Deshabhimani

ഝാൻസിയിൽ ദുരന്തത്തിനിടെ ഉപമുഖ്യമന്ത്രിയെ 
സ്വീകരിക്കാൻ ഒരുക്കം, വിവാദം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 02:46 AM | 0 min read

ലഖ്നൗ
ഉത്തർപ്രദേശിലെ ഝാൻസിയിൽ ​ഗവ. മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ പത്തു നവജാത ശിശുക്കള്‍ മരിച്ച ദുരന്തത്തിനിടെ ആശുപത്രിയിലെത്തിയ ഉപമുഖ്യമന്ത്രിയെ സ്വീകരിക്കാൻ വിഐപി ഒരുക്കങ്ങള്‍ നടത്തിയത്‌ വിവാദമായി. ദുരന്തത്തിന്റെ ആഘാതത്തിൽ രക്ഷിതാക്കളും ബന്ധുക്കളും തകര്‍ന്ന് നിൽക്കുന്നതിനിടെയാണ് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ബ്രിജേഷ് പാഠക്കിനെ സ്വീകരിക്കാൻ റോഡ് വൃത്തിയാക്കലും കുമ്മായം ഇടലും നടത്തിയത്. ആശുപത്രിയിൽ അത്യാ​ഹിത വിഭാ​ഗത്തിന് മുന്നിലെ ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ പാർടികൾ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികള്‍ വെന്തുമരിക്കുമ്പോള്‍ സര്‍ക്കാര്‍ മുഖം മിനുക്കുകയാണെന്ന് കോൺ​ഗ്രസ് വിമര്‍ശിച്ചു.

വെള്ളി രാത്രി 10.45നാണ്  മഹാറാണി ലക്ഷ്മി ഭായി മെഡിക്കൽ കോളേജിലെ നവജാതശിശു തീവ്രപരിചരണവിഭാ​ഗത്തില്‍ തീപിടിത്തമുണ്ടായത്. ഇൻക്യുബേറ്ററിലുണ്ടായിരുന്ന പത്തു കുഞ്ഞുങ്ങളാണ് ശ്വാസംമുട്ടിയും പൊള്ളലേറ്റും മരിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ ചികിത്സയിലാണ്. ഇവരുടെ നില ​ഗുരുതരമാണ്. പരിക്കേറ്റ കുട്ടികളെ കാണാൻ അനുവദിക്കാത്തതിനെതിരെ ആശുപത്രിക്ക് മുന്നിൽ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.

ആശുപത്രിയിലെ അ​ഗ്നിശമന ഉപകരണങ്ങള്‍ ശരിയായ രീതിയിൽ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്. തീപിടിത്തമുണ്ടായ വാര്‍‍ഡിലെ സേഫ്ടി അലാറം പ്രവര്‍ത്തിച്ചില്ല. ഫയര്‍ എക്സിറ്റിം​ഗ്യുഷറിന്റെ കാലാവധി കഴിഞ്ഞതാണെന്നുമാണ് ആരോപണം. ബിജെപി സര്‍ക്കാരിന്റെ അഴിമതിയും അവ​ഗണനയും അലംഭാവവുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.  മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും യുപി സര്‍ക്കാര്‍ 5 ലക്ഷം രൂപയും പ്രഖ്യാപിച്ചു. ദേശീയ മനുഷ്യാവകാശ കമീഷന്‍ സ്വമേധയകേസെടുത്തു.
 



deshabhimani section

Related News

0 comments
Sort by

Home