്കൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ 29 രാജ്യങ്ങൾ ചേർന്ന സംഘടന 1949 ഏപ്രിൽ നാലിന‌് നിലവിൽവന്നു. ആസ്ഥാനം ബെൽജിയത്തിലെ ബ്രസൽസ‌്.  രണ്ടാം ലോകമഹായുദ്ധത്തിന‌ുശേഷം  സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും തകർന്ന യൂറോപ്യൻ രാജ്യങ്ങളെ  പുനരുജ്ജീവിപ്പിക്കുന്നതിനായാണ‌് സഖ്യം രൂപംകൊണ്ടത‌്.

തുടക്കത്തിൽ 12 രാഷ്ട്രങ്ങൾ
അമേരിക്ക, ബ്രിട്ടൻ, ജർമനി, ബെൽജിയം, ക്യാനഡ, ഡെന്മാർക്ക‌്, ഫ്രാൻസ‌്, ഐസ‌്‌ലൻഡ‌്, ഇറ്റലി, ലക്സംബർഗ‌്, നെതർലൻഡ‌്സ‌്, നോർവെ, പോർച്ചുഗൽ,  ഗ്രീസ‌്, തുർക്കി, സ‌്പെയിൻ, ചെക‌് റിപ്പബ്ലിക‌്, ഹംഗറി, പോളണ്ട‌്, ബൾഗേറിയ, എസ‌്റ്റോണിയ, ലാറ്റ‌്‌വിയ, ലിത്വാനിയ, റുമേനിയ, സ്ലൊവാക്യ, സ്ലൊവേനിയ, അൽബേനിയ, ക്രൊയേഷ്യ, മോണ്ടെനെഗ്രോ.

മറ്റ‌് രാജ്യങ്ങൾ
അർമേനിയ, ഓസ‌്ട്രിയ, അസർബൈജാൻ, ബലാറൂസ‌്, ബോസ‌്നിയ ഹെർസഗോവിന, ഫിൻലാൻഡ‌്, റിപ്പബ്ലിക‌് ഓഫ‌് മസഡോണിയ, ജോർജിയ, അയർലൻഡ‌്, കസാഖ‌്സ്ഥാൻ, കിർഗിസ‌് റിപ്പബ്ലിക‌്, മെൽറ്റ, റിപ്പബ്ലിക‌് ഓഫ‌് മൊൾഡോവ, റഷ്യ, സെർബിയ, സ്വീഡൻ, സ്വിറ്റ‌്സർലൻഡ‌്, തജികിസ്ഥാൻ, തുർക‌്മനിസ്ഥാൻ, ഉക്രയ‌്ൻ, ഉസ‌്ബക്കിസ്ഥാൻ.
 


പ്രധാന വാർത്തകൾ
 Top