06 June Tuesday

ഹൃദയഭേദകം കാഴ്‌ചകൾ

എ എ റഹിംUpdated: Sunday Mar 12, 2023

ഇന്ത്യയെ മദർ ഓഫ് ഡെമോക്രസി എന്ന്‌ വിശേഷിപ്പിച്ച ജി 20 പരസ്യബോർഡുകളും കണ്ടാണ്‌ ഡൽഹിയിൽനിന്ന്‌ അഗർത്തലയിലേക്ക്‌ വിമാനം കയറിയത്‌. എന്നാൽ, ത്രിപുരയിലെത്തിയപ്പോൾ ആ പരസ്യ ബോർഡുകൾ അത്രമേൽ പരിഹാസ്യമായി തോന്നി. ത്രിപുരയിൽ ജനാധിപത്യവും നിയമവാഴ്‌ചയും തകർന്നിരിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്ന രാത്രിമുതൽ ഇടതുമുന്നണി, കോൺഗ്രസ്‌ പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളും ജീവനോപാധികളും ബിജെപിക്കാർ ആക്രമിക്കുകയാണ്‌. നൂറുകണക്കിനാളുകള്‍ പലായനം ചെയ്‌തു. മൂന്നുസംഘമായുള്ള എംപിമാരുടെ വസ്‌തുതാന്വേഷണ സംഘത്തിൽ ഞാനും ബികാഷ് രഞ്ജൻ ഭട്ടാചാര്യ (സിപിഐ എം)യും രഞ്ജിത രഞ്ജനും (കോൺഗ്രസ്‌) വൻ അക്രമം അരങ്ങേറിയ കൽക്കാലിയ ഗ്രാമമാണ്‌ ആദ്യദിനം സന്ദർശിച്ചത്‌. ഇവിടെ സിപിഐ എം പ്രവർത്തകരുടെ വീടുകളാണ്‌ കത്തിച്ചത്‌. ഒറ്റ കേസ് പോലുമില്ല. പരാതി ലഭിച്ചില്ലെന്ന് പൊലീസുകാരുടെ മറുപടി. പരാതി നൽകാൻപോലും ഇരകൾക്ക്‌ നാട്ടിലേക്ക് വരാനാകുന്നില്ല.മടങ്ങവെ. ഒരു സംഘം ഞങ്ങളുടെ വാഹനവ്യൂഹത്തിനു നേരെയും പാഞ്ഞടുത്തു. ഇതേ ക്രിമിനലുകളാണ് ഞങ്ങൾ സന്ദർശിച്ച വീടുകൾ തകർത്തത്‌. അക്ഷരാർഥത്തിൽ പ്രതികൾക്ക് സ്വൈര്യവിഹാരം.

അഗർത്തല മുനിസിപ്പൽ കോർപറേഷനിലെ സിപിഐ എം സ്ഥാനാർഥിയായിരുന്ന ദേബാശിഷ് ബർമന്റെ തകർക്കപ്പെട്ട വീട്‌ സന്ദർശിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്തും ദേബാശിഷിന്റെ വീട്‌ ആക്രമിച്ചിരുന്നു. അന്ന്‌ പരാതി നൽകാൻ ചെന്നപ്പോൾ കൂടുതൽ ആക്രമണമുണ്ടാകാതിരിക്കാൻ പരാതി നൽകേണ്ടെന്നായിരുന്നു പൊലീസ്‌ ഉപദേശം.

മോഹൻപുരിലുള്ള ഹരീനഖലയിൽ സിപിഐ എം നേതാവ് ഹർത്താൻ സർക്കാരിന്റെ വീട് പൂർണമായി അഗ്നിക്കിരയാക്കി. കേസ്‌ എടുത്തിട്ടില്ല. ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് ചെറുപ്പക്കാരാണ്. നൂറിലധികം പേർക്ക് ക്രൂരമര്‍ദ്ദനമേറ്റു. നാനൂറിലധികം പ്രവർത്തകരുടെ വീടും കടകളും തകർത്തു. എങ്കിലും, ഭയന്ന് പിന്മാറാതെ ത്രിപുരയിലെ വിപ്ലവ യൗവനം മുന്നോട്ട് പോകുന്നു.

രണ്ടാംദിനം ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അഗർത്തലയിലെ തൊഴിലാളി യൂണിയൻ ഓഫീസില്‍വച്ച് നിരവധി സിപിഐ എം പ്രവർത്തകരെയും കുടുംബാംഗങ്ങളെയും കണ്ടു. എഴുതിയാൽ തീരാത്ത ഹൃദയഭേദകമായ കാഴ്ചകളാണ് നേരിട്ട് കണ്ടത്. സായുധ പൊലീസിന്റെ വലയത്തിലുള്ള എംപിമാർപോലും ആക്രമിക്കപ്പെട്ടപ്പോള്‍ സാധാരണക്കാരുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ബിജെപിയുടെ അതിക്രമത്തിനെതിരെ ശബ്ദമുയർത്തേണ്ടത് രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്ന്‌ ത്രിപുര വിളിച്ചുപറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top