19 April Monday

യുപിയിൽ പീഡനം ചെറുത്ത പെൺകുട്ടിയെ കൊന്ന്‌ കുഴിച്ചുമൂടി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


ലഖ്‌നൗ
പെൺകുട്ടികൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്ന ഉത്തർപ്രദേശിൽ ബുലന്ദ്‌ശഹറിൽ പീഡനശ്രമം ചെറുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊന്നുകുഴിച്ചുമൂടി. കേസിൽ 22 കാരനായ ഹരേന്ദ്ര എന്നയാളെ ഷിംലയിൽ നിന്ന്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.  ഇയാളുടെ വീടിനടുത്ത്‌ ഒരു കുഴിയിൽ  നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ഫെബ്രുവരി 25ന്‌  ആണ്‌ അപൂപ്‌ശഹറിലെ വീട്ടിൽ നിന്ന്‌ പെൺകുട്ടിയെ കാണാതായത്‌. പൊലീസിന്‌ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ അച്ഛൻ ഹരേന്ദ്രയെ സംശയമുണ്ടെന്ന്‌ പറഞ്ഞിരുന്നു. ഇയാൾ വീട്ടിൽ ഒറ്റയ്‌ക്കാണ്‌ കഴിഞ്ഞിരുന്നത്‌.  പെൺകുട്ടിയുടെ കുടുംബവുമായി പരിചയമുണ്ടായിരുന്നതായും കുട്ടി വെള്ളം കുടിക്കാൻ ഇയാളുടെ വീട്ടിൽ പോയിരുന്നതായും പൊലീസ്‌ പറഞ്ഞു. ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ നിലവിളിച്ച പെൺകുട്ടിയെ പ്രതി കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുകയായിരുന്നു.

അതേസമയം  ബന്ദ ജില്ലയിലെ ബാബെറുവിൽ എട്ടുവയസ്സുള്ള ദളിത്‌ പെൺകുട്ടിയെ 70കാരൻ  പീഡിപ്പിച്ച‌ു.  ചൊവ്വാഴ്‌ച വൈകിട്ടാണ്‌ സംഭവം. വീട്ടിനടുത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. കുട്ടിക്ക്‌ കാഴ്‌ചയ്‌ക്ക്‌ ബുദ്ധിമുട്ടുള്ളതായും പൊലീസ്‌ പറഞ്ഞു. ജഗദീഷ്‌ പാൽ എന്നയാളെ‌ അറസ്റ്റ്‌ ചെയ്‌തു‌. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിസാന്ത ജില്ലയിൽ ആൺകുട്ടിയെ പീഡനത്തിരയാക്കിയ‌ യുവാവിനെ പൊലീസ്‌ പിടികൂടി. 

ഹാഥ്‌രസിൽ ബലാത്സംഗത്തിന്‌ ഇരയായ പെൺകുട്ടിയുടെ അച്ഛനെ പ്രതി വെടിവച്ചുകൊന്ന സംഭവത്തിൽ രാജ്യം നടുങ്ങിയിരിക്കെയാണ്‌ സംസ്ഥാനത്ത്‌ പെൺകുട്ടികൾക്കെതിരെ വീണ്ടും അതിക്രമങ്ങൾ.  എല്ലാ കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായി യുപി മാറിയെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും  ബിഎസ്‌പി നേതാവ്‌ മായാവതി വിമർശിച്ചു.

യോഗി ആദിത്യനാഥ്‌ സർക്കാർ  നിയമപാലനത്തിൽ പരാജയപ്പെട്ടുവെന്നും ഓരോ ദിവസവും ഒരു കുടുംബമല്ലെങ്കിൽ മറ്റൊരു കുടുംബം  നീതിക്കായി നിലവിളിക്കുകയാണെന്നും‌ കോൺഗ്രസ്‌ നേതാവ്‌  പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാൽ ഹാഥ്‌രസിലെ പ്രതി സമാജ്‌വാദി പാർടിക്കാരനാണെന്ന്‌ ആദിത്യനാഥ്‌ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top