അഗര്‍ത്തല> കലികാപുരിലെ പകുതി കത്തിയമർന്ന വീടിന്റെ മുറ്റത്തുനിന്ന് ആ മധ്യവയസ്‌ക നൊന്ത് കരയുകയായിരുന്നു. അവിടെ ബിജെപിയിൽനിന്ന് സീറ്റ് ഇടതുമുന്നണി തിരിച്ചു പിടിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ആ രാത്രി ബിജെപിക്കാർ ഇടതുപക്ഷ പ്രവർത്തകരെയും അനുഭാവികളെയും കടന്നാക്രമിച്ചു. ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തിയ വിശ്വജിത്ത് ദാസിന്റെ (യഥാർഥ പേര് ഇതല്ല, തങ്ങളുടെ പേരുകൾ പറയരുതെന്ന് ഒരുപാടുപേർ അഭ്യർഥിച്ചു) വീട് കത്തിക്കൊണ്ടിരിക്കെയാണ് ഭാര്യയും മകനും ചേർന്ന് വിശ്വജിത്തിനോട് ദൂരേക്ക് ഓടിപ്പോയിക്കൊള്ളാൻ നിർദേശിച്ചത്. അവിടെ നിന്നാൽ അയാളെ കൊല്ലുമെന്ന് അവർക്ക് ഉറപ്പായിരുന്നു.
അതു പറഞ്ഞുകൊണ്ട് മുമ്പിൽ സങ്കടത്തോടെ പകച്ചുനിന്ന സ്വന്തം മകനെ അവർ തന്നിലേക്ക് ചേർത്തുപിടിച്ചു. അവനെയും അവർ കൊല്ലുമോയെന്ന് അവർ എല്ലാവരോടുമായി ചോദിച്ചു. ഞങ്ങളുടെകൂടെ അപ്പോൾ മണിക് സർക്കാർ ഉണ്ടായിരുന്നു. ത്രിപുരയുടെ മുൻ മുഖ്യമന്ത്രി ആ അമ്മയെയും മകനെയും ആശ്വസിപ്പിച്ചു. കണ്ണീർ തോർന്നിട്ടേ ഞങ്ങൾ പോകൂവെന്ന് അദ്ദേഹം പറഞ്ഞു. മണിക്ദാ അവനോട് ചോദിച്ചു.
‘വലുതാകുമ്പോൾ നിനക്ക് ആരാകണം?' വിടർന്ന പുഞ്ചിരിയോടെ ഉറച്ച ശബ്ദത്തിൽ അവൻ പറഞ്ഞു, ‘കോമ്രേഡ്'! കനത്ത കഷ്ട നഷ്ടങ്ങൾക്കിടയിലും ത്രിപുര പുലർത്താൻ ശ്രമിക്കുന്ന ആത്മവിശ്വാസത്തിന്റെ മുഴക്കമാണ് അതെന്ന് എനിക്ക് തോന്നി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..