14 December Saturday

രണ്ടാം മോഡി സർക്കാരിന്റെ ആദ്യബജറ്റ് കോര്‍പറേറ്റുകള്‍ക്കുള്ള പ്രത്യുപകാരം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

ന്യൂഡൽഹി> രാജ്യത്തെ കോർപറേറ്റുകൾക്കും വിദേശത്തെ മൂലധനശക്തികൾക്കും ചെയ‌്തുകൊടുത്തിരിക്കുന്ന പ്രത്യുപകാരമാണ‌് രണ്ടാം മോഡി സർക്കാരിനുവേണ്ടി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ആദ്യബജറ്റെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ പ്രസ‌്താവനയിൽ പറഞ്ഞു. വൻകിട കോർപറേറ്റുകൾക്കും സമ്പന്നർക്കും രാജ്യത്തിന്റെ സമ്പദ‌്ഘടനയിൽ പിടിമുറുക്കാനും ഇന്ത്യൻ സമ്പദ‌്ഘടനയെ രാജ്യാന്തര ധനകമ്പോളങ്ങളുമായി കൂട്ടിയോജിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ‌് ബജറ്റിലെ മിക്ക പ്രഖ്യാപനങ്ങളും വാഗ‌്ദാനങ്ങളും.

രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ജീവിതവും ജീവനോപാധിയും സംരക്ഷിക്കാൻ വേണ്ടുന്ന ഒന്നും ഈ ബജറ്റിലില്ല. പെൻഷൻ മേഖല അടക്കം വിദേശനിക്ഷേപകസ്ഥാപനങ്ങൾക്ക‌് തുറന്നുകൊടുക്കുക, ദേശീയപാതകളുടെ വികസനത്തിന‌് നിക്ഷേപം കണ്ടെത്തുക, സാമൂഹിക ഓഹരികമ്പോളം വഴി സാമൂഹികപ്രവർത്തനമേഖല പോലും വാണിജ്യവൽക്കരിക്കുക എന്നിങ്ങനെപോകുന്നു ധനമന്ത്രിയുടെ നിർദേശങ്ങൾ. കർഷകരുടെ വിളകൾക്ക‌് ആദായവില ലഭ്യമാക്കാനും കാർഷിക കടങ്ങൾ ‌എഴുതിത്തള്ളാനും നിർദേശമൊന്നുമില്ല. തൊഴിലാളിവിരുദ്ധനിയമങ്ങൾ ‘തൊഴിൽകോഡ‌്’ എന്ന നിലയിൽ അവതരിപ്പിക്കുകയാണ‌്.

നടപ്പുവർഷം വരുമാനം കണ്ടെത്താനും ചെലവ‌് നിർവഹിക്കാനും കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച‌് ബജറ്റ‌് മൗനം പാലിക്കുന്നു. സാമ്പത്തികമാന്ദ്യം, കാർഷികത്തകർച്ച, വ്യവസായമുരടിപ്പ‌്, തൊഴിൽവളർച്ചയിലെ ഇടിവ‌് എന്നീ കാര്യങ്ങളെക്കുറിച്ചും നിശ്ശബ്ദമാണ‌്.

വരവിനെയും ചെലവിനെയും കുറിച്ച‌് മന്ത്രി പ്രസംഗത്തിൽ പരാമർശിച്ചില്ലെങ്കിലും കണക്കുകൾ ഇപ്പോൾ ലഭ്യമാണ‌്. ഫെബ്രുവരി ഒന്നിന‌് അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ പുതുക്കിയ കണക്കുകൾ അന്തിമ ബജറ്റിൽ നിലനിർത്തിയിരിക്കുന്നു. മുൻവർഷത്തെ യഥാർഥ  വരുമാന–-ചെലവു കണക്കുകൾ ബജറ്റ‌് അടങ്കലിനെക്കാൾ ഗണ്യമായി കുറവായിരുന്നെന്ന വസ‌്തുത മറച്ചുപിടിക്കാനാണ‌് മന്ത്രി ശ്രമിച്ചത‌്. ഇപ്പോൾ മുന്നോട്ടുവച്ച കണക്കുകളുടെ(2019–-20) വിശ്വാസ്യതയും ഇല്ലാതാക്കുന്ന നടപടിയാണിത‌്.

കേന്ദ്രനികുതികളിൽനിന്നുള്ള വരുമാനം ഇടക്കാല ബജറ്റിൽ വിഭാവന ചെയ‌്തിരുന്നതിനെക്കാൾ 91,000 കോടി രൂപ കുറച്ചിരിക്കുന്നു. ഇതിന്റെ കെടുതി പേറേണ്ടത‌് സംസ്ഥാനങ്ങളാണ‌്. പെട്രോളിനും ഡീസലിനും തീരുവയിനത്തിൽ രണ്ട‌് രൂപ വീതം വർധിപ്പിച്ച‌് മന്ത്രി സാധാരണക്കാരുടെ ജീവിതദുരിതം വർധിപ്പിക്കുമ്പോൾത്തന്നെ കോർപറേറ്റുകൾക്ക‌് വൻതോതിൽ നികുതിസൗജന്യം നൽകുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ‌് 1.05 ലക്ഷം കോടി രൂപ സമാഹരിക്കും. പൊതുമേഖലാസ്ഥാപനങ്ങളിൽനിന്നുള്ള ഓഹരിവിഹിതം 1.36 ലക്ഷം കോടി രൂപയായിരിക്കുമെന്ന‌് ഇടക്കാല ബജറ്റിൽ പറഞ്ഞെങ്കിൽ അന്തിമബജറ്റിൽ ഇത‌്1.64 ലക്ഷം കോടിയായി.
സാമൂഹികക്ഷേമപദ്ധതികൾക്കുള്ള പദ്ധതിവിഹിതങ്ങൾ നാമമാത്രമായാണ‌് വർധിപ്പിച്ചിട്ടുള്ളത‌്. ഈ ജനവിരുദ്ധനയങ്ങൾക്കെതിരെ അതിശക്തമായ സമരം ഉയർത്തിക്കൊണ്ടുവരാൻ പിബി ആഹ്വാനം ചെയ‌്തു.


പ്രധാന വാർത്തകൾ
 Top