24 October Thursday

ബിജെപി എംഎൽഎയുടെ ഗുണ്ടകൾ ആശുപത്രിയിൽ കയറ്റുന്നില്ല: പെൺകുട്ടിയുടെ ബന്ധുക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

ലക്നൗ > യുപിയില്‍ വിചാരണ തുടര്‍ന്നാല്‍ പെൺകുട്ടിക്ക്‌ ഒരിക്കലും നീതികിട്ടില്ലെന്ന്‌ ഉന്നാവ് പീഡനക്കേസിലെ പെണ്‍കുട്ടിയുടെ മാതൃസഹോദരന്‍. കാർ അപകടത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ കയറാന്‍ പോലും പ്രതിയായ ബിജെപി എംഎല്‍എയുടെ ഗുണ്ടകള്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു.

2017 ജൂണ്‍ നാലിന് ഉന്നാവിലെ മാഖി ഗ്രാമത്തിലെ വസതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡിപ്പിച്ചെന്നാണ് കേസ്‌. മൂന്നു ദിവസത്തിന് ശേഷം വീണ്ടും കാറില്‍ കൂട്ടിക്കൊണ്ടുപോയി എംഎല്‍എയുടെ അടുത്ത അനുയായികളും പീഡിപ്പിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമാണു പെണ്‍കുട്ടിക്കുള്ളത്. ആറാം ക്ലാസ് വരെ പഠിച്ചു. അങ്കണവാടിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞു ശശി സിങ് എന്ന സ്ത്രീയാണ് എംഎല്‍എയുടെ അടുത്തെത്തിച്ചതെന്നും പെണ്‍കുട്ടിയുടെ അമ്മാവൻ പറഞ്ഞു.
 
അതേസമയം, ഞായറാഴ്ച ദുരൂഹമായ വാഹനാപകടത്തിൽ പരുക്കേറ്റ പെൺകുട്ടിയുടെയും അഭിഭാഷകന്റെയും നില അതീവഗുരുതരമായി തുടരുകയാണ്. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല. വെന്റിലേറ്റർ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്. അപകടശേഷം ബോധം തെളിഞ്ഞിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

പ്രധാന വാർത്തകൾ
 Top