15 July Wednesday

തൂത്തുക്കുടി കസ്‌റ്റഡിക്കൊല ; പൊലീസിനെതിരെ തെളിവുണ്ടെന്ന്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

ചെന്നൈ
തൂത്തുക്കുടി ഇരട്ട കസ്റ്റഡിക്കൊലക്കേസിൽ വീണ്ടും കോടതിയുടെ ഇടപ്പെടൽ. പൊലീസുകാർക്കെതിരെ കേസെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് മദ്രാസ്‌ ഹൈക്കോടതിയുടെ മധുരൈ ബെഞ്ച്‌. ക്രൂരമായ മർദനമാണ് നടന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽനിന്ന്‌ വ്യക്തമാണ്.  സിബിഐ കേസ് ഏറ്റെടുക്കുംവരെ ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം അന്വേഷിക്കണം. കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച കോവിൽപെട്ടി മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.  ക്രൈംബ്രാഞ്ച് സിഐഡി ചൊവ്വാഴ്‌ചതന്നെ കേസ് ഏറ്റെടുക്കണം. പൊലീസിനെതിരെ രൂക്ഷ വിമർശനമാണ്‌ കോടതിയിൽനിന്നുണ്ടായത്‌.

മജിസ്ട്രേറ്റിനോട് എങ്ങനെ പെരുമാറണമെന്നുപോലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കറിയില്ല.  ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി പ്രത്യേകം തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

എസ്‌പി‌യെ നീക്കി
തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകത്തിൽ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ നടപടി. കേസിൽ പൊലീസിന്‌ വീഴ്‌ച സംഭവിച്ചുവെന്ന കോടതിയുടെ വിമർശനത്തിന്‌ പിന്നാലെ തൂത്തുക്കുടി എസ്‌പി ആരുൺ ഗോപനെ തൽസ്ഥാനത്തുനിന്ന്‌ നീക്കി. അദ്ദേഹത്തോട്‌ നിർബന്ധിത അവധിയിൽ പോകാനും സർക്കാർ ആവശ്യപ്പെട്ടു. വില്ലുപുരം എസ്‌പി എസ്‌ ജയകുമാറിനാണ്‌ ചുമതല.

എസ്‌പി ഡി കുമാർ, ഡിഎസ്‌പി സി പ്രതാപൻ എന്നിവരെ സസ്‌പെൻഡ്‌‌ ചെയ്‌തു. ജുഡീഷ്യൽ കമീഷനെതിരെ മോശം പരാമർശം നടത്തിയ സാത്താൻകുളം സ്റ്റേഷനിലെ കോൺസ്‌റ്റബിൾ മഹാരാജിനെയും സസ്‌പെൻഡ്‌ ചെയ്‌തു. ഇതോടെ സംഭവമുമായി ബന്ധപ്പെട്ട്‌ സസ്‌പെൻഷനിലാകുന്ന പൊലീസുകാരുടെ എണ്ണം ഏഴായി.മദ്രാസ്‌ ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റെ ഉത്തരവ്‌ പ്രകാരം ‌ കുപ്രസിദ്ധമായ സാത്താൻകുളം പൊലീസ്‌ സ്‌റ്റേഷൻ റവന്യൂ വകുപ്പ്‌ ഏറ്റെടുത്തു. സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ചുമതല വഹിക്കുന്ന തഹസിൽദാർ ചെന്തൂർ രാജനാണ്‌‌ ചുമതല‌. ഹൈക്കോടതിയുടെ നിർദേശാനുസരണം കേസ്‌ അന്വേഷിക്കുന്ന സംഘത്തിന്‌ ആവശ്യമായ രേഖകൾ കൈമാറുമെന്ന്‌  ചെന്തൂർ രാജൻ പറഞ്ഞു. കേസ്‌ സിബിഐയ്‌ക്ക്‌ കൈമാറാൻ തമിഴ്‌നാട്‌ ഗവർണർ അനുമതി നൽകി.

മുഴുവൻ പൊലീസുകാരെയുംമാറ്റി
വ്യാപാരികളായ അച്ഛനെയും മകനെയും മർദിച്ചുകൊന്ന സാത്താൻകുളം പൊലീസ്‌ സ്‌റ്റേഷനിലെ 24 പൊലീസുകാരെയും സ്ഥലം മാറ്റി. പൊലീസുകാർ ജുഡീഷ്യൽ കമീഷനുമായി സഹകരിക്കാതിരുന്നതിനെത്തുടർന്ന്‌ ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉയർന്നതിനു പിന്നാലെയായിരുന്നു നടപടി. രണ്ട് ഉപകാരമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് പൊലീസുകാരെയും മാറ്റിയില്ലെങ്കിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന്‌ ബുദ്ധിമുട്ടാകുമെന്ന് കോടതി തിങ്കളാഴ്‌ച പറഞ്ഞിരുന്നു. സ്‌റ്റേഷനിലേക്ക്‌ 27 പൊലീസുകാരെ പകരം നിയമിച്ചു.

അന്വേഷണ സംഘത്തിന്‌‌ ഭീഷണി
ഹൈക്കോടതി ചുമതലപ്പെടുത്തിയ അന്വേഷണസംഘവുമായി സഹകരിക്കാൻ സ്റ്റേഷനിലെ പൊലീസുകാർ തയ്യാറായില്ലെന്ന്‌ റിപ്പോർട്ട്‌. പൊലീസുകാർ തെളിവ്‌ നശിപ്പിച്ചു. അന്വേഷണം നടത്താനെത്തിയ കോവില്‍പെട്ടി മജിസ്ട്രേറ്റ്‌ ഞായറാഴ്‌ച പകുതിക്ക്‌ നിർത്തി പോരേണ്ടിവന്നു. എഎസ്‌പി കുമാറും ഡിഎസ്‌പി പ്രതാപനും അന്വേഷണം നടത്താൻ സൗകര്യമൊരുക്കിയില്ല. പകരം കുമാർ അയാളുടെ മസിൽ കാണിക്കുകയാണ്‌ ചെയ്‌തത്‌. ദൈനംദിന രജിസ്റ്റർ നൽകിയില്ല. ഉദ്യോഗസ്ഥരോട്‌ ചോദ്യം ചോദിക്കുമ്പോൾ കീഴുദ്യോഗസ്ഥരെ ഭീഷണി സ്വരത്തിൽ നേരിടുകയാണ്‌ ചെയ്‌തത്‌. ലാത്തി ഹാജരാക്കാൻ തയ്യാറായില്ല. ചോദ്യം ചെയ്യലിനിടെ മറ്റൊരു പൊലീസുകാരൻ ഓടിപ്പോയി. അതേസമയം, മറ്റു പൊലീസുകാർ സ്‌റ്റേഷനു സമീപം സംഘംചേർന്ന്‌ സാക്ഷികളെ ഭീഷണിപ്പെടുത്താൻ നീക്കം നടത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞു.
 

 


പ്രധാന വാർത്തകൾ
 Top