28 September Monday
വേഗം 200 കിലോ മിറ്റർ ആകും

ഉറഞ്ഞുതുള്ളി ഉംപുൻ; 5 മരണം, വ്യാപക മണ്ണിടിച്ചിൽ,5000 വീട്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

ഉംപുൻ ചുഴലിക്കാറ്റ്‌ നാശംവിതച്ച ഒഡിഷയിലെ ഭദ്രക്‌ ജില്ലയിൽ വീട്‌ തകർന്നിടത്ത്‌ രക്ഷാപ്രവർത്തനം നടത്തുന്നു ഫോട്ടോ പിടിഐ

കൊൽക്കത്ത
ബംഗാൾ തീരത്ത്‌ കനത്ത നാശം വിതച്ച്‌ ഉംപുൻ ചുഴലിക്കാറ്റ്‌. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലി ബുധനാഴ്‌ച രാത്രി‌ പൂർണമായി കരയിലെത്തി‌. ആദ്യ വിവരമനുസരിച്ച്‌ ബംഗാളിൽ മൂന്നും ഒഡിഷയിൽ രണ്ടും ബംഗ്ലാദേശിൽ ഒരാളും മരിച്ചു. ബംഗാളിൽ അയ്യായിരത്തോളം വീട്‌ തകർന്നു.  കാറ്റ്‌ ശക്തമായതിനാൽ ‌ വ്യോമ രക്ഷാപ്രവർത്തനം താൽക്കാലം നിർത്തി.

ബുധനാഴ്ച  പകൽ രണ്ടരയോടെ സുന്ദർബൻസ്‌ മേഖലയിലാണ്‌ അതിതീവ്ര ചുഴലി തീരം തൊട്ടത്‌. കൊൽക്കത്ത നഗരത്തിലും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 110–-120 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചു. നോർത്ത്‌ ,സൗത്ത്‌ 24 പർഗാന ജില്ലകളിലും മേദിനിപ്പുർ ജില്ലയിലും 155–-165 കിലോമീറ്ററായിരുന്നു വേഗം. മരങ്ങൾ കടപുഴകി.

തീരം തൊടുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 170–-180 കിലോമീറ്റർ. 200 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്‌. അടിയന്തര സാഹചര്യം നേരിടാൻ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്‌)  45 പേരടങ്ങുന്ന 41 സംഘത്തെ ബംഗാളിലും ഒഡിഷയിലും വിന്യസിച്ചു. ബംഗാളിലെ നോർത്ത്‌  24 പർഗാന ജില്ലയിൽ നേവി ദൗത്യസംഘവുമുണ്ട്‌‌.  വ്യാഴാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ്‌ തീവ്രത കുറഞ്ഞ്‌ നാദിയ, മുർഷിദാബാദ് ജില്ലകളിലൂടെ ബംഗ്ലാദേശ്‌ തീരത്തേക്ക്‌ പോകുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മരം കടപുഴകിവീണാണ്‌‌ പശ്ചിമ ബംഗാളിൽ രണ്ടുസ്‌ത്രീകളുൾപ്പെടെ മൂന്നുപേർ മരിച്ചത്‌. ഹൗറ ജില്ലയിൽ ഒരാളും നോർത്ത്‌ 24 പർഗാനയിൽ രണ്ടുപേരും‌. ഒഡിഷയിൽ നിരവധി വീട്‌ തകർന്നു. മരങ്ങൾ കടപുഴകി. കേന്ദ്രപ്പാറ, ഭദ്രക് ജില്ലകളിൽ ഓരോമരണം റിപ്പോർട്ട്‌ ചെയ്‌തു. ‌ ബംഗ്ലാദേശിൽ‌ ഗ്രാമീണരെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ബംഗ്ലാദേശ് റെഡ് ക്രസന്റ് വളന്റിയർ മുങ്ങിമരിച്ചു. 2007ൽ 3,500 പേരുടെ മരണത്തിനിടയായ സിദ്‌ർ ചുഴലിക്കാറ്റിനേക്കാൾ ഉംപുൻ ശക്തിപ്രാപിക്കുമോ എന്ന ആശങ്കയിലാണ്‌ ബംഗ്ലാദേശ്. 22 ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റി. 

ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽനിന്ന്‌ 6.5 ലക്ഷം പേരെ‌ മാറ്റിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി മേധാവി എസ്‌ എൻ പ്രധാൻ അറിയിച്ചു. ഒഡിഷയിൽ 1.50 ലക്ഷം പേരെയും പശ്ചിമ ബംഗാളിൽ 5 ലക്ഷം പേരെയുമാണ്‌ മാറ്റിയത്‌‌. വ്യാഴാഴ്ച പുറപ്പെടേണ്ടിയിരുന്ന ന്യൂഡൽഹി–ഹൗറ എസി സ്‌പെഷ്യൽ ട്രെയിൻ റദ്ദാക്കി.


 

ഇടിമിന്നലോടെ മഴ  തുടരും

ഞായറാഴ്‌ചവരെ ഇടിമിന്നലോടെ മഴയ്‌ക്കും പൊടുന്നനെ വീശുന്ന കാറ്റിനും സാധ്യത. വ്യാഴാഴ്‌ച കാസർകോട്‌ ഒഴികെയുള്ള ജില്ലകളിൽ മഴയുണ്ടാകും. കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടസാധ്യതയുണ്ട്. കേരളം, കന്യാകുമാരി, ലക്ഷദ്വീപ് തീരങ്ങളിൽ 45  മുതൽ 55 കിലോമീറ്റർ വേഗത്തിൽ വടക്കു -പടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top