22 May Wednesday

‘മോഡി സാബ‌്... ഞങ്ങൾ നികുതി അടയ‌്ക്കുന്ന ജനങ്ങളോടുള്ള വാഗ‌്ദാനം നിറവേറ്റി. താങ്കളോ?; പിഎച്ച‌്ഡി നേട്ടം "മോഡിസാബി'നെ അറിയിച്ച‌് ഉമർഖാലിദ‌്

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019


ന്യൂഡൽഹി
രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ‌് അറസ‌്റ്റ‌് ചെയ‌്ത ജവഹർലാൽ നെഹ‌്റു സർവകലാശാലയിലെ വിദ്യാർഥി നേതാവ‌് ഉമർഖാലിദ‌് പിഎച്ച‌്ഡി കരസ്ഥമാക്കി.

‘മോഡി സാബ‌്... ഞങ്ങൾ നികുതി അടയ‌്ക്കുന്ന ജനങ്ങളോടുള്ള വാഗ‌്ദാനം നിറവേറ്റി. താങ്കളോ?’–- എന്ന ആമുഖത്തോടെ പിഎച്ച‌്ഡി നേടിയ സന്തോഷവാർത്ത ഉമർഖാലിദ‌് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കിട്ടു. നികുതിദായകരുടെ പണം ദുർവിനിയോഗം ചെയ‌്ത‌് ദേശദ്രോഹപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന പ്രചാരണമാണ‌് ഉമർഖാലിദ‌് ഉൾപ്പെടെയുള്ളവർക്ക‌് എതിരെ സംഘപരിവാർ നടത്തിയിരുന്നത‌്.

‘ഗവേഷണപ്രബന്ധം അംഗീകരിച്ചു. ഇനിമുതൽ ഡോ. ഉമർഖാലിദ‌്. സൂപ്പർവൈസർ ഡോ. സംഗീതദാസ‌് ഗുപ‌്ത, എക‌്സ‌്റ്റേണൽ എക‌്സാമിനേഴ‌്സായ പ്രൊഫ. പ്രഭുമഹാപത്ര, പ്രൊഫ. റോഹൻ ഡിസൂസ എന്നിവർക്ക‌് പ്രത്യേകനന്ദി.

സംഘർഷഭരിതമായ ഈ വർഷങ്ങളിൽ എന്നോടൊപ്പം നിലകൊണ്ട ജെഎൻയുവിലെ മുഴുവൻ വിദ്യാർഥിസമൂഹത്തിനും എനിക്ക‌് പരിചയംപോലുമില്ലാത്ത നിരവധിപേർക്കും നന്ദി അറിയിക്കുന്നു’–- ഉമർഖാലിദ‌് ഫെയ‌്സ‌്ബുക്കിൽ കുറിച്ചു. ജാർഖണ്ഡിലെ ആദിവാസി ജീവിതവുമായി ബന്ധപ്പെട്ടതാണ‌് ഗവേഷണപ്രബന്ധം.
2016 ഫെബ്രുവരിയിൽ ജെഎൻയുവിൽ നടന്ന പരിപാടിയിൽ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന‌് ആരോപിച്ച‌് സർവകലാശാലാ യൂണിയൻ പ്രസിഡന്റ‌് കനയ്യകുമാറിനൊപ്പം ഉമർഖാലിദിനെയും അനിർബൻഭട്ടാചാര്യയെയും ഡൽഹി പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തിരുന്നു. ഇവരുടേതായി സംഘപരിവാർ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന‌് പിന്നീട‌് കണ്ടെത്തിയിരുന്നു. 

എന്നാൽ, ഡൽഹിപൊലീസ‌് ഇവർക്കെതിരെ നടപടികളുമായി മുന്നോട്ടുപോകുകയാണ‌്. ബിഹാറിലെ ബെഗുസരായിയിൽനിന്ന‌് കനയ്യകുമാർ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെ ഡൽഹി പൊലീസ‌് തിടുക്കപ്പെട്ട‌്  കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡൽഹി സർക്കാരിന്റെ അനുമതി തേടാതെ കുറ്റപത്രം സമർപ്പിച്ച നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. കുറ്റപത്രം സമർപ്പിക്കാൻ ഡൽഹി സർക്കാർ ഇനിയും അനുമതി നൽകിയിട്ടില്ല.

സംഘപരിവാറിന്റെ വേട്ടയാടൽ അതിജീവിച്ച‌് കനയ്യകുമാറും അടുത്തിടെ പിഎച്ച‌്ഡി കരസ്ഥമാക്കിയിരുന്നു. ഇതിനിടെ ഡൽഹി കോൺസ‌്റ്റിറ്റ്യൂഷൻ ക്ലബ്ബിന്റെ പരിസരത്ത‌് തീവ്ര ഹിന്ദുത്വവാദികൾ ഉമർഖാലിദിന‌് നേരെ വെടിയുതിർത്തിരുന്നു. തലനാരിഴയ‌്ക്ക‌് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top