15 July Wednesday

അൺലോക്ക്‌ രണ്ട്‌ : അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല

എം പ്രശാന്ത‌്Updated: Monday Jun 29, 2020

ന്യൂഡൽഹി > രണ്ടാംഘട്ട അൺലോക്‌ഡൗൺ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. വിദ്യഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല. സിനിമാ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, ബാറുകൾ, ഓഡിറ്റോറിയം എന്നിവ തുറക്കില്ല. മെട്രോ സർവീസുകൾ ആരംഭിക്കില്ല.

ജൂലൈയിലും രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കില്ല. ആഭ്യന്തര വിമാന സർവീസുകളും ട്രെയിനുകളും കൂടും. ആൾക്കൂട്ടമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾക്ക് വിലക്ക് തുടരും. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ പരിശീലന കേന്ദ്രങ്ങൾ ജൂലൈ 15 മുതൽ തുറക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും. ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല. കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാം.

രാത്രി കർഫ്യൂ 10 മുതൽ 5 വരെ
രാത്രി കർഫ്യൂവിൽ ചെറിയ ഇളവോടെ അൺലോക്‌–-2ന്റെ മാർഗ നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാത്രി 10 മുതൽ പുലർച്ചെ അഞ്ച്‌ വരെയാകും കർഫ്യൂ. ജൂലൈ ഒന്ന്‌ മുതൽ 31 വരെയാണ്‌ അൺലോക്‌ രണ്ടാം ഘട്ടം. വിനോദപാർക്കുകൾ, തിയറ്ററുകൾ,  ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ, സമാനമായ മറ്റ്‌ സ്ഥലങ്ങൾ എന്നിവ അടഞ്ഞുകിടക്കും. സാമൂഹ്യ,- രാഷ്ട്രീയ,- കായിക, വിനോദ, അക്കാദമിക,- സാംസ്‌കാരിക,- മത ചടങ്ങുകൾക്കും  ഒത്തുചേരലുകൾക്കും വിലക്ക്‌ തുടരും. കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ പരിശീലന ഇൻസ്‌റ്റിറ്റ്യൂട്ടുകൾ 15 മുതൽ പ്രവർത്തിക്കും. 

കൺടെയ്‌ൻമെന്റ്‌ സോണുകളിൽ അടച്ചിടൽ കർശനമായി തുടരും. ആരോഗ്യമന്ത്രാലയവും മറ്റും പുറപ്പെടുവിക്കുന്ന മാനദണ്ഡ പ്രകാരം കൺടെയ്‌ൻമെന്റ്‌ സോണുകൾ സംസ്ഥാനങ്ങൾ തീരുമാനിക്കും. ഇവിടെ അവശ്യസേവനങ്ങൾ മാത്രമേ പാടുള്ളൂ. കൺടെയ്‌ൻമെന്റ്‌ സോണുകൾക്ക്‌ പുറത്ത്‌ യുക്തമായ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക്‌ ഏർപ്പെടുത്താം. 

കടകളിൽ ശാരീരികാകലം പാലിച്ച്‌‌ അഞ്ചിൽ കൂടുതൽ പേരെ അനുവദിക്കാം. ആഭ്യന്തര വിമാനസർവീസുകളും പ്രത്യേക ട്രെയിൻ സർവീസുകളും വിപുലപ്പെടുത്തും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ നിയന്ത്രണം തുടരും. പൊതുഇടങ്ങളിലെയും ഓഫീസുകളിലെയും നിയന്ത്രണങ്ങൾക്കും ജാഗ്രതാ നടപടികൾക്കും മാറ്റമില്ല. 

‘വർക്ക്‌ ഫ്രം ഹോം’ സമ്പ്രദായത്തിന്‌ പ്രോത്സാഹനം നൽകും. തൊഴിൽ–- ബിസിനസ്‌ സമയ വിഭജനം, തെർമൽ പരിശോധന, ഹാൻഷ്‌ വാഷ്‌ , മാസ്‌ക്‌,  സാമൂഹ്യാകലം എന്നിവ തുടരും.


പ്രധാന വാർത്തകൾ
 Top