ന്യൂഡല്‍ഹി > പുതിയ ദേശീയ വിദ്യാഭ്യാസനയ കരടുരേഖയില്‍ പ്രൈമറി തലത്തില്‍ ഹിന്ദി ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കണമെന്ന ത്രിഭാഷ പദ്ധതി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ. രാജ്യത്തെ ഭാഷാ വൈവിധ്യം ആഘോഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നിലപാടാണ് തുടരേണ്ടത്. എല്ലാ പ്രദേശിക ഭാഷകളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. പ്രാദേശിക ഭാഷകള്‍ക്കു മുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തിന്റെയും ഹിന്ദിയുടെയും മഹിമ വര്‍ധിപ്പിക്കില്ല. സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണമെന്ന് അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവും ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എല്ലാ ഭാഷകളും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങളാണ് രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളെല്ലാം നടപ്പാക്കിയിട്ടുള്ളത്. സ്വതന്ത്ര്യസമര പോരാട്ടം ഉള്‍ക്കൊണ്ട സത്തയും അതുതന്നെയാണ്. ഹിന്ദി സംസാരിക്കുന്നവരും അല്ലാത്തവരുമായി എല്ലാ ജനങ്ങളും നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്പ്പത്തിന് എതിരായ അടിച്ചേല്‍പ്പിക്കലിനെതിരെ രംഗത്തുവരണം. ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിച്ചുകൊണ്ട് ഇടുങ്ങിയ ദേശീയതാ സങ്കല്‍പ്പം സ്ഥാപിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കണമെന്ന് എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി ആഹ്വാനം ചെയ്തു.