21 August Wednesday

കേബിള്‍ ടിവി മേഖലയിലെ ട്രായ് നിയന്ത്രണം: അപ്പീലും തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019

കൊച്ചി> പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരും അവർക്ക് സിഗ്‌നലുകൾ നൽകുന്ന മൾട്ടി സിഗ്‌നൽ ഓപ്പറേറ്റമാരും തമ്മിലുള്ള വരുമാനം പങ്കിടുന്നതിലെ തർക്കം പരിഹരിക്കാൻ ടെലികോം തർക്ക പരിഹാര അപ്പല്ലേറ്റ് ട്രിബ്യൂണലിനെ (ടിഡിസാറ്റ്) സമീപിക്കണമെന്ന് ഹൈക്കോടതി. വരുമാനം പങ്കിടുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിശ്ചയിച്ച 55:45 എന്ന അനുപാതം സ്വീകാര്യമല്ലെന്നും നിയന്ത്രണങ്ങളും താരിഫും നിശ്ചയിക്കാൻ ട്രായ്ക്ക് അധികാരമില്ലെന്നുമാരോപിച്ച് എറണാകുളം വെണ്ണലയിലെ കേബിൾ ഓപ്പറേറ്റേഴ്‌സ് വെൽഫെയർ അസോസിയേഷനും കേബിൾ ഓപ്പറേറ്റർമാരും നൽകിയ അപ്പീലുകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ടെലികോം (ബ്രോഡ്കാസ്റ്റ് ആൻഡ് കേബിൾ) സർവീസ് ഇന്റർ കണക്ഷൻ റെഗുലേഷൻസ് 2017 ലെ വ്യവസ്ഥകളെയാണ് അപ്പീലിൽ ചോദ്യം ചെയ്തിരുന്നത്. വരുമാനം പങ്കിടാനുള്ള അനുപാതം സംബന്ധിച്ച തർക്കം പരിഹരിക്കാൻ ടിഡിസാറ്റിനെ സമീപിക്കാൻ സിംഗിൾബെഞ്ചും നിർദേശിച്ചിരുന്നു. ഈ വിധിയിൽ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീലുകൾ ഡിവിഷൻ ബെഞ്ച് തള്ളിയത്. ട്രായിയുടെ നിർദേശ പ്രകാരം വരുമാനത്തിന്റെ 55 ശതമാനം മൾട്ടി സിഗ്‌നൽ ഓപ്പറേറ്റർക്കും 45 ശതമാനം പ്രാദേശിക കേബിൾ ഓപ്പറേറ്റർക്കും ലഭിക്കണം. ഈ നിർദേശം വരുന്നതിന് മുമ്പ് വരുമാനത്തിന്റെ വലിയൊരു പങ്ക് പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കാണ് ലഭിച്ചിരുന്നത്.


പ്രധാന വാർത്തകൾ
 Top