31 March Tuesday

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് 1.04 കോടിരൂപ പിഴ; പൊലീസിനെ വിന്യസിച്ചതിന് ചെലവുണ്ടെന്ന് യുപി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

ലഖ്‌നൗ > പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൊറാദാബാദില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍  ഒരു കോടി രൂപലിലേറെ പിഴയായി നല്‍കണമെന്ന് ജില്ലാ ഭരണകൂടം. കവിയും കോണ്‍ഗ്രസ് നേതാവുമായി ഇമ്രാന്‍ പ്രതാപ്ഗാര്‍ഗി ഉള്‍പ്പെടെ 114 പേര്‍ക്കാണ് പിഴത്തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതിഷേധസ്ഥലത്ത് പൊലീസിനെയും അര്‍ധസൈനികരെയും വിന്യസിപ്പിക്കുന്നതിനുള്ള ചെലവിന്റെ അടിസ്ഥാനത്തിലാണ് പിഴ കണക്കാക്കിയിരിക്കുന്നതെന്ന് മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് സിങ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസത്തിനായി ഒരു ദിവസം 13.42 ലക്ഷം രൂപയാണ് ചെലവായ തുകയെന്നും അധികൃതര്‍ പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പിന്നാലെ അഡീഷണല്‍ സിറ്റി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകണമെന്ന് ഇമ്രാന് നിര്‍ദേശം ലഭിച്ചിരുന്നു. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് 'സെക്ഷന്‍ 144 ലംഘിച്ചു' എന്ന് ചൂണ്ടിക്കാട്ടി 1.04 കോടി രൂപയുടെ കാരണംകാണിക്കല്‍ നോട്ടീസാണ് ജില്ലാ ഭരണ കൂടം ഇമ്രാന് നല്‍കിയിട്ടുള്ളത്. ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ ഇമ്രാന്‍ പ്രകോപിപ്പിച്ചതായും രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ശത്രുത വര്‍ധിപ്പിച്ചതായും മൊറാദാബാദ് ഭരണകൂടം ആരോപിച്ചു.

അടുത്തിടെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മൊറാദാബാദില്‍ പൗരത്വ നിയമത്തെ പിന്തുണച്ച് ഒരു വലിയ സമ്മേളനത്തില്‍ പ്രസംഗിച്ചുവെങ്കിലും അദ്ദേഹത്തിന് ഈ 144 വകുപ്പൊന്നും ബാധകമായില്ലെന്നും ഇമ്രാന്‍ പ്രതാപ്ഗരി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൊറാദാബാദ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇമ്രാന്‍ മത്സരിച്ചിരുന്നു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top