18 August Sunday

സ്വതന്ത്ര തെരഞ്ഞെടുപ്പ‌് ഉറപ്പാക്കണം; ത്രിപുരയിൽ കേന്ദ്രസേനയെ വിന്യസിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

ന്യൂഡൽഹി > ത്രിപുരയിൽ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ‌് ഉറപ്പാക്കാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്ന‌് സിപിഐ എം തെരഞ്ഞെടുപ്പ‌് കമീഷന‌് നിവേദനം നൽകി. അക്രമ സംഭവങ്ങളും ക്രമക്കേടുകളും ഒഴിവാക്കാൻ കമീഷൻ നിർദേശിച്ച സിസിടിവി ചിത്രീകരണവും ലൈവ‌് സ‌്ട്രീമിങ്ങും ഉൾപ്പെടെ തടസ്സപ്പെടുത്തുന്ന സാഹചര്യമാണുള്ളത‌്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ‌് ഉറപ്പാക്കണമെന്ന ഭരണഘടനാബാധ്യത കമീഷൻ നിറവേറ്റണം. അത‌് ഉറപ്പാക്കുന്നതിന‌് ത്രിപുര ഈസ‌്റ്റ‌് മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥിയായ ജിതേന്ദ്ര ചൗധരി എട്ട‌് നിർദേശം കമീഷന‌് സമർപ്പിച്ചു. 

ത്രിപുരയിലെ അടുത്തഘട്ട തെരഞ്ഞെടുപ്പിന‌് മുന്നോടിയായി ജനങ്ങൾക്ക‌് ആത്മവിശ്വാസം നൽകുന്നതിന‌് ഏപ്രിൽ 17ന‌് വൈകിട്ട‌ുമുതൽ വൻതോതിലുള്ള  പട്രോളിങ‌് എല്ലാ സുപ്രധാന പോളിങ‌് സ‌്റ്റേഷൻ മേഖലയിലും ഉറപ്പാക്കണം.  തെരഞ്ഞെടുപ്പുകൾക്ക‌് മുന്നോടിയായി നടന്ന അക്രമസംഭവങ്ങളിൽ പ്രതിയായ അക്രമികളെ ഉടൻ അറസ‌്റ്റ‌് ചെയ‌്ത‌് തെരഞ്ഞെടുപ്പ‌് പ്രക്രിയ പൂർത്തിയാകുംവരെ തടവിൽ വയ‌്ക്കണം. എല്ലാ പോളിങ‌് സ‌്റ്റേഷനുകളും കേന്ദ്ര സേനയുടെ നിയന്ത്രണത്തിലാക്കുകയും ഒരു പോളിങ‌് സ‌്റ്റേഷനിൽ കുറഞ്ഞത‌് ഏഴ‌് സൈനികരെ നിയോഗിക്കുകയും ചെയ്യുക.  എല്ലാ സംഘർഷബാധിത മേഖലയിലും കേന്ദ്ര സേനയുടെ മൂന്നിൽ കൂടുതൽ പട്രോളിങ‌് വാഹനങ്ങൾ ഉണ്ടാകണം. അനധികൃതമായി ഒരാളെയും പോളിങ‌് സ‌്റ്റേഷനുകളിൽ കടക്കാൻ അനുവദിക്കാതിരിക്കുക‌‌‌‌. പോളിങ‌് ഏജന്റുമാർ ആവശ്യപ്പെട്ടാൽ അവരെ പൊളിങ‌് സ‌്റ്റേഷനിൽ എത്തിക്കുന്നതിനും മടങ്ങിപ്പോകുന്നതിനും കമീഷന്റെ ഫ‌്ളൈയിങ‌് സ‌്ക്വാഡും പട്രോളിങ‌് വാഹനങ്ങളും ഉപയോഗിച്ച‌് സംവിധാനം ഒരുക്കുക. ബൂത്തിനു പുറത്തുള്ള വോട്ടർമാർ, വോട്ട‌് രേഖപ്പെടുത്തിക്കഴിഞ്ഞവർ എന്നിവരെ പോളിങ‌് ബൂത്ത‌് പരിസരത്ത‌് പ്രവേശിക്കാൻ അനുവദിക്കാതിരിക്കുക. രണ്ടിൽ കൂടുതൽ മോട്ടോർ സൈക്കിളുകൾ ഒരുമിച്ച‌് സഞ്ചരിക്കുന്നതും അഞ്ചിനുശേഷം പോളിങ‌് ബൂത്ത‌് പരിസരത്ത‌് പുറത്തുനിന്നുള്ള ആരെങ്കിലും പ്രവേശിക്കുന്നതും വിലക്കുക.


പ്രധാന വാർത്തകൾ
 Top