16 July Thursday
പിടിമുറുക്കി കോവിഡ്‌; ഇളവുകളോടെ കേന്ദ്രം

രാജ്യത്ത്‌ ട്രെയിൻ സർവ്വീസുകൾ ചൊവ്വാഴ്‌ച മുതൽ; ഇന്ന് മുതൽ ബുക്കിങ്‌ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Monday May 11, 2020


ന്യൂഡൽഹി> രാജ്യത്ത്‌ കോവിഡ്‌ ബാധിതർ വർധിക്കുമ്പോഴും അടച്ചിടൽ നടപടികളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്‌ കേന്ദ്രം. ചൊവ്വാഴ്‌ച മുതൽ യാത്രാ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുമെന്ന്‌ റെയിൽവേ. തിരുവനന്തപുരം അടക്കം 15 നഗരത്തിലേക്ക്‌ ഡൽഹിയിൽനിന്ന്‌ സർവീസ്‌ നടത്തും. മൂന്നാംഘട്ട അടച്ചിടൽ അടുത്ത ഞായറാഴ്‌ച അവസാനിക്കാനിരിക്കെ തിങ്കളാഴ്‌ച പകൽ മൂന്നിന്‌‌ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കോവിഡ്‌ സ്ഥിതിഗതി  വിലയിരുത്തും.

നാളെ 15 ട്രെയിൻ ഓടും
ഡൽഹിയിൽനിന്ന്‌ 15 സ്ഥലത്തേക്കും തിരിച്ചും ചൊവ്വാഴ്‌ച മുതൽ ട്രെയിനുകളോടും. എസി കോച്ചുകളാണുണ്ടാകുക. ബുക്കിങ്‌ ഐആർടിസിയിലൂടെ തിങ്കളാഴ്‌ച പകൽ നാലുമുതൽ ആരംഭിക്കും. https://www.irctc.co.in/ എന്ന വെബ്സൈറ്റ് വഴി തന്നെയാകും ഓൺലൈൻ ബുക്കിംഗ് നടത്തുക . സാധാരണ എസി നിരക്കാകും. കുറച്ച്‌ സ്‌റ്റോപ്പ്‌ മാത്രമെ ഉണ്ടാകൂ. റിസർവേഷൻ ഇന്ന്‌ വൈകിട്ട്‌ നാലിന്‌ ആരംഭിക്കും. റെയിൽവേ ടിക്കറ്റ്‌ കൗണ്ടറുകൾ തുറക്കില്ല.ഓൺലൈൻ ടിക്കറ്റ്‌ ഉള്ളവർക്ക്‌ മാത്രമാണ്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ പ്രവേശനം ഉണ്ടാകൂ.

തിരുവനന്തപുരത്തിനു പുറമെ ബംഗളൂരു, ചെന്നൈ, മുംബൈ, അഹമ്മദാബാദ്‌, ജമ്മു, മഡ്‌ഗാവ്‌, സെക്കന്തരാബാദ്‌, ഭുവനേശ്വർ, റാഞ്ചി, ബിലാസ്‌പുർ, പട്‌ന, ഹൗറ, അഗർത്തല, ദിബ്രുഗഡ്‌ എന്നിവിടങ്ങളിലേക്കാണ്‌ ട്രെയിനുകൾ. ഇവിടെനിന്ന്‌ തിരിച്ച്‌ ഡൽഹിയിലേക്കും ട്രെയിൻ ഓടും.എല്ലാ ട്രെയിനുകളും ഡൽഹിയിൽനിന്നാകും പുറപ്പെടുക.സംസ്‌ഥാനത്ത്‌ ഒമ്പത്‌ സ്‌റ്റോപ്പുകൾ ആണുണ്ടാകുക

കേരളത്തിലേക്കുള്ള ട്രെയിൻ 13ന്‌ ഉച്ചയോട്‌ കൂടിപുറപ്പെടും. ഇതേ ട്രെയിൻ 15ന്‌ വൈകീട്ട്‌ തിരുവനന്തപുരത്ത്‌നിന്ന്‌ ഡൽഹിയിലേക്ക്‌ തിരിക്കും. കേരളത്തിൽ കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌, ഷൊർണൂർ . തൃശൂർ, എറണാകുളം ജങ്ഷൻ , ആലപ്പുഴ, കൊല്ലം, എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌  ഉണ്ടായിരിക്കും

ന്യൂഡൽഹി–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലും തിരുവനന്തപുരം–ന്യൂഡൽഹി  ചൊവ്വ, വ്യാഴം. വെള്ളി ദിവസങ്ങളിലും സർവീസ്‌ നടത്തിയേക്കും.ട്രെയിനുകളുടെ അന്തിമ സമയപട്ടിക വൈകാതെ പുറത്തുവിടുമെന്ന്‌ റെയിൽവേ അറിയിച്ചു.എ സി കോച്ചുകൾ ആണെങ്കിലും താപനില അൽപം ഉയർത്തിവെക്കും.  ട്രെയിനുകളിൽ പുതപ്പ്‌ നൽകില്ല.

യാത്രക്കാർക്ക്‌ മാസ്ക് നിർബന്ധം. സാമൂഹ്യ അകലം പാലിക്കണം. ടിക്കറ്റുള്ളവർക്കു മാത്രം സ്‌റ്റേഷനുകളിൽ വരാൻ അനുമതി. സ്‌ക്രീനിങ്ങുണ്ടാകും. പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവരെ മാറ്റിനിർത്തും. ഉത്തരേന്ത്യയിലടക്കം കുടുങ്ങിയ മലയാളി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ പ്രത്യേക ട്രെയിനിന്‌ ശ്രമിക്കുന്നതിനിടെയാണ്‌ തിരുവനന്തപുരത്തേക്ക്‌ അടക്കം റെയിൽവേ സർവീസ്‌ പുനരാരംഭിക്കുന്നത്‌. 

പ്രധാനമന്ത്രിയുടെ കോൺഫറൻസ് ഇന്ന്‌
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ അഞ്ചാമത്‌ കൂടിക്കാഴ്ചയാണ് തിങ്കളാഴ്‌ച പകൽ മൂന്നിന്‌ നടക്കുക‌‌. 17നുശേഷം സ്വീകരിക്കേണ്ട നടപടി ചർച്ച ചെയ്യും.  രോഗം നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തികപ്രവർത്തനങ്ങൾ വർധിപ്പിക്കുകയെന്ന നിർദേശം സംസ്ഥാനങ്ങൾ മുന്നോട്ടുവച്ചതായി കേന്ദ്രം. റെഡ്‌ സോണുകളിൽ നിയന്ത്രണങ്ങൾ തുടർന്നുകൊണ്ട്‌ മറ്റിടങ്ങളിൽ പരാമവധി ഇളവ്‌  നൽകിയേക്കും.നൽകിയേക്കും.


പ്രധാന വാർത്തകൾ
 Top