Deshabhimani

തും​ഗഭദ്ര അണക്കെട്ടിന്റെ 
​ഒരു​ഗേറ്റ് തകര്‍ന്നു, അതീവ ജാ​ഗ്രത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 09:38 AM | 0 min read


മംഗളൂരു
കർണാടക ഹോസ്പെട്ടിൽ തും​ഗഭദ്ര അണക്കെട്ടിന്റെ (പമ്പാ സാഗർ) ഒരു ഗേറ്റ്‌ തകർന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകി. ഇതോടെ ആകെയുള്ള 35 ഗേറ്റുകളിൽ അഞ്ചെണ്ണം ഒഴികെയുള്ളവ തുറന്നുവിട്ടു. അടിയന്തര അറ്റകുറ്റപ്പണിക്കുവേണ്ടി ജലനിരപ്പ് കുറയ്ക്കാനായി ഒരു ലക്ഷത്തിലധികം ക്യുസെക്‌സ് വെള്ളം ഞായറാഴ്‌ച വൈകിട്ടുവരെ തുറന്നുവിട്ടു. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപുർ ജില്ലകളിലും കൃഷ്ണ നദിയുടെ തീരത്ത് താമസിക്കുന്നവർക്കും കർണാടക, ആന്ധ്രപ്രദേശ്‌ സർക്കാറുകൾ ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്‌. കുർണൂൽ ജില്ലയിലെ കോശിരി, മന്ത്രാലയം, നന്ദാവരം, കൗത്താലം എന്നിവിടങ്ങളിലും ജാഗ്രതാനിര്‍ദ്ദേശമുണ്ട്‌.

ശനിയാഴ്‌ച അർധരാത്രിയോടെ അടയ്ക്കാൻ ശ്രമിക്കുമ്പോൾ അണക്കെട്ടിന്റെ പത്തൊമ്പതാം നമ്പർ ഗേറ്റിന്റെ ചെയിൻ ലിങ്ക് പൊട്ടി. തകർന്ന ഈ ഗേറ്റിലൂടെ 35000 ക്യുസെക്‌സ്‌ വെള്ളം പുറത്തേക്‌ ഒഴുകി. ഇതൊടെയാണ്‌ അപകടം ഒഴിവാക്കാൻ മറ്റ്‌ ഗേറ്റുകളും തുറന്നത്‌. അറ്റകുറ്റപ്പണിക്കായി നിലവിലെ ശേഷിയായ 105 ടിഎംസിയിൽ നിന്ന് 65 മുതൽ 55 ടിഎംസി വരെ വെള്ളം ഒഴുക്കിവിടേണ്ടി വരുമെന്ന്‌ സർക്കാർ അറിയിച്ചു. ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ജില്ലാ ചുമതലയുള്ള മന്ത്രി ശിവരാജ് തംഗദഗി തുടങ്ങിയവര്‍ സ്ഥലത്ത് എത്തി. നിർമാണം കഴിഞ്ഞ്‌ 70 വർഷത്തിനുള്ളിൽ ആദ്യമായാണ്‌ ഇത്രയും വലിയ തകരാറ്‌ സംഭവിക്കുന്നതെന്ന്‌ അധികൃതർ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിനുശേഷം സുർക്കി മിശ്രിതം കൊണ്ട്‌ നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ അണക്കെട്ടാണിത്‌. തുംഗഭദ്ര നദിയിൽ നിര്‍മിച്ച അണക്കെട്ട് 1953ലാണ്‌ ഉദ്ഘാടനംചെയ്‌തത്‌. കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ കൃഷി ആവശ്യത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്‌ ഈ അണക്കെട്ടിനെയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home