22 September Sunday

ജാതിയില്ലാത്തവരുടെ സംഗമഭൂമിയായി തഞ്ചാവൂർ; സമ്മേളനം സമാപിച്ചു

സ്വന്തം ലേഖികUpdated: Monday Aug 19, 2019

തൊട്ടുകൂടായ്മ നിർമാർജന മുന്നണി സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യുന്നു

തഞ്ചാവൂർ > പല ദേശങ്ങളിൽനിന്ന്‌ വന്നവരാണെങ്കിലും പരസ്‌പരം അവർ പങ്കിട്ടതെല്ലാം ഒരേദുഃഖം. അവരുടെ നോവുകൾക്കെല്ലാം  ഒരേ വേദനയുടെ, കണ്ണീരിന്റെ നൊമ്പരമായിരുന്നു. ജാതിക്കെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ  പ്രിയപ്പെട്ടവരെ നഷ്ടമായവരും അക്രമത്തിനിരയായവരുമെല്ലാം അവരിലുണ്ടായി. തഞ്ചാവൂരിൽ ശനിയാഴ്ച സമാപിച്ച തൊട്ടുകൂടായ്‌മ നിർമാർജന മുന്നണി (ടിഎൻയുഇഎഫ്‌) തമിഴ്‌നാട്‌ സംസ്ഥാന സമ്മേളനമാണ്‌ ജാതിക്കെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ അക്രമത്തിനിരയായവരുടെയും കൊല്ലപ്പെട്ടവരുടെ  ബന്ധുക്കളുടെയും സംഗമവേദിയായത്‌.

ശനിയാഴ്‌ച വൈകിട്ട്‌ തമിഴ്‌നാട്‌ ട്രാൻസ്‌പോർട്ട്‌ കോർപറേഷൻ ഡിപ്പോയിൽനിന്ന്‌ തിലഗർ തിടലിലേക്ക്‌ നടന്ന പ്രകടനത്തിൽ പതിനായിരങ്ങൾ അണിചേർന്നു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്തു. ടിഎൻയുഇഎഫ്‌ സീനിയർ പ്രസിഡന്റ്‌ പി സമ്പത്ത്‌ അധ്യക്ഷനായി. പ്രസിഡന്റ്‌ ടി ചെല്ലക്കണ്ണ്‌, ജന. സെക്രട്ടറി പി സാമുവൽരാജ്‌, ട്രഷറർ ഇ മോഹന, കർഷക സംഘം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം എന്നിവർ സംസാരിച്ചു.

ജാതിവെറിക്ക്‌  ഇരയായവരുടെ അനുഭവ കഥകൾ  തമിഴ്‌നാടിന്റെ പൊള്ളിക്കുന്ന സാമൂഹ്യാന്തരീക്ഷത്തിന്റെ നേർക്കാഴ്ചയായി. സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ ജാതി മാത്രമാണ്‌ തങ്ങളുടെതെന്നും ഈ കൂട്ടായ്‌മ ഓർമിപ്പിച്ചു. ഇനിയുമെന്തൊക്കെ നഷ്ടമായാലും പ്രിയപ്പെട്ടവരുടെ ഓർമയിൽ, കൂടുതൽ കരുത്തോടെ ജാതിക്കെതിരായ പോരാട്ടത്തിൽ മുന്നണിപ്പോരാളികളായി നിൽക്കുമെന്ന ഉറച്ച ചുവടുകളുമായാണ്‌ അവർ സമ്മേളന നഗരി വിട്ടത്‌.

തിരുനെൽവേലിയിൽ മേൽജാതിക്കാരാൽ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ അശോകിന്റെ സഹോദരൻ സതീഷ്‌ സമ്മേളനത്തിന്‌ ഐക്യദാർഢ്യവുമായി എത്തി. കീഴ്‌ജാതിക്കാരിയായതിനാൽ സ്‌കൂളിലേക്ക്‌ പ്രവേശനം നിഷേധിച്ച പാചകത്തൊഴിലാളി പാപ്പാമ്മാൾ, അന്യജാതിക്കാരനെ വിവാഹം കഴിച്ചതിനാൽ കൊല്ലപ്പെട്ട അരിയലൂരിലെ നന്ദിനിയുടെ സഹോദരി ശിവരഞ്ജിനി, കീഴ്‌ജാതിക്കാർക്ക്‌ ക്ഷേത്രപ്രവേശനം സാധ്യമാക്കാൻ പോരാടിയതിന്‌ ആക്രമിക്കപ്പെട്ട കെ അബിമന്നൻ എന്നിവർ സംസാരിച്ചു.

ദളിത്‌ ശോഷൻ മുക്തി മഞ്ച്‌ പ്രസിഡന്റ്‌ കെ രാധാകൃഷ്ണൻ, വൈസ്‌ പ്രസിഡന്റ്‌ സുഭാഷിണി അലി, വിവിധ ജാതി വിരുദ്ധ  സംഘടനാ പ്രവർത്തകർ, ചലച്ചിത്രകാരന്മാർ എന്നിവർ വിവിധ ദിനങ്ങളിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ചെല്ലക്കണ്ണ്‌ പ്രസിഡന്റ്‌, സാമുവൽ രാജ്‌ ജനറൽ സെക്രട്ടറി

തഞ്ചാവൂർ > തഞ്ചാവൂരിൽ നടന്ന തൊട്ടുകൂടായ്മ നിർമാർജന മുന്നണി സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി സമ്പത്ത്‌ (സീനിയർ പ്രസിഡന്റ്‌), ടി ചെല്ലക്കണ്ണ്‌ (പ്രസിഡന്റ്‌), പി സാമുവൽ രാജ്‌ (ജന. സെക്രട്ടറി), ഇ മോഹന (ട്രഷറർ) .

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top