15 December Sunday

തദ്ദേശ തെരഞ്ഞെടുപ്പ‌്: ത്രിപുരയിൽ ജനാധിപത്യം അട്ടിമറിക്കുന്നു: സിപിഐ എം

സ്വന്തം ലേഖകൻUpdated: Saturday Jul 13, 2019

ന്യൂഡൽഹി
ത്രിപുരയിൽ 27ന‌് നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ‌ിൽ പ്രതിപക്ഷ പാർടികളെ നാമനിർദേശത്തിനുപോലും അനുവദിക്കാതെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുകയാണെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ പ്രസ‌്താവനയിൽ പറഞ്ഞു. ജൂലൈ ഒന്ന‌ുമുതൽ എട്ട‌ുവരെയുള്ള പത്രികാ സമർപ്പണവേളയിൽ സിപിഐ എമ്മിന്റെയും മറ്റ‌് പ്രതിപക്ഷ പാർടികളുടെയും സ്ഥാനാർഥികളെ സായുധരായ ബിജെപിക്കാർ തടഞ്ഞു. എല്ലായിടത്തും പൊലീസ‌് കാഴ‌്ചക്കാരായി. സിപിഐ എമ്മിന്റെ സ്ഥാനാർഥികളാകാൻ സാധ്യതയുള്ളവരും നേതാക്കളും വ്യാപകമായി ആക്രമിക്കപ്പെട്ടു.

പലയിടത്തും പത്രികനൽകിയവരെ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചു. അവസാന ദിവസം 121 സ്ഥാനാർഥികൾ ഭീഷണിയെത്തുടർന്ന‌് പത്രിക പിൻവലിച്ചു.
ഇതോടെ പഞ്ചായത്ത‌് സമിതികളിലെയും പഞ്ചായത്തുകളിലെയും 90 ശതമാനം സീറ്റിലും ബിജെപിക്ക‌് എതിരില്ല. ആകെ 6111 പഞ്ചായത്ത‌് വാർഡിൽ 306 ഇടത്താണ‌് ഇടതുപക്ഷത്തിന‌് സ്ഥാനാർഥികളുള്ളത‌്. 419 പഞ്ചായത്ത‌് സമിതി സീറ്റിൽ 56ലും 116 ജില്ലാ പരിഷത്ത‌് സീറ്റിൽ 67ലുമാണ‌് ഇടതുപക്ഷ സ്ഥാനാർഥികളുള്ളത‌്. എല്ലാ ആക്രമണങ്ങളെയും അതിജീവിച്ച‌് ഈ സീറ്റുകളിൽ ഇടതുപക്ഷ സ്ഥാനാർഥികൾ ഉറച്ചുനിന്ന‌് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾ തുറന്നുകാട്ടും.

ബംഗാളിൽ പഞ്ചായത്ത‌് തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച‌് സുപ്രീംകോടതിയെ സമീപിച്ച ബിജെപിയാണ‌് ത്രിപുരയിൽ സമാന ആക്രമണം സംഘടിപ്പിക്കുന്നത‌്. ത്രിപുരയിൽ ജനാധിപത്യം അട്ടിമറിക്കുന്ന ബിജെപിക്കെതിരായി എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണം–- പിബി പ്രസ‌്താവനയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top