06 June Tuesday
രാഷ്‌ട്രപതിയെ കാണും‌

ത്രിപുരയിൽ അർധ ഫാസിസ്‌റ്റ്‌ തേർവാഴ്‌ച: പാർലമെന്ററി സംഘം

സ്വന്തം ലേഖകൻUpdated: Saturday Mar 11, 2023

ന്യൂഡൽഹി> ബിജെപിയുടെ കീഴിൽ ത്രിപുരയിൽ അരങ്ങേറുന്നത്‌ അർധ ഫാസിസ്‌റ്റ്‌ തേർവാഴ്‌ചയെന്ന്‌ സംസ്ഥാനം സന്ദർശിച്ച എംപിമാരുടെ വസ്‌താന്വേഷണ സമിതിയുടെ വെളിപ്പെടുത്തൽ. ക്രമസമാധാനം പൂർണമായും തകർന്ന സംസ്ഥാനത്ത്‌ നടന്നത്‌ രാജ്യത്തെവിടെയും കേട്ടുകേൾവില്ലാത്ത അക്രമങ്ങളാണെന്ന്‌ സിപിഐ എം രാജ്യസഭ കക്ഷി നേതാവ്‌ എളമരം കരീം എംപിയുടെ നേതൃത്വത്തിലുള്ള സംഘം അഗർത്തലയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ത്രിപുരയിലെ ബിജെപി അക്രമങ്ങൾ ദേശീയ പ്രശ്‌നമായി ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി തിങ്കളാഴ്‌ച ആരംഭിക്കുന്ന പാർലമെന്റ്‌ സമ്മേളനത്തിൽ ഇത്‌ ഉന്നയിക്കും. ഇരുസഭകളും നിർത്തിവച്ച്‌ ത്രിപുരയിലെ ക്രമസമാധാന തകർച്ച ചർച്ച ചെയ്യണമെനനാവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകിയെന്നും എളമരം പറഞ്ഞു. ഡൽഹിയിൽ തിരിച്ചെത്തിയാലുടൻ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട്‌ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണും. ജനാധിപത്യ മതിനിരപേക്ഷ ശക്തികളുമായി യോജിച്ച്‌ ദേശീയ പ്രക്ഷോഭ ഉയർത്തും. ത്രിപുരയിൽ അക്രമികളെ പിടികൂടാതെ ഇരകൾക്ക്‌ മേൽ ക്രിമിനൽ കേസ്‌ എടുക്കുകയാണ്‌. ക്രമസമാധാനം ഉറപ്പാക്കേണ്ട സർക്കാർ ദുരന്തമായി മാറി. രാജ്യത്തെവിടെയും ഇല്ലാത്ത സ്ഥിതിയാണ്‌ ത്രിപുരയിലേത്‌. നേരിട്ട്‌ നടത്തിയ സന്ദർശനത്തിലാണ്‌ വിവരിക്കാനാവാത്ത അക്രമങ്ങളാണ്‌ നടന്നതെന്ന്‌ തിരിച്ചറിഞ്ഞത്‌.

ബിലാസ്‌ഗഢിൽ എംപിമാരെ ബിജെപിക്കാർ ആക്രമിച്ചപ്പോൾ കോൺഗ്രസ്‌ എംഎൽഎ ഗോപാൽറായ്‌ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്കാണ്‌. മാധ്യമങ്ങൾ അക്രമങ്ങളുടെ നേർചിത്രം ജനങ്ങളിലെത്തിക്കണമെന്നും എളമരം ആവശ്യപ്പെട്ടു.  അക്രമിക്കപ്പെട്ട ഇരകളുടെ ലിസ്‌റ്റ്‌ തയ്യാറാക്കിയെന്ന്‌ പറഞ്ഞ കോൺഗ്രസ്‌ എംപി രജ്ഞിത രജ്ഞൻ , ഗുണ്ടകൾ സ്വൈര്യവിഹാരം നടത്തുമ്പോൾ ജനങ്ങൾ ഭയന്ന്‌ ജീവിക്കണമെന്ന പുതിയ നിയമമാണ്‌ ബിജെപിയടേതെന്ന്‌ കുറ്റപ്പെടുത്തി. സബ്‌ക സാഥ്‌ ,സബ്‌ക വികാസ്‌ എന്ന്‌ പറയുന്ന മോദിയും ബിജെപിയും ത്രിപുരയ്‌ക്കൊപ്പമില്ലന്ന്‌ പറഞ്ഞ സിപിഐ പ്രതിനിധി ബിനോയ്‌ വിശ്വം, വീടുകളിൽ അന്തിയുറങ്ങാൻ ആളുകൾ ഭയക്കുന്ന സ്ഥിതിയാണെന്ന്‌ വിമർശിച്ചു. ക്രമസമാധാനം പൂർണമായും തകർന്നുവെന്നും അദ്ദേഹം പറഞ്ഞു.  67 ശതമാനം വോട്ടും ബിജെപിക്ക്‌ എതിരെ പോൾ ചെയ്‌തിന്റെ വൈരാഗ്യമാണ്‌ പ്രതിപക്ഷ പ്രവർത്തകർക്ക്‌ നേരയെുള്ള ആക്രമങ്ങൾക്ക്‌ പിന്നിലുള്ളതെന്ന്‌ പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി അജോയ്‌ കുമാർ, രാജ്യത്തെവിടെയും ഈ സ്ഥിതിയില്ലന്നും കുറ്റപ്പെടുത്തി.

രാജ്യചരിത്രത്തിൽ എംപിമാരുടെ സംഘത്തെ എവിടയെും ആക്രമിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണഘടന തലവനായ ഗവർണർ ക്രമസമാധാനം ഉറപ്പാക്കണമെന്നാണ്‌ പ്രതിനിധി സംഘത്തിന്റെ ആവശ്യമെന്ന്‌ സിപിഐ എം രാജ്യസഭാംഗവും മുൻ ത്രിപുര അഡ്വക്കേറ്റ്‌ ജനറലുമായ ബികാഷ്‌ രജ്ഞൻ ഭട്ടാചാര്യ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇവർക്ക്‌ പുറമേ എംപിമാരായ പി ആർ നടരാജൻ, എ എ റഹീം, അബ്‌ദുൾ ഖലീഖ്‌, സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദർ ചൗധരി, പിസിസി പ്രസിഡന്റ്‌ ബ്രിജിത്‌ സിൻഹ എന്നിവരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top