28 September Monday
ഒഡിഷയിൽ 44 ലക്ഷം പേരെ ബാധിച്ചു , കൊൽക്കത്ത വിമാനത്താവളത്തിൽ വെള്ളം കയറി

ഉംപുൻ: ബംഗാളിൽ മരണം 72 ; 20,000 വീട്‌ തകർന്നു; ഒഡിഷയിലും വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

തോൽക്കാൻ മനസ്സില്ല : ഉംപുൻ ചുഴലിക്കാറ്റ്‌ തകർത്ത വീടിന്റെ ഭിത്തി കെട്ടിയുയർത്തുന്ന വൃദ്ധ

കൊൽക്കത്ത
പശ്ചിമ ബംഗാളിൽ പരക്കെ നാശം വിതച്ച ഉംപുൻ ചുഴലിയിൽ 72 പേർ മരിച്ചു. ഇരുപതിനായിരത്തിലേറെ വീടുകൾ തകർന്നു. 185 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ ഒഡിഷയിലും വ്യാപക നാശം. വൈദ്യുതി, വാർത്താ വിനിമയ സംവിധാനങ്ങൾ താറുമാറായി. പലയിടത്തും റോഡുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. 

ബുധനാഴ്‌ച വൈകിട്ടുമുതൽ വീശിയടിച്ച കാറ്റ്‌  വ്യാഴാഴ്‌ച ഉച്ചയോടെ കൊൽക്കത്തയുടെ വടക്ക് –- വടക്ക്‌ കിഴക്കൻ ദിശയിലൂടെ‌ നീങ്ങി ബംഗ്ലാദേശിലെത്തി. കാറ്റ്‌ തീവ്രത കുറഞ്ഞ്‌ തീവ്ര ന്യൂനമർദമായി. ഇപ്പോൾ മണിക്കൂറിൽ ആറു കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന ഉംപുൻ ചുഴലി വെള്ളിയാഴ്‌ച വൈകിട്ടോടെ പൂർണമായും ഇല്ലാതാകും. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റ്‌ ബുധനാഴ്‌ചയാണ്‌ ബംഗാളിലെ സുന്ദർബനു സമീപം തീരത്തെത്തിയത്‌. ഒഡിഷയിൽ 44 ലക്ഷത്തോളം പേരെ ബാധിച്ചു. അസം, മേഘാലയ, അരുണാചൽ പ്രദേശ്‌ എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാളിൽ അഞ്ചു ലക്ഷം പേരെയും ഒഡിഷയിൽ 2.37 ലക്ഷം പേരെയും മാറ്റി താമസിപ്പിച്ചു. വെള്ളം കയറിയതിനെത്തുടർന്ന്‌ മണിക്കൂറുകളോളം പ്രവർത്തനം നിർത്തിവച്ച കൊൽക്കത്ത വിമാനത്താവളം വ്യാഴാഴ്‌ച പകൽ 12ന്‌ പുനരാരംഭിച്ചു.

ബംഗാളിൽ ദക്ഷിണ 24 പർഗാനാസ്‌–- 18, ഉത്തര 24 പർഗാനാസ്‌–- 17, കൊൽക്കത്ത–- 15 എന്നിവിടങ്ങളിലാണ്‌ കൂടുതൽ മരണം. കൊൽക്കത്ത, നോർത്ത് 24 പർഗാനാസ്, സൗത്ത് 24‌ പർഗാനാസ്‌, കിഴക്കൻ മേദിനിപ്പുർ, ഹൗറ ജില്ലകളിൽ കനത്ത നാശമുണ്ടായി.  നോർത്ത്‌ 24 പർഗാനാസിൽ ഇച്ഛാമതി നദിക്കരയിലുള്ള മുഴുവൻ വീടും ഒഴുകിപ്പോയി. 50 ഗ്രാമങ്ങളിൽ വെള്ളം കയറി. 20 ഗ്രാമങ്ങൾ ഇപ്പോഴും പൂർണമായും വെള്ളത്തിനടിയിലാണ്‌. അടിയന്തര സാഹചര്യം കണക്കിലെടുത്ത്‌ ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാലു ടീമുകളെക്കൂടി വിമാനമാർഗം ബംഗാളിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്‌ച ബംഗാൾ സന്ദർശിക്കും. രാജ്യം മുഴുവൻ ബംഗാളിനൊപ്പം നിൽക്കുന്നുവെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനേക്കാളും നാശമാണ്‌ ഉംപുൻ ഉണ്ടാക്കിയതെന്ന്‌ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ബംഗ്ലാദേശിൽ അടുത്ത രണ്ടു ദിവസം കനത്ത മഴയുണ്ടാകും. എട്ടര‌ ലക്ഷത്തോളം രോഹിങ്ക്യൻ അഭയാർഥികൾ താമസിക്കുന്ന  കോക്‌സ്‌ ബസാറടക്കം നിരവധി സ്ഥലങ്ങളിൽ ശക്തമായ മഴയാണ്‌.

ബംഗാളിനും ഒഡിഷയ്‌ക്കും സഹായം നൽകണം: പിബി
ഉംപുൻ ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌ കെടുതികൾ നേരിടുന്ന പശ്‌ചിമബംഗാളിനും ഒഡിഷയ്‌ക്കും‌ മതിയായ സഹായം നൽകണമെന്ന്‌ ‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമാണ്‌ ഇപപ്പോൾ മുൻഗണന നൽകേണ്ടത്‌. കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ രാജ്യവും ജനതയും നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കെയാണ്‌ ഈ ദുരന്തം. ഇരുസംസ്ഥാനങ്ങൾക്കും  രാജ്യത്തെ ഇതര സർക്കാരുകളുടെയും ജനതയുടെയും പിന്തുണയും ഐക്യദാർഢ്യവും ആവശ്യമാണ്‌. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പിബി അനുശോചനം അറിയിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top