19 September Thursday

ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; സിബിഐ സംഘം ബന്ധുക്കളുടെ മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

ലക്നൗ > ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് പെൺകുട്ടി ചികിത്സയിൽ കഴിയുന്ന കിംഗ് ജോർജ്ജ് ആശുപത്രി. കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ട്രോമാ കെയർ മേധാവി സന്ദീപ് തിവാരി അറിയിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ആശുപത്രിയിലെത്തി പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

പെൺകുട്ടിയെ ഇന്ന് ദില്ലിയിലേക്ക് മാറ്റിയേക്കില്ല. പുതിയ നിർദ്ദേശങ്ങൾ കിട്ടിയിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. പെൺകുട്ടിക്ക് ലക്നൗവിൽ തന്നെ വിദഗ്ധ ചികിത്സ നൽകാനാവുമെന്നും സന്ദീപ് തിവാരി വ്യക്തമാക്കി.

പെൺകുട്ടിക്ക് ലക്നൗവിൽ തന്നെ വിദഗ്ദ ചികിത്സ നൽകാനാവുമെന്നും പരീക്ഷണാടിസ്ഥാനത്തിൽ ഒരു തവണ വെന്‍റിലേറ്റർ മാറ്റി നോക്കിയിരുന്നെന്നും സന്ദീപ് തിവാരി അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ലക്നൗവിലെ കിംഗ്‌ ജോർജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

പെൺകുട്ടി സഞ്ചരിച്ച് കാർ അപകടത്തിൽപ്പെട്ടതുൾപ്പടെയുള്ള കേസിൽ വാദം കേൾക്കുന്നതിനിടെ പെൺകുട്ടിയെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമോ എന്ന് കോടതി ചോദിച്ചിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാരുടെ നേരത്തെയുള്ള വിലയിരുത്തൽ.

പെൺകുട്ടിക്ക് 25 ലക്ഷം രൂപ അടിയന്തര സഹായം ഉത്ത‌ർ‌പ്രദേശ് സ‌ർക്കാ‌ർ നൽകണമെന്ന് ഇന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പെൺകുട്ടിക്കും കുടുംബത്തിനും സിആ‌‌ർപിഎഫ് സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നി‌ർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സഹായം നാളെ തന്നെ നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ലക്‌നൗ സിബിഐ കോടതിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി. 5 കേസുകളാണ് ലക്നൗവിൽ നിന്ന് ദില്ലിയിലേക്ക് മാറ്റിയത്. 7 ദിവസത്തിനകം അന്വേഷണം പൂ‌ർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട കോടതി 45 ദിവസം കൊണ്ട് വിചാരണ പൂ‌ർത്തിയാക്കണമെന്നും ഉത്തരവിട്ടു. വിചാരണയ്ക്കായി പ്രത്യേക ജ‍ഡ്ജിയെ നിയോ​ഗിക്കാനും സുപ്രീം കോടതി നി‌ർദ്ദേശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top