27 February Thursday

മൂവായിരം കോണ്ടം കണ്ടെത്തിയ പൊലീസ് കാണാതായ നജീബിനെ എന്തുകൊണ്ട് കണ്ടെത്തുന്നില്ല: കനയ്യ കുമാര്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 10, 2020

ന്യൂഡല്‍ഹി> മൂവായിരം കോണ്ടം കുപ്പത്തൊട്ടിയില്‍ നിന്നും കണ്ടെത്തിയ പൊലീസ് ജെഎന്‍യു വിദ്യാര്‍ഥിയായിരുന്ന നജീബ് അഹ്മദിനെ എന്തുകൊണ്ട് കണ്ടെത്തുന്നില്ലെന്ന്  മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍.  3000 കോണ്ടം എങ്ങനെ അവര്‍ എണ്ണിത്തീര്‍ത്തുവെന്നറിയില്ലെന്നും കനയ്യകുമാര്‍ പരിഹസിച്ചു.

 'ജെഎന്‍യുവിനെ പരിഹസിച്ചതുകൊണ്ടോ കുറ്റപ്പെടുത്തിയതുകൊണ്ടോ ഈ രാജ്യത്തേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. എത്ര വേണമെങ്കിലും കുറ്റപ്പെടുത്തു.ദേശദ്രോഹികളെന്നു വിളിച്ചോളു. എന്നാല്‍ അതൊന്നും നിങ്ങളുടെ മക്കള്‍ക്ക് ഉദ്യോഗം കിട്ടുന്നതിന് സഹായിക്കില്ല, നിങ്ങളുടെ അസ്വസ്ഥതകളെന്താണെന്ന് മനസിലാകുന്നുണ്ട്‌. ജെഎന്‍യുവില്‍  പ്രവേശനം ലഭിക്കുക എന്നത് എളുപ്പമല്ല'; കനയ്യ പറഞ്ഞു.

 2016 ല്‍ ബിജെപി നേതാവായ ഗ്യാന്‍ദേവ് അഹൂജയാണ് ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ അരാജക ജീവിതമാണ് നയിക്കുന്നത് എന്ന തരത്തില്‍ പ്രതികരിക്കുകയുണ്ടായത്. 3,000 ബിയര്‍ ക്യാനുകള്‍-ബോട്ടിലുകള്‍, 2000 മദ്യക്കുപ്പികള്‍, 10,000 സിഗരറ്റ് കുറ്റികള്‍, 4,000 ബീഡി, 50,000 എല്ലിന്‍ കഷണങ്ങള്‍, 2000 ചിപ്‌സ് കവറുകള്‍, 3000 കോണ്ടം, 500 അബോര്‍ഷന്‍ ഇഞ്ജക്ഷന്‍ എന്നിവയെല്ലാം ജെഎന്‍യുവില്‍ കാണാനായെന്നായിരുന്നു ബിജെപി നേതാവിന്റെ വിവാധ പ്രസ്താവന.

ഈ പ്രസ്താവന വലിയ തോതില്‍ സംഘപരിവാര്‍ സോഷ്യല്‍ മീഡയയിലൂടെ അടക്കം പ്രചരിപ്പിച്ച് സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചിരുന്നു. ഇപ്പോള്‍ സമരം വീണ്ടും ശക്തമായ സാഹചര്യത്തില്‍ ആര്‍എസ്എസ് െൈസബര്‍ സെല്‍  വലിയ തോതില്‍ ഇത്തരം ക്യാംപെയിനുമായി രംഗത്തെത്തിക്കഴിഞ്ഞു. പ്രായമായവര്‍ ക്യാമ്പസ് വിട്ടുപോകുന്നില്ലെന്നും പ്രചരണം അഴിച്ചുവിട്ടിരുന്നു

2016 ഒക്ടോബറിലാണ്  നജീബ് അഹ്മദിനെ ക്യാമ്പസില്‍ നിന്നും കാണാതാകുന്നത്. രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ സിബിഐ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു


 


പ്രധാന വാർത്തകൾ
 Top