ലക്നൗ > യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു. രാജ്പുരക്കടുത്തുള്ള വീട്ടില്‍ രണ്ടു കുട്ടികളോടൊപ്പം കഴിയുകയായിരുന്ന യുവതിയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഇവരുടെ ഭര്‍ത്താവ് ഗാസിയാബാദിലാണ് ജോലി ചെയ്യുന്നത്. ശനിയാഴ്ച പുലര്‍ച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ സംഘം ബലാല്‍സംഗത്തിനിരയാക്കി മടങ്ങുകയായിരുന്നു.
യുവതി സംഭവം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാനൊരുങ്ങുമ്പോഴേക്കും വീണ്ടും അക്രമികള്‍ എത്തി യുവതിയെ യാഗ്യശാല ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. 35 വയസ് പ്രായമുള്ള യുവതിയെ അഞ്ച് പേര് ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ശേഷമാണ് കൊടും ക്രൂരത അരങ്ങേറിയത്.
യുവതിയുടെ അവസാന ഫോണ്‍ കോളിന്റെ ക്ലിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായക തെളിവാണെന്ന് പൊലീസ് പറയുന്നു.അരം സിംഗ്, മഹാവീര്‍, ചരണ്‍ സിംഗ്, ഗുല്ലു, കുമാര്പാല് എന്നിവരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.രണ്ടുപേര്‍ ഗ്രാമത്തില്‍ തന്നെയുള്ളവരാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു