കർഷക പ്രക്ഷോഭം: നിയന്ത്രണമേർപ്പെടുത്തണമെന്നുള്ള ഹർജി തള്ളി സുപ്രീംകോടതി
ന്യൂഡൽഹി > പഞ്ചാബിൽ കർഷക പ്രക്ഷോഭത്തിൽ ഹൈവേകൾ ഉപരോധിക്കുന്നത് തടയണമെന്ന് കേന്ദ്രത്തിനും ഉദ്യോഗസ്ഥർക്കും നിർദേശം നൽകാൻ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.കർഷകരും കർഷക യൂണിയനുകളും പഞ്ചാബിലെ മുഴുവൻ ദേശീയ-സംസ്ഥാന പാതകളും ഉപരോധിച്ചതായി ഹർജിയിൽ ആരോപിച്ചു.
ദേശീയ പാതകളും റെയിൽവേ ട്രാക്കുകളും കർഷകർ തടയുന്നില്ലെന്ന് ഉറപ്പാക്കാണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ ഗൗരവ് ലൂത്രയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. നിലവിൽ വിഷയത്തിലുള്ള ധാരളം ഹർജികൾ പരിശോധിച്ച് വരികയാണെന്നും ചിലർ പ്രശസ്തിക്ക് വേണ്ടി ഹർജികൾ ഫയൽ ചെയ്യുന്നുണ്ടെന്നും ആവർത്തിച്ചുള്ള ഹർജികൾ പരിഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
പഞ്ചാബിലാകെ ഒക്ടോബർ 24 ന് വിവിധ സ്ഥലങ്ങളിൽ കർഷകർ ദേശീയ, സംസ്ഥാന പാതകൾ ഉപരോധിച്ചെന്നാണ് ഹർജിയിലെ ആരോപണം. മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ലഖിംപൂർ ഖേരി അക്രമത്തിന്റെ ഇരകൾക്ക് നീതി ഉറപ്പാക്കുക എന്നിങ്ങനെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് കിസാൻ മസ്ദൂർ മോർച്ച, രാഷ്ട്രീയതര സംയുക്ത കിസാൻ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നത്.
ഇന്നലെ സമാധാനപരമായി ഡൽഹിയിലേക്ക് പദയാത്രയായി നീങ്ങിയ 101 കർഷകരുടെ സംഘത്തിനുനേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഗ്രനേഡ് ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. 10 കർഷകർക്ക് പരിക്കേറ്റു. ആറുപേരുടെ ഗുരുതരം. പൊലീസ് പ്രയോഗിച്ച ഷെല്ലുകൾ അടക്കം ശേഖരിച്ച് മനുഷ്യാവകാശ കമീഷനെ സമീപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
0 comments