17 February Sunday
സംഭവം രാജ്യത്തെ മികച്ച മൂന്നാമത്തെ പൊലീസ്‌ സ്‌റ്റേഷനിൽ

കൊച്ചുമകന്റെ മരണത്തിൽ കേസെടുക്കാൻ വൃദ്ധയെക്കൊണ്ട്‌ കാലുപിടിപ്പിച്ച്‌ പൊലീസ്‌ ഉദ്യോഗസ്ഥൻ

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

ലക്‌നൗ > കൊച്ചുമകന്റെ ദുരൂഹമരണത്തിൽ എഫ്‌ഐആർ തയ്യാറാക്കാൻ വൃദ്ധയെക്കൊണ്ട്‌ കാലുപിടിപ്പിച്ച്‌ പൊലീസ്‌ ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ ലക്‌നൗവിലുള്ള ഗുഡംബ പൊലീസ്‌ സ്‌റ്റേഷനിലാണ്‌ സംഭവം. സംഭവത്തിൽ ഇൻസ്‌പെക്‌ടർ തേജ്‌ പ്രകാശ്‌ സിങിനെ സസ്‌പെൻഡ്‌ ചെയ്‌തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം കൂടിയാണ്‌ ലക്‌നൗ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്യത്തെ മികച്ച മൂന്നാമത്തെ പൊലീസ്‌ സ്‌റ്റേഷനുള്ള പുരസ്‌കാരം നേടിയ സ്‌റ്റേഷനാണ്‌ ഗുഡംബയിലേത്‌.പ്രദേശവാസിയായ 75കാരി ബ്രഹ്മാദേവിക്കാണ്‌ ദുരനുഭവം നേരിടേണ്ടിവന്നത്‌. ബ്രഹ്മാദേവിയുടെ കൊച്ചുമകൻ20 വയസുള്ള അക്ഷയ്‌ യാദവ്‌ ഗ്രാമത്തിലുള്ള പ്ലൈവുഡ്‌ കമ്പനിയിലെ ജോലിക്കിടയിൽ മെഷീനിൽ കുടുങ്ങിയാണ കഴിഞ്ഞദിവസം മരിച്ചത്‌. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന്‌ ബന്ധുക്കൾ പലതവണ പൊലീസിൽ പരാതി നൽകിയിട്ടും ഇത്‌ സ്വീകരിക്കാൻ സ്‌റ്റേഷൻ ചുമതലയുണ്ടായിരുന്ന തേജ്‌ പ്രകാശ്‌ സിങ്‌ തയ്യാറായില്ല.

ബ്രഹ്മാദേവി കാലിൽ വീണപ്പോഴും പൊലീസ്‌ ഉദ്യോഗസ്ഥൻ ഇവരെ മാറ്റാൻ ശ്രമിക്കാതെ കാലിൽ കാല്‌ കയറ്റിവച്ച്‌ ചിരിച്ചുകൊണ്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇവരുടെ കയ്യിൽ ഇതിന്റെ വീഡിയോയും ഉണ്ട്‌. കമ്പനിയുടെ ഉടമ അജയ്‌ ഗുപ്‌ത സംഭവത്തിനുശേഷം ഒളിവിൽ പോയതാണ്‌ ബന്ധുക്കൾക്ക്‌ സംശയത്തിനിടയാക്കിയത്‌. ഇയാൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ്‌ ബ്രഹ്മാദേവിയും ബന്ധുക്കളും സ്‌റ്റേഷനിലെത്തിയത്‌. കമ്പനിയിലെ യന്ത്രങ്ങളെല്ലാം പഴക്കമുള്ളവയാണെന്ന്‌ പരിസരവാസികൾ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top