20 May Friday

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി; മൂന്നു നാവികര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

മുംബൈ
രാജ്യത്തെ ഞെ‌ട്ടിച്ച് മുംബൈ കപ്പല്‍നിര്‍മാണശാലയിലെ അതീവ സുരക്ഷാമേഖലയില്‍ നാവികസേനയുടെ യുദ്ധക്കപ്പലില്‍ പൊട്ടിത്തെറി. മൂന്ന് നാവികസേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.  11 നാവികസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

പടുകൂറ്റന്‍ കപ്പലുകള്‍ക്കും കപ്പല്‍ പടയ്ക്കും കാവല്‍പോകുന്ന, മിസൈല്‍ തൊടുക്കാന്‍ ശേഷിയുള്ള രജപുത് ക്ലാസ് ഡിസ്ട്രോയര്‍ വിഭാഗത്തിലുള്ള നാലാമത്തെ കപ്പലായ ഐഎന്‍എസ് രണ്‍വീറില്‍ ചൊവ്വ വൈകിട്ട് അഞ്ചരയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കാരണം വ്യക്തമല്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് നാവികസേന അറിയിച്ചു.  കപ്പലിലെ ഉള്‍ഭാ​ഗത്തെ കംപാര്‍ട്ടുമെന്റിലാണ് പൊട്ടിത്തെറി. ഉടൻ സമയോചിതമായി ഇടപെട്ട  ഉദ്യോഗസ്ഥർ സ്ഥിതിഗതി നിയന്ത്രണ വിധേയമാക്കിയെന്നും കപ്പലിന്‌ കാര്യമായ കേടുപാട്‌ ഇല്ലെന്നും പ്രതിരോധമന്ത്രാലയം പ്രസ്‌താവന ഇറക്കി.

അപകടത്തിന്‌ ആയുധങ്ങളുമായോ സ്‌ഫോടകവസ്‌തുക്കളുമായോ ബന്ധമില്ലെന്നും  പ്രതിരോധമന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ ബോർഡിന് രൂപംനൽകി. മരിച്ച ഉദ്യോ​ഗസ്ഥരെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശം പുറത്തുവിട്ടിട്ടില്ല.

ഐഎൻഎസ് 
രൺവീർ രാജ്യത്തിന്റെ പോരാളി
ഇന്ത്യൻ നാവികസേനയുടെ അഞ്ച് രജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളിൽ നാലാമത്തേതാണ് ഐഎൻഎസ് രൺവീർ. 1986 ഒക്ടോബര്‍ 28 ന് കമീഷന്‍ ചെയ്തു. ഉക്രൈനിലാണ് നിര്‍മിച്ചത്. കിഴക്കന്‍ നാവിക കമാന്‍ഡിനാണ് ചുമതല. 147 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേ​ഗമുണ്ട്. അന്തര്‍വാഹിനികള്‍, താഴ്‌ന്ന്‌ പറക്കുന്ന വിമാനങ്ങള്‍, ക്രൂയിസ് മിസൈല്‍ എന്നിവയില്‍നിന്നും നാവികസേനയ്ക്ക് സുരക്ഷയൊരുക്കുകയാണ് ചുമതല.
നാവികസേന മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ആദ്യകാലത്ത് ഐഎന്‍എസ് രണ്‍വീര്‍ കമാന്‍ഡറായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top