19 February Tuesday

ആധാര്‍ സുരക്ഷാ വെല്ലുവിളി : ട്രായ് തലവൻ ‘വിവരമറിഞ്ഞു’

പി ആർ ചന്തുകിരൺUpdated: Monday Jul 30, 2018ന്യൂഡൽഹി
ആധാർ സുരക്ഷിതമാണെന്ന് സ്ഥാപിക്കാന്‍ സ്വന്തം സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ ആധാർ നമ്പർ പരസ്യപ്പെടുത്തി വെല്ലുവിളിച്ച ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) തലവൻ ആർ എസ് ശർമയുടെ വ്യക്തിവിവരങ്ങൾ മണിക്കൂറുകള്‍ക്കകം ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തി. പാൻകാർഡ് നമ്പർ, മൊബൈൽഫോൺ നമ്പർ തുടങ്ങിയ സുപ്രധാന വിവരങ്ങൾ ചോര്‍ത്തിയെടുത്ത ഹാക്കർമാർ ശർമയുടെ മെയിൽ ഐഡിയിലും കടന്നുകയറി. വ്യക്തിവിവരം സംരക്ഷിക്കുന്നതിനായി ഡാറ്റ ചോര്‍ച്ച ഒഴിവാക്കാന്‍ ആധാർ നിയമത്തിൽ ഭേദഗതിയടക്കം നിർദേശിച്ച് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി ശുപാർശ കേന്ദ്ര സർക്കാരിന് സമർപ്പിച്ചതിനുപിന്നാലെയാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്.

യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടെ മുൻ ഡയറക്ടർ ജനറൽകൂടിയായ ശർമ, ആധാർ നമ്പർ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയാണ്  തന്റെ സ്വകാര്യത ഹനിക്കുന്നനിലയിൽ ഹാക്കര്‍മാര്‍ക്ക്  എന്തുചെയ്യാനാകുമെന്ന് വെല്ലുവിളിച്ചത്. തൊട്ടുപിന്നാലെ  ഫ്രഞ്ച് സുരക്ഷാ വിദഗ്ധൻ എലിയറ്റ് ആൻഡേഴ്സൺ ശര്‍മയുടെ ആധാറുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഇടപാടുകള‍ുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ശര്‍മയുടെ ആധാർ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോൺ നമ്പർ,  ശർമയുടെ സെക്രട്ടറിയുടെ നമ്പരാണെന്നായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ശര്‍മയുടെ വാട്സാപ‌് പ്രൊഫൈൽ ചിത്രം, പാൻകാർഡ് വിവരങ്ങൾ, ജനന തീയതി, വിലാസം തുടങ്ങിയവയും പുറത്തുവിട്ടു. താൻ ഇവിടെ നിർത്തുന്നുവെന്നും ആധാർ നമ്പർ പുറത്താക്കുന്നത് യുക്തിയല്ലെന്ന് താങ്കൾക്ക് മനസ്സിലായിട്ടുണ്ടാകുമെന്നും എലിയറ്റ് ആൻഡേഴ്സൺ കുറിച്ചു. ആധാറിനുവേണ്ടി വാദിക്കുന്ന ശർമ തന്റെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന വിവരവും പുറത്തുവന്നു. ആധാർ സ്വകാര്യതയ്ക്കുമേൽ ഒരു പേടിസ്വപ്നമാണെന്നും കഴിയുമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആധാര്‍ എടുത്തിട്ടുണ്ടെങ്കില്‍ അതു പുറത്തുവിടാനും വെല്ലുവിളിച്ചു.

ആൻഡേഴ്സൺ പുറത്തുവിട്ട വിവരങ്ങൾ ഉപയോഗിച്ച് മറ്റ് ഹാക്കര്‍മാര്‍ ശര്‍മയുടെ കൂടുതല്‍ സ്വകാര്യവിവരങ്ങള്‍ പുറത്തുവിട്ടു. എയർ ഇന്ത്യയിലെ ശർമയുടെ 'ഫ്രീക്വന്റ് ഫ്ളൈയിങ് നമ്പർ' ഹാക്കർമാർ സ്വന്തമാക്കി. ശർമയുടെ ചാറ്റ് ഹാക്ക് ചെയ്താണ് ഇത് നേടിയത്. ജി മെയിൽ അക്കൗണ്ടിന്റെ സുരക്ഷാചോദ്യത്തിന്റെ ഉത്തരവും ഈ നമ്പരായിരുന്നു. ശർമയുടെ യാഹൂമെയിൽ ഐഡിയും ഹാക്കർമാർ കണ്ടെത്തി. ഈ നമ്പർ ഉപയോഗിച്ച് വ്യാജ ആധാര്‍കാര്‍‌ഡ് ഉണ്ടാക്കി ഒരു ഹാക്കര്‍ ഫെയ‌്സ‌്ബുക്കിലും ആമസോണിലും സ്വന്തം തിരിച്ചറിയൽരേഖയായി അത‌്‌ അപ്ലോഡ് ചെയ്തതായി വെളിപ്പെടുത്തി.

എന്നാല്‍, ഈ പുറത്തുവിട്ട വിവരങ്ങളൊന്നും തന്റെ സുരക്ഷയെ ബാധിക്കുന്നതല്ലെന്ന് അവകാശപ്പെട്ട് ശർമ രംഗത്തെത്തി. ഇതൊക്കെ പരസ്യമായ വിവരങ്ങളാണെന്നും വെല്ലുവിളി ജയിക്കാൻ ആർക്കും ആയില്ലെന്നുമാണ് ശർമ അവകാശപ്പെടുന്നത്. യുഐഡിഎഐ വെബ്സൈറ്റിൽനിന്ന് വിവരങ്ങൾ ഒന്നും ചോർന്നിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ആധാർ ഡേറ്റാ ബേസ് സുരക്ഷിതമാണെന്നും ഇവർ പറയുന്നു. വിവിധ സർക്കാർ വെബ്സൈറ്റുകളിൽനിന്ന് ലക്ഷക്കണക്കിന് ആധാർ വിവരങ്ങൾ മുമ്പ‌് ചോർന്നിരുന്നു. 500 രൂപയ്ക്കുമുതല്‍ ആവശ്യപ്പെടുന്നത്ര ആധാർ വിവരങ്ങൾ ചോർത്തുന്ന സംഘങ്ങള്‍ രാജ്യത്ത് സജീവമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ നടപ്പാക്കിയ ആധാർ വിവരശേഖരണം ഒട്ടും സുരക്ഷിതമല്ലെന്നും  ഒരു ലക്ഷത്തിലേറെ അനധികൃത ഉപയോക്താക്കൾ ഉണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അമേരിക്കൽ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ ആധാർ വിവരങ്ങൾ ചോർത്തിയതായി വിക്കിലീക്ക്സ് വെളിപ്പെടുത്തിയിരുന്നു.

പ്രധാന വാർത്തകൾ
 Top