27 June Thursday

ബംഗാളിൽ അക്രമ പരമ്പര ; വ്യാപകമായി ബൂത്ത‌്കയ്യേറ്റം ; ഇടതുമുന്നണി ക്യാമ്പ് ഓഫീസുകൾ തല്ലിത്തകർത്തു

ഗോപിUpdated: Monday May 20, 2019


കൊൽക്കത്ത
ബംഗാളിൽ അന്തിമഘട്ട വോട്ടെടുപ്പ് നടന്ന ഞായറാഴ്ച ഒമ്പത് മണ്ഡലത്തിലും തൃണമൂലും  ബിജെപിയും വ്യാപകമായി അക്രമം അഴിച്ചുവിട്ടു. വ്യാപകമായി ബൂത്ത‌്കയ്യേറ്റം നടന്നു. അക്രമത്തിൽ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഉത്തര കൊൽക്കത്ത, ഡംഡം, ജാദവപ്പുർ, മധുരാപ്പുർ, ബാരസാത്ത‌്, ഡയമണ്ട‌് ഹാർബർ തുടങ്ങിയ മണ്ഡലങ്ങളിൽ ഇടതുമുന്നണി ക്യാമ്പ് ഓഫീസുകൾ തൃണമൂലുകാർ തല്ലിത്തകർത്തു. ഏജന്റുമാരെ ബൂത്തുകളിൽനിന്ന‌് പിടിച്ചിറക്കിവിട്ടു. മിക്കയിടങ്ങളിലും അക്രമം ചെറുത്ത് ജനങ്ങൾ സംഘടിതമായി വോട്ട‌് രേഖപ്പെടുത്തി.

ഉത്തര കൊൽക്കത്ത ബൽഗച്ചയിൽ മൂന്ന‌് ബൂത്തിൽനിന്ന‌് സിപിഐ എം ഏജന്റുമാരെ തൃണമൂലുകാർ മർദിച്ച് ഇറക്കിവിട്ടു. അതിൽ പ്രതിഷേധിച്ച് സ്ഥാനാർഥി കനീനി ബോസ് ധർണ നടത്തി. രബീന്ദ്ര സരണി ബാസ്തല ജങ‌്ഷനിൽ വോട്ടർമാർക്കുനേരെ ടിഎംസിക്കാർ ബോംബെറിറ്റു. ജാദവ‌്പുർ ഭംഗൂറിൽ സിപിഐ എം സ്ഥാനാർഥി വികാസ് ഭട്ടാചാര്യയെ തൃണമൂലുകാർ തടഞ്ഞു.

 സോണാപ്പുർ ജഗദ്ദലയിലെ മൂന്ന‌് ബൂത്തിൽനിന്ന‌് സിപിഐ എം ഏജന്റുമാരെ തൃണമൂലുകാർ ഇറക്കിവിട്ടു.  തുടർന്ന‌് കുറച്ചുനേരം വോട്ടെടുപ്പ് തടസ്സപ്പെട്ടു. മധുരപ്പുർ റായ്ദിഗയിൽ ബോംബാക്രമണം നടന്നു.  യന്ത്രങ്ങൾ തകരാറിലായതിനെത്തുടർന്ന‌് ധാരാളം സ്ഥലങ്ങളിൽ വോട്ടിങ‌് തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.


പ്രധാന വാർത്തകൾ
 Top