21 September Saturday

ഗുരു രവിദാസ് ക്ഷേത്രം പൊളിച്ചുനീക്കിയതിനെതിരെ ദളിത് പ്രക്ഷോഭം ശക്തമാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

ന്യൂഡല്‍ഹി> സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് തുഗ്ലക്കാബാദില്‍ ഡല്‍ഹി വികസന അതോറിറ്റി(ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി) ഗുരു രവിദാസ് ക്ഷേത്രം പൊളിച്ചുനീക്കിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ക്ഷേത്രം പൊളിച്ചുനീക്കിയതിന് പിന്നില്‍ ദളിതര്‍ക്കെതിരായ ഡല്‍ഹി വികസന അതോറിറ്റിയുടെ ഗൂഢാലോചനയാണുള്ളതെന്ന് ശ്രീ ഗുരുദാസ് സംഘര്‍ഷ് സമിതി അധ്യക്ഷന്‍ റോബിന്‍ സാംപ്ല ആരോപിച്ചു.

 ദളിത് സംഘടനയുടെ നേതൃത്വത്തില്‍ വന്‍ ബഹുജന റാലിയാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഇന്ന് നടന്നത്. കോണ്‍ഗ്രസും അകാലി ദളും രവിദാസികള്‍ക്ക് പിന്തുണയുമായി എത്തിയപ്പോള്‍ കോടതിയും കേന്ദ്ര സര്‍ക്കാരുമാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലാണ് ആം ആദ്മി സര്‍ക്കാര്‍.
 
തുഗ്ലക്കാബാദ് വനപ്രദേശത്ത് ക്ഷേത്രം നിലനിന്നിരുന്ന അതേ സ്ഥലത്തോ മറ്റൊരു സ്ഥലത്തോ ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ചത്തെ റാലിയിലുടനീളം ബ്രാഹ്മണിസത്തിനെതിരായ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിരുന്നു.

അഞ്ചു നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ഷേത്രം പൊളിച്ചുനീക്കിയതില്‍ കടുത്ത രോഷമാണ് പ്രക്ഷോഭകര്‍ പ്രകടിപ്പിച്ചത്. ക്ഷേത്രം പൊളിച്ചതിനു പിന്നിലെ ഏകകാരണം ദളിത് വിരുദ്ധതയാണെന്ന് സമരക്കാര്‍ പറയുന്നു. അയോധ്യ ക്ഷേത്രത്തിനായി മുറവിളിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെയും മുദ്രാവാക്യങ്ങളുണ്ടായി.

ഡല്‍ഹി സാമൂഹിക വികസന മന്ത്രി രാജേന്ദ്രപാല്‍ ഗൗതത്തിന്റെ റാലിയിലെ സാന്നിധ്യം ശ്രദ്ധേയമായി.''ദളിത് സമുദായം നേരിടുന്ന അനീതിക്ക് എതിരായാണ് തങ്ങള്‍ പോരാടുന്നത്. സുപ്രീം കോടതി വിധിക്കെതിരല്ല. എന്തുകൊണ്ടാണ് രാജ്യത്തുടനീളം ദളിത് ക്ഷേത്രങ്ങളും അംബേദ്കര്‍ പ്രതിമകളും മാത്രം തകര്‍ക്കപ്പെടുന്നതെന്ന് ഭരണകൂടങ്ങള്‍ വ്യക്തമാക്കണം''; മന്ത്രി പറഞ്ഞു

 സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗംബൃന്ദ കാരാട്ട് ഓഗസ്ത് 14ന് സ്ഥലം സന്ദര്‍ശിക്കുകയും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയോട് ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top