14 December Saturday

ഫാത്തിമയുടെ മരണം: ആഭ്യന്തര അന്വേഷണമില്ലെന്ന്‌ മദ്രാസ്‌ ഐഐടി; ക്യാമ്പസിലെ സമാനമായ എല്ലാ മരണങ്ങളും അന്വേഷിക്കണമെന്ന്‌ വിദ്യാർഥികൾ

സ്വന്തം ലേഖകൻUpdated: Monday Nov 18, 2019

കൊല്ലം >  ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച്‌ ആഭ്യന്തര അന്വേഷണം ഇപ്പോൾ നടത്തില്ലെന്ന്‌ സമരം ചെയ്യുന്ന വിദ്യാർഥികളെ മദ്രാസ്‌ ഐഐടി അധികൃതർ അറിയിച്ചു. ക്രിമിനൽ സ്വഭാവമുള്ള കേസിൽ അത്തരം അന്വേഷണത്തിന്‌ പ്രസക്തിയില്ല. രക്ഷിതാക്കളുടെ പരാതിയിൽ ചെന്നൈ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്തുന്നുണ്ട്‌.

അതേസമയം പൊലീസ്‌ അന്വേഷണം നടക്കുമ്പോൾത്തന്നെ ആഭ്യന്തര അന്വേഷണം സാധ്യമാണെന്ന്‌ വിദ്യാർഥികൾ പറയുന്നു. ക്യാമ്പസിലെ സമാനമായ എല്ലാ മരണങ്ങളും അന്വേഷിക്കണമെന്നാണ്‌ വിദ്യാർഥികളുടെ ആവശ്യം.

 ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട്‌ സമരസമിതി തിങ്കളാഴ്‌ച  അനിശ്‌ചിതകാല നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്‌. ചൊവ്വാഴ്‌ച സംയുക്ത സമരസമിതി നേതൃത്വത്തിൽ വള്ളൂർകോട്ടത്ത്‌ പ്രതിഷേധമാർച്ച്‌ നടത്തും. ചെന്നൈയിലെ എല്ലാ കോളേജുകളിലെയും വിദ്യാർഥികളെ അണിനിരത്തിയാണ്‌ മാർച്ച്‌. വിദ്യാർഥി കൂട്ടായ്‌മയായ ചിന്താബാറിന്റെ  നേതൃത്വത്തിലും സമരം ശക്തമാകുകയാണ്‌. സമരത്തിന്‌ എംഎ വിദ്യാർഥി അഫ്‌സർ മൊയ്‌ദീൻ, പിഎച്ച്‌ഡി വിദ്യാർഥി ജസ്റ്റിൻ ജോസഫ്‌ എന്നിവർ നേതൃത്വം നൽകി.

 അന്വേഷണം കുറ്റമറ്റതാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും കാണാൻ ഫാത്തിമയുടെ അച്ഛൻ ലത്തീഫ്‌ നിശ്‌ചയിച്ചിരുന്നു. തിങ്കളാഴ്‌ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടിയതിനാൽ അദ്ദേഹം യാത്ര മാറ്റി.


പ്രധാന വാർത്തകൾ
 Top