15 November Friday

സ്വാതന്ത്ര്യദിന പരസ്യത്തിൽ ഉന്നാവ്‌ പ്രതിയും ഭാര്യയും

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

ലക്‌നൗ > ഉത്തർപ്രദേശിലെ സ്വാതന്ത്ര്യദിന പരസ്യത്തിൽ പ്രധാനമന്ത്രിക്കൊപ്പം ഉന്നാവ്‌ ബലാത്സംഗക്കേസ്‌ പ്രതിയായ ബിജെപി എംഎൽഎയുടെയും ഭാര്യയുടെയും ചിത്രം. ഉന്നാവ്‌ കേസിൽ ജയിലിൽകഴിയുന്ന കുൽദീപ്‌ സിങ് സെൻഗാറിന്റെയും ഭാര്യ സംഗീത സെൻഗാറിന്റെയും ചിത്രമുള്ള പരസ്യമാണ്‌ പ്രാദേശിക പത്രത്തിൽ അച്ചടിച്ചുവന്നത്‌. ഉങ്കുനഗർ പഞ്ചായത്താണ്‌ പ്രാദേശിക പത്രത്തിന്റെ ഉന്നാവ്‌ പതിപ്പിൽ പരസ്യം നൽകിയത്‌.

പരസ്യത്തിൽ കേന്ദ്രമന്ത്രി അമിത്‌ ഷായുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രവുമുണ്ട്‌. മറ്റ്‌ നേതാക്കളുടെ ചിത്രങ്ങളെക്കാൾ വലുതാണ്‌ പ്രതിയുടെയും ഭാര്യയുടെയും ചിത്രം. ജില്ലാ പഞ്ചായത്ത്‌ ചെയർപേഴ്‌സണാണ്‌ സംഗീത സെൻഗാർ. കുൽദീപ്‌ സിങ് സെൻഗാർ ഇപ്പോഴും തങ്ങളുടെ എംഎൽഎ ആയതുകൊണ്ടാണ്‌ പരസ്യത്തിൽ ഉൾപ്പെടുത്തിയതെന്നാണ്‌ പഞ്ചായത്ത്‌ അധികൃതരുടെ വിശദീകരണം. പരസ്യം ആരുടെയെങ്കിലും വ്യക്തിതാൽപ്പര്യത്തിൽ നൽകിയതായിരിക്കാമെന്നും പാർടിക്കോ സംസ്ഥാന സർക്കാരിനോ പങ്കില്ലെന്നുമായിരുന്നു ബിജെപി വക്‌താവിന്റെ പ്രതികരണം.

ഉന്നാവ്‌ ബലാത്സംഗത്തിന്‌ ഇരയായ പെൺകുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുത്തിയതിനെത്തുടർന്ന്‌ സെൻഗാറിനെ ബിജെപി പുറത്താക്കിയിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ രണ്ടു ബന്ധുക്കൾ മരിച്ചു. പെൺകുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top