കൊച്ചി > രാജ്യത്ത് യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾക്കും ഇനി ഫീസ് നൽകേണ്ടി വരും. ഏപ്രിൽ ഒന്നുമുതൽ ഈ ഇടപാടുകൾ തീർത്തും സൗജന്യമായിരിക്കില്ലെന്ന് യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന നാഷണൽ പെയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
യുപിഐ വഴി നടത്തുന്ന വ്യപാര ഇടപാടുകൾക്കാണ് (മർച്ചന്റ് പെയ്‌മെന്റ്) പ്രീപെയ്‌ഡ് പെയ്‌മെന്റ് ഇൻസ്ട്രുമെന്റ്‌സ് (പിപിഐ) ഫീസ് ഏർപ്പെടുത്തുന്നത്. ഇടപാടുകൾ സ്വീകരിക്കുക, അംഗീകാരം നൽകുക തുടങ്ങിയവയുടെ ചെലവുകൾക്കുള്ള ഇന്റർചേഞ്ച് ഫീസായാണ് ഇത് ഈടാക്കുന്നത്.
അക്കൗണ്ടിൽനിന്ന് മുൻകൂറായി പണം അടച്ച് ഉപയോഗിക്കുന്ന ഓൺലൈൻ വാലറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ പോലുള്ളവയ്ക്കാണ് ഇത് ബാധകമാകുക. ഇവയിലൂടെ നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഇടപാട് മൂല്യത്തിന്റെ 1.1 ശതമാനം വരെയാകും ഫീസ്. അതിനാൽ ഒരു ബാങ്കിനും പ്രീ പെയ്ഡ് വാലറ്റിനും ഇടയിലുള്ള വ്യക്തിഗത ഇടപാടുകൾക്കോ വ്യക്തിയും വ്യപാരികളും തമ്മിലുള്ള ഇടപാടുകൾക്കോ ഉപയോക്താക്കൾക്ക് അധികബാധ്യത വരില്ലെന്ന് എൻപിസിഐ പറയുന്നുണ്ടെങ്കിലും വൈകാതെ ഉപയോക്താക്കളും ഓരോ ഇടപാടിനും ഫീസ് നൽകേണ്ടിവരുമെന്നാണ് ബാങ്കിങ് വിദഗ്ധർ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..