04 July Saturday

കേന്ദ്രസർക്കാരിനെതിരെ ഒറിജിനൽ സ്യൂട്ട്‌ ആദ്യമല്ല

സ്വന്തം ലേഖകൻUpdated: Wednesday Jan 15, 2020

ന്യൂഡൽഹി >  ഭരണഘടനയുടെ 131ാം അനുച്ഛേദപ്രകാരം നേരത്തെയും സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഒറിജിനൽ സ്യൂട്ടുകൾ ഫയൽ ചെയ്‌തിട്ടുണ്ട്‌. 1963ൽ പശ്ചിമബംഗാൾ സർക്കാർ കേന്ദ്രസർക്കാർ പാസാക്കിയ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. 

കൽക്കരി ഉള്ള പ്രദേശങ്ങൾ ഏറ്റെടുക്കലും വികസനവും നിയമം (1957) പാസാക്കാൻ കേന്ദ്രസർക്കാരിന്‌ അധികാരമുണ്ടോയെന്ന്‌  ചോദ്യംചെയ്‌തായിരുന്നു ഇത്‌. ആറംഗബെഞ്ച്‌ കേന്ദ്രം പാസാക്കിയ നിയമം നിലനിൽക്കുമെന്ന്‌ ഉത്തരവിട്ടു. 1977ൽ കർണാടക സർക്കാർ മുഖ്യമന്ത്രിയുടെ അഴിമതി അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷനെ രൂപീകരിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. സ്യൂട്ട്‌  4:3 ഭൂരിപക്ഷത്തിൽ കോടതി സ്വീകരിച്ചെങ്കിലും  കർണാടകത്തിന്റെ വാദം  തള്ളി.

2011ൽ പുനഃസംഘടനാനിയമത്തെ ചോദ്യംചെയ്‌ത്‌  മധ്യപ്രദേശ്‌ സർക്കാരും കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതിയിൽ എത്തി. സ്യൂട്ട്‌ ഫയൽ ചെയ്‌ത സർക്കാർ നടപടിയെ ജസ്‌റ്റിസുമാരായ പി സദാശിവവും ബി എസ്‌ ചൗഹാനും അംഗീകരിച്ചില്ല. കേന്ദ്രനിയമത്തെ ഹൈക്കോടതികളിലും ചോദ്യംചെയ്യാൻ കഴിയും. ആവശ്യമെങ്കിൽ 32ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിയിൽ റിട്ടും ഫയൽ ചെയ്യാമെന്നും 131ാം അനുച്ഛേദപ്രകാരം സ്യൂട്ടിന്റെ ആവശ്യമില്ലെന്നും രണ്ടംഗ ബെഞ്ച്‌ പറഞ്ഞു.

2015ൽ ജാർഖണ്ഡ്‌ സർക്കാരും ബിഹാർ സർക്കാരും തമ്മിലുള്ള കേസിൽ ജസ്‌റ്റിസ്‌ ജെ ചെലമേശ്വറും ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെയും അംഗങ്ങളായ ബെഞ്ച്‌ സുപ്രീംകോടതിയുടെ  മുൻ നിലപാടിനോട്‌ വിയോജിച്ചു. പാർലമെന്റോ സംസ്ഥാന നിയമസഭകളോ പാസാക്കിയ നിയമങ്ങളുടെ ഭരണഘടനാസാധുത ചോദ്യംചെയ്‌തുള്ള സ്യൂട്ടുകൾ സുപ്രീംകോടതി പരിഗണിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു ബെഞ്ചിന്റെ നിലപാട്‌. രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്‌ മറ്റൊരു രണ്ടംഗ ബെഞ്ച്‌ റദ്ദാക്കുന്നത്‌ ശരിയല്ലാത്തതിനാൽ വിഷയം മൂന്നംഗം ബെഞ്ചിന് വിട്ടു.


പ്രധാന വാർത്തകൾ
 Top