25 May Monday

ഉംപുൻ അതിതീവ്രമാകും; നാളെ തീരംതൊടും, കേരളത്തിൽ കനത്ത മഴ തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

ഭുവനേശ്വർ/ തിരുവനന്തപുരം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുൻ തിങ്കളാഴ്‌ച അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന്‌ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.  ചൊവ്വാഴ്‌ച സൂപ്പർ സൈക്ലോണായി മാറും‌. ബുധനാഴ്‌ച ഉച്ചയോടെ ശക്തികുറഞ്ഞ്‌ പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കും. കരയിലെത്തുമ്പോൾ മണിക്കൂറിൽ 155 മുതൽ 185 കിലോമീറ്റർവരെ വേഗതയുണ്ടാകും.  ഒഡിഷ, ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ തീരങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും.. 

ഉുംപുൻ നേരിടാനുള്ള തയ്യാറെടുപ്പ്‌ ‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി ചേർന്ന്‌  വിലയിരുത്തി. ദുർബല പ്രദേശങ്ങളിൽനിന്ന്‌ ഒഡിഷ സർക്കാർ ആളുകളെ ഒഴിപ്പിക്കൽ തുടങ്ങി. കോവിഡിനെയും ഉംപുൻ ചുഴലിക്കാറ്റിനെയും നേരിടാൻ ദേശീയ ദുരന്ത നിവാരണ സേന ‌ 37 ടീമിനെ നിയോഗിച്ചു. പശ്ചിമ ബംഗാളിലും ഒഡിഷയിലുമാണ്‌ സേനയെ വിന്യസിച്ചത്‌.

അതിതീവ്രവും സൂപ്പർ സൈക്ലോണും
കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 167 മുതൽ 221 കിലോമീറ്റർ വരെയെങ്കിൽ അതിതീവ്ര ചുഴലിക്കാറ്റെന്നും മണിക്കൂറിൽ 222 കിലോമീറ്ററിനു മുകളിലെങ്കിൽ സൂപ്പർ ചുഴലിക്കാറ്റെന്നും വിളിക്കും.


ഇന്ന്‌ 9 ജില്ലയിൽ മഞ്ഞ അലർട്ട്‌ ;  കനത്ത മഴ തുടരും

ഉംപുൻ പ്രഭാവത്തിൽ സംസ്ഥാനത്ത്‌ ആഞ്ഞുവീശിയ കാറ്റിലും  മഴയിലും വൻനാശം. തിങ്കളാഴ്‌ച പരക്കെ മഴ പെയ്‌തു. കനത്ത കാറ്റിൽ ഞായറാഴ്‌ച രാത്രി വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തിട-പ്പ-ള്ളി, ബലി-ക്കൽപ്പു-ര, വലിയ അടു-ക്ക-ള, ഊട്ടുപുര,  ആനപ്പന്തലുകൾ എന്നിവ ഭാഗികമായി തകർന്നു.

ചൊവ്വാഴ്‌ചയും കനത്ത മഴ തുടരും.   കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട്‌‌. ശക്തമായ മഴയ്‌ക്കും 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളതീരത്തുനിന്ന് മീൻപിടിത്തത്തിനു പോകരുത്‌. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലും നദിക്കരകളിലും, കടലാക്രമണ സാധ്യതയുള്ള തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top