20 September Friday

മഹാരാഷ്‌ട്രയിൽ പ്രളയം: ട്രെയിൻ വെള്ളത്തിൽ കുടുങ്ങി; 700 യാത്രക്കാരെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2019

മുംബൈ
മഹാരാഷ്ട്രയിൽ താനെ ജില്ലയിലും കൊങ്കൺ മേഖലയിലും വെള്ളപ്പൊക്കം രൂക്ഷം. ഉല്ലാസ്‌ നദി കരകവിഞ്ഞ്‌ ബദലാപുരിൽ  ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസിലെ 700 യാത്രക്കാരെ രക്ഷപ്പെടുത്തി. യാത്രക്കാരെ പ്രത്യേക ട്രെയിനിൽ കോലാപുരിൽ എത്തിക്കും.  മുംബൈയിൽനിന്ന്‌ കോലാപുരിലേക്ക്‌ പുറപ്പെട്ട ട്രെയിൻ വെള്ളിയാഴ്‌ച വൈകിട്ടാണ്‌ ട്രാക്കിൽ കുരുങ്ങിയത്‌. ട്രെയിനിനുചുറ്റും ആറടിയോളം വെള്ളംപൊങ്ങി.  ബദലാപുരിന് സമീപം വങ്കാനി ഗ്രാമത്തിലാണ്‌ ട്രാക്കിൽ വെള്ളം കയറിയത്. 
ദേശീയ ദുരന്തനിവാരണ സേനയുടെയും സൈന്യത്തിന്റെയും നാവിക സേനയുടെയും നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ  മുഴുവൻ യാത്രക്കാരെയും സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റി.

മഴ കനത്തതിനാൽ  വ്യോമസേനയുടെ രണ്ട്‌ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനം നടത്താനാകാതെ മടങ്ങി. 
ആവശ്യത്തിന്‌ വെള്ളവും ഭക്ഷണവുമില്ലാതെ യാത്രക്കാർ 18 മണിക്കൂറോളം ട്രെയിനിൽ കുടുങ്ങി. സഹായം എത്തിക്കുംവരെ ട്രെയിനിൽനിന്ന്‌ പുറത്തുകടക്കാൻ ശ്രമിക്കരുതെന്ന്‌ റെയിൽവേ നിർദേശം നൽകി. ശനിയാഴ്‌ച ഉച്ചയോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. സിറ്റി പൊലീസ്‌ യാത്രക്കാർക്ക്‌ വെള്ളവും ഭക്ഷണവും വിതരണംചെയ്‌തു.

അതേസമയം, മഹാരാഷ്‌ട്രയിൽ രണ്ട് ദിവസംകൂടി ശക്തമായ മഴ തുടരുമെന്നും കൊങ്കൺ മേഖലയിൽ ഈമാസം അവസാനംവരെ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചു. കനത്ത മഴയെത്തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മുംബൈയുടെ താഴ്ന്ന പ്രദേശങ്ങളായ സയൺ, കുർള, ദാദർ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.  റായ്‌ഗഡ്‌, രത്നഗിരി, സിന്ധുദുർഗ്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. മുംബൈ റെയിൽവേ ഡിവിഷനിലെ ഒമ്പത്‌ ട്രെയിനുകൾ വഴിമാറ്റി. രണ്ട് ട്രെയിനുകൾ റദ്ദാക്കി. മൂന്നെണ്ണം ദൂരം വെട്ടിച്ചുരുക്കി.

മഴയിൽ വ്യോമഗതാഗതവും താറുമാറായി. താനെയിലെ പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം പൊങ്ങി. മുംബൈ വിമാനത്താവളത്തിൽനിന്ന്‌ ശനിയാഴ്‌ച രാവിലെ പുറപ്പെടേണ്ടിയിരുന്ന 11 സർവീസുകൾ റദ്ദാക്കി. 17 വിമാനങ്ങൾ സമീപത്തെ വിമാനത്താവളങ്ങളിലേക്ക്‌ വഴിതിരിച്ചുവിട്ടു.
പൂർണഗർഭിണി ട്രെയിനിൽ പ്രസവിച്ചു

മഹാലക്ഷ്‌മി എക്‌സപ്രസിൽ കുടുങ്ങിയ ഒൻപത്‌ മാസം ഗർഭിണിയായ സ്‌ത്രീ പ്രസവിച്ചു. പരിഭ്രാന്തരായ ബന്ധുക്കൾ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാനായി സഹായം അഭ്യർഥിച്ചെങ്കിലും സാധിച്ചില്ല. പ്രസവത്തിനായി കോലാപുരിലേക്ക്‌ പോകുകയായിരുന്ന രേശ്‌മ കാബ്ലെയാണ്‌ ട്രെയിനിൽ പ്രസവിച്ചത്‌.
യാത്രക്കാരിൽ ഒമ്പത്‌ ഗർഭിണികളുണ്ടായിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top