23 November Saturday

ട്രക്ക്‌ ഡ്രൈവറെ കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

ന്യൂഡൽഹി >  കശ്‌മീരിൽ തീവ്രവാദികളുടെ വെടിയേറ്റ്‌ ഛത്തീസ്ഗഢിൽനിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു. പുൽവാമയിലെ കാക്‌പുരയിലാണ്‌ സംഭവം. രണ്ടുദിവസംമുമ്പ്‌ രാജസ്ഥാനിൽനിന്നുള്ള ട്രക്ക്‌ ഡ്രൈവറെ തീവ്രവാദികൾ കൊലപ്പെടുത്തിയതിനു പിന്നാലെയാണ്‌ അന്യസംസ്ഥാന തൊഴിലാളിക്കുനേരെ ആക്രമണം. പുൽവാമയിൽത്തന്നെ രാജ്‌പുര ചൗക്കിൽ തീവ്രവാദികൾ ഗ്രനേഡാക്രമണത്തിനും ശ്രമിച്ചു. ഗ്രനേഡ്‌ പൊട്ടാത്തതിനാൽ ആളപായമുണ്ടായില്ല.

 കശ്‌മീരിൽ മൊബൈൽ സേവനം പുനരാരംഭിച്ച്‌ ദിവസങ്ങൾക്കകം രണ്ടുപേർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ജനങ്ങൾ ഭയത്തിലാണ്‌. കടകൾ തുറക്കരുതെന്നും പുറത്തിറങ്ങരുതെന്നും മറ്റും നിർദേശിച്ചുള്ള തീവ്രവാദികളുടെ പോസ്റ്ററുകളും ശ്രീനഗറിലടക്കം പ്രത്യക്ഷപ്പെടുന്നു.
രണ്ടാഴ്‌ചകളിലായി ശ്രീനഗറിലും അനന്ത്‌നാഗിലുമായി തീവ്രവാദികൾ നടത്തിയ ഗ്രനേഡാക്രമണങ്ങളിൽ 21 പേർക്ക്‌ പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ്‌  ട്രക്ക്‌ ഡ്രൈവറെ കൊലപ്പെടുത്തിയത്‌.

 ആപ്പിൾ കയറ്റിയ ട്രക്ക്‌ തടഞ്ഞശേഷം  വെടിവയ്‌ക്കുകയായിരുന്നു. ട്രക്കിന്‌ തീയിടുകയും ചെയ്‌തു. ഡ്രൈവറുടെ സഹായി ഓടിരക്ഷപ്പെട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട 14 പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.
തീവ്രവാദികൾ സ്ഥാപിച്ച കുഴിബോംബ്‌ പൊട്ടി മലയാളിയടക്കം രണ്ട്‌ സൈനികർ കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ടിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top