07 August Friday

ഉദുമൽപേട്ട് ദുരഭിമാനക്കൊല: പെൺകുട്ടിയുടെ അച്ഛൻ കുറ്റവിമുക്തൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 23, 2020

ചെന്നൈ > തമിഴ്‌നാട്ടിലെ  ഉദുമൽപേട്ട് ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷത്തിൽ കുറയാത്ത തടവുശിക്ഷ അനുഭവിക്കണമെന്ന്‌ കോടതി പറഞ്ഞു. പെൺകുട്ടിയുടെ അച്ഛൻ ചിന്നസ്വാമിയെ കുറ്റവിമുക്തനാക്കി.

ഗൂഢാലോചന സംബന്ധിച്ച്‌ കൃത്യമായ തെളിവുഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചിന്നസ്വാമിയെ വെറുതെ വിട്ടത്. കൗസല്യയുടെ അമ്മ അന്നലക്ഷ്മി, അമ്മാവൻ പാണ്ഡ്യദുരൈ, ബന്ധു പ്രസന്ന എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ട നടപടിയും ഹൈക്കോടതി ശരിവച്ചു. 

തേവർ വിഭാഗത്തിൽപ്പെട്ട  കൗസല്യയെ വിവാഹം ചെയ്തതിന് ദളിതനായ എൻജിനിയറിങ്‌ വിദ്യാർഥി ശങ്കറിനെ പെൺകുട്ടിയുടെ ബന്ധുക്കൾ 2016ലാണ്‌ വെട്ടിക്കൊന്നത്‌. ആക്രമണത്തിൽ കൗസല്യക്കും പരിക്കേറ്റിരുന്നു. തിരുപ്പുർ കോടതി കൗസല്യയുടെ അച്ഛനുൾപ്പെടെ ആറുപേർക്ക് വധശിക്ഷ വിധിച്ചു. ഒരു ദുരഭിമാനക്കൊലക്കേസിൽ വധശിക്ഷ വിധിച്ചത് രാജ്യത്ത്‌ ആദ്യമായായിരുന്നു.

നീതി നിഷേധിക്കപ്പെട്ടു: കൗസല്യ

തന്റെ മാതാപിതാക്കൾ ശിക്ഷിക്കപ്പെടുംവരെ നിയമപോരാട്ടം തുടരുമെന്നും മദ്രാസ്‌ ഹൈകോടതി വിധി തനിക്ക്‌ നീതി നിഷേധിക്കുകയാണ്‌ ചെയ്‌തതെന്നും കൗസല്യ പ്രതികരിച്ചു. ഈ വിധി നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കേസ് തുടരാൻ സംസ്ഥാന സർക്കാർ താൽപ്പര്യം കാണിച്ചില്ല. പക്ഷേ, തനിക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. തന്റെ മാതാപിതാക്കൾ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ ശങ്കറിന്‌ നീതി ലഭിക്കൂ. അതുവരെ നിയമപോരാട്ടം തുടരും–- കൗസല്യ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top