17 October Thursday

കശ്‌മീരിൽ അമേരിക്കൻ ഇടപെടൽ; പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന്‌ പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

ന്യൂഡൽഹി > കശ്മീർ പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടെന്ന അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടി വിമർശനങ്ങളുമായി പാർലമെന്റിൽ പ്രതിപക്ഷം. ഇന്ത്യയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായ നിലപാടെടുത്ത പെരുമാറിയ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് സഭകളിലും വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനായി സഭാനടപടികള്‍ നിർത്തി വെക്കണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു.

ഇതേവിഷയത്തിൽ പ്രതിപക്ഷ നേതാക്കളുടെ ഒരു യോഗം കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ചേംബറിൽ ചേരുകയുണ്ടായി. അതെസമയം ട്രംപിനോട് ഇത്തരമൊരാവശ്യം ഇന്ത്യൻ പ്രധാനമന്ത്രി ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ രാജ്യസഭയിൽ വിശദീകരണം നൽകി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിലൂടെ പരിഹരിക്കാമെന്ന നിലപാടിൽ നിന്നും ഇന്ത്യ പിന്നാക്കം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“അത്തരത്തിലുള്ള ഒരു അപേക്ഷയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പോട്ടു വെച്ചിട്ടില്ല. ഇത് ഇന്ത്യയുടെ സ്ഥിരമായ നിലപാടാണ്.” -വിദേശകാര്യവക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. പാകിസ്താനുമായുള്ള ഏതിടപാടിനും അതിർത്തി കടന്നുള്ള തീവ്രവാദം അവർ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ ഇരുരാജ്യങ്ങളുടെ മുൻകൈയിൽ തന്നെ അവസാനിപ്പിക്കുന്നതിന് ഷില കരാറും ലാഹോർ പ്രഖ്യാപനവും മതിയായവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top