19 March Tuesday

ടോം വടക്കൻ ബിജെപിയിലെത്തിയത‌് മാസങ്ങൾ നീണ്ട ചർച്ചയ‌്ക്ക‌ുശേഷം; ചുക്കാൻ പിടിച്ചത‌് ആർഎസ‌്എസ‌് നേതാവ‌് രാകേഷ‌് സിൻഹ

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

ന്യൂഡൽഹി> കോൺഗ്രസ‌് നേതാവ‌് ടോം വടക്കനെ കോൺഗ്രസിൽനിന്ന‌് അടർത്തിയെടുക്കുന്നതിൽ ചുക്കാൻ പിടിച്ചത‌് ബിജെപിയുടെ രാജ്യസഭാംഗമായ ആർഎസ‌്എസ‌് നേതാവ‌് രാകേഷ‌് സിൻഹ. ചാനൽ ചർച്ചകളിലൂടെ രൂപപ്പെട്ട സൗഹൃദമാണ‌് ഇവരുടേത‌്. ഇരുവരും നിരവധി ടിവി ചർച്ചകളിൽ ഒന്നിച്ച‌് പ്രത്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസിൽ വടക്കന‌് അവഗണനയാണെന്ന‌് മനസ്സിലാക്കിയ സിൻഹ ബിജെപിയിലേക്ക‌് ക്ഷണിക്കുകയായിരുന്നു.  മാറ്റം സംബന്ധിച്ച‌് മാസങ്ങളായി ചർച്ച നടക്കുകയാണ‌്.

ബിജെപിയുടെ വാഗ‌്ദാനങ്ങളിൽ വടക്കൻ തൃപ‌്തനായിരുന്നില്ല. ബുധനാഴ‌്ച വൈകുന്നേരവും വടക്കൻ രാകേഷ‌് സിൻഹയെ വീട്ടിലെത്തി കണ്ടിരുന്നു.തുടർന്ന‌് രാത്രി പത്തോടെ ഫോണിൽ വിളിച്ച‌് ബിജെപിയിൽ ചേരുന്നതിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. തുടർന്ന‌് അർധരാത്രിയിൽ വടക്കനും രാകേഷ‌് സിൻഹയും ബിജെപിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി രാംലാലും അടിയന്തര കൂടിക്കാഴ‌്ച നടത്തി. ബിജെപിയിൽ ചേരുന്നതിനുള്ള അവസാന വിലപേശൽ ഈ യോഗത്തിലാണുണ്ടായത‌്.

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം ലഭിക്കുന്നതിനേക്കാൾ തെരഞ്ഞെടുപ്പിന‌ുശേഷം കാര്യമായ സ്ഥാനമാനങ്ങൾ ലഭിക്കുമെന്ന ഉറപ്പായിരുന്നു വടക്കന‌് വേണ്ടിയിരുന്നത‌്. രാംലാലും സിൻഹയും അമിത‌് ഷായുമായി ബന്ധപ്പെട്ട‌് ഇക്കാര്യത്തിൽ ഉറപ്പുവാങ്ങിക്കൊടുത്തു. ഇതോടെ ബിജെപിയിൽ അംഗത്വമെടുക്കാൻ വടക്കൻ സമ്മതം അറിയിച്ചു. രാഹുൽ കേരളം സന്ദർശിക്കുന്ന വ്യാഴാഴ‌്ചതന്നെ ബിജെപി ഓഫീസിലെത്തി മാധ്യമങ്ങൾക്ക‌് മുമ്പാകെ ബിജെപിയിൽ ചേരാനും തീരുമാനമായി. അവസാന നിമിഷംവരെ എല്ലാം രഹസ്യമായി വയ‌്ക്കുന്നതിൽ ബിജെപി വിജയിച്ചു.

വ്യാഴാഴ‌്ച തൃണമൂൽ എംഎൽഎ അർജുൻ സിങ‌് ബിജെപിയിൽ ചേരുമെന്ന‌് രാവിലെതന്നെ മാധ്യമങ്ങൾക്ക‌് അറിയിപ്പ‌് ലഭിച്ചിരുന്നു. എന്നാൽ, വടക്കന്റെ കാര്യം അപ്പോഴും ബിജെപി വെളിപ്പെടുത്തിയില്ല. തുടർന്നാണ‌് പ്രത്യേക വാർത്താസമ്മേളനത്തിൽ രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ വടക്കൻ ബിജെപി പ്രവേശം പ്രഖ്യാപിച്ചത‌്. കോൺഗ്രസ‌് വിടുന്നതിന‌് കാരണമായി പുൽവാമ സംഭവം മുന്നോട്ടുവച്ചതും ബോധപൂർവമാണ‌്. ബിജെപി മുഖ്യതെരഞ്ഞെടുപ്പ‌് വിഷയമായി പുൽവാമ സംഭവം ഉയർത്താനുള്ള ശ്രമത്തിലാണ‌്. ഈ വിഷയത്തിലെ കോൺഗ്രസ‌് നിലപാടിൽ പ്രതിഷേധിച്ച‌് മുതിർന്ന നേതാക്കളടക്കം കോൺഗ്രസ‌് വിടുന്നുവെന്ന‌് ദേശീയതലത്തിൽ പ്രചാരം നടത്താനാകും ബിജെപി ശ്രമിക്കുക.
 
ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് ഒരുമാസംമാത്രം ശേഷിക്കെയാണ‌് കോൺഗ്രസിന‌് കനത്ത ആഘാതമേൽപ്പിച്ച‌് വടക്കന്റെ കൂറുമാറ്റം. ബിജെപി നേതൃത്വം ആവശ്യപ്പെട്ടാൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന സൂചനയും വടക്കൻ നൽകി. സോണിയ ഗാന്ധി കോൺഗ്രസ‌് അധ്യക്ഷയായിരിക്കെ കോൺഗ്രസിൽ കാര്യമായ പരിഗണന കിട്ടിയിരുന്ന വടക്കൻ എന്നാൽ കഴിഞ്ഞ കുറേനാളുകളായി പാർടിയിൽ ഒറ്റപ്പെട്ട നിലയിലാണ‌്. കോൺഗ്രസിലെ മാധ്യമവിഭാഗത്തിലും വടക്കന‌് കാര്യമായ പരിഗണന കിട്ടിയിരുന്നില്ല. രാഹുലിന്റെ വിശ്വസ‌്തരായ രൺദീപ‌് സിങ‌് സുർജെവാലയും പ്രിയങ്ക ചതുർവേദിയുമാണ‌് നിലവിൽ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്നത‌്. വാർത്താസമ്മേളനങ്ങളിലും മറ്റും അപൂർവമായാണ‌് വടക്കൻ പ്രത്യക്ഷപ്പെടാറുള്ളത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top