24 June Monday

യെദ്യൂരപ്പ ബിജെപിക്ക്‌ നൽകിയത്‌ 1800 കോടി കോഴ; അന്വേഷണം അട്ടിമറിച്ചത്‌ അരുൺ ജെയ്‌റ്റ്‌ലി

എം അഖിൽUpdated: Saturday Mar 23, 2019

ന്യൂഡൽഹി
കർണാടക മുൻ മുഖ്യമന്ത്രി ബി എസ‌് യെദ്യൂരപ്പ ബിജെപി കേന്ദ്രനേതൃത്വത്തിന‌് 1800 കോടി രൂപ കോഴ നൽകിയതിന്റെ തെളിവുകൾ പുറത്ത‌്. ബിജെപി കേന്ദ്ര നേതൃത്വത്തിന‌് 1000 കോടിയും മുതിർന്ന നേതാക്കളായ അരുൺ ജെയ‌്റ്റ‌്‌ലിക്കും നിതിൻ ഗഡ‌്കരിക്കും 150 കോടിവീതവും യെദ്യൂരപ്പ കോഴ കൈമാറിയെന്ന‌്  ‘ദി ക്യാരവൻ’ മാസിക പുറത്തുവിട്ട യെദ്യൂരപ്പയുടെ ഔദ്യോഗിക ഡയറിക്കുറിപ്പുകളിൽ പറയുന്നു.

രാജ‌്നാഥ‌്സിങ്ങിന‌് 100 കോടിരൂപയും മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്ക‌് 50 കോടിവീതവും കൈമാറി. ഗഡ‌്കരിയുടെ  മകന്റെ വിവാഹത്തിന‌് പാരിതോഷികമെന്ന നിലയിൽ 10 കോടികൂടി സമ്മാനിച്ചതായും ഡയറിയിൽ വെളിപ്പെടുത്തലുണ്ട‌്.
യെദ്യൂരപ്പ  പ്രതിയായിരുന്ന അഴിമതിക്കേസുകൾ കൈകാര്യം ചെയ‌്ത ജഡ‌്ജിമാർക്ക‌് 200 കോടി കോഴയും  ഹാജരായ അഭിഭാഷകർക്ക‌് 50 കോടി പ്രതിഫലവും നൽകിയതായും ഡയറിയിൽ പറയുന്നു.

2008 മെയ‌് മുതൽ 2011 മെയ‌് വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ കർണാടക നിയമസഭയുടെ 2009ലെ ഔദ്യോഗിക ഡയറിയിൽ കന്നട ഭാഷയിൽ സ്വന്തം കൈപ്പടയിലാണ‌് കോഴവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത‌്. 

ഒരോ പേജിന‌ു താഴെയും യെദ്യൂരപ്പ ഒപ്പും ഇട്ടിട്ടുണ്ട‌്. 2017 മുതൽ ആദായനികുതിവകുപ്പിന്റെ കൈവശമുണ്ടായിരുന്ന നിർണായക രേഖകളിൽ കേന്ദ്രസർക്കാർ നേരിട്ട‌് ഇടപെട്ട‌് തുടരന്വേഷണം മരവിപ്പിക്കുകയായിരുന്നു എന്നും ‘ദി ക്യാരവൻ’ റിപ്പോർട്ട‌് ചെയ്യുന്നു.

2009 ജനുവരി 18ലെ ഡയറിക്കുറിപ്പിലാണ‌് ബിജെപി കേന്ദ്രനേതൃത്വത്തിന‌് 1000 കോടി കൈമാറിയെന്ന‌് യെദ്യൂരപ്പ കുറിച്ചിട്ടുള്ളത‌്. യെദ്യൂരപ്പയുടെ മന്ത്രിസഭാംഗങ്ങൾ, എംഎൽഎമാർ, ബിജെപി നേതാക്കൾ തുടങ്ങി 26 പേർ നൽകിയ 2690 കോടിയിൽനിന്നാണ‌് ഈ തുക വിതരണം ചെയ‌്തത‌്.

 

അന്വേഷണം അട്ടിമറിച്ചത്‌ അരുൺ ജെയ്‌റ്റ്‌ലി
ഡയറി യെദ്യൂരപ്പയുടേതാണെന്നും അതിലെ കൈയക്ഷരവും ഒപ്പും അദ്ദേഹത്തിന്റേതാണെന്നും സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർനടപടികളെക്കുറിച്ച‌് ആദായനികുതിവകുപ്പ‌് കേന്ദ്രധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലിയോട‌് ഉപദേശം തേടി. ഗുരുതര സാമ്പത്തിക കുറ്റകൃത്യം  പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തിൽ തുടരന്വേഷണം എൻഫോഴ‌്സ‌്മെന്റിന‌് വിടണോയെന്നും ആദായനികുതിവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ധനമന്ത്രിയോട‌് അന്വേഷിച്ചു. എന്നാൽ, താൻ ഉൾപ്പെടെ പാർടിയിലെ മുതിർന്ന നേതാക്കൾ കോഴ വാങ്ങിയെന്ന‌് തെളിവുള്ള കേസിൽ അന്വേഷണം വേണ്ടെന്ന‌് അരുൺ ജെയ‌്റ്റ‌്‌ലി തീരുമാനിക്കുകയായിരുന്നു.

ഡയറി പൂഴ്‌ത്തിയത‌് കോൺഗ്രസ്‌ നേതാവ്‌
2012ൽ ബിജെപി നേതൃത്വവുമായുള്ള തർക്കത്തെതുടർന്ന‌് പാർടിയിൽനിന്ന്‌ പുറത്താക്കപ്പെട്ട യെദ്യൂരപ്പ കർണാടക ജനതാപക്ഷ (കെജെപി) രൂപീകരിച്ച അവസരത്തിൽ കോഴവിവരങ്ങൾ രേഖപ്പെടുത്തിയ ഡയറി അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന‌് മോഷണം പോയെന്നാണ‌് ആദായനികുതിവകുപ്പ‌് ഉദ്യോഗസ്ഥർ പറയുന്നത‌്. പ്രമുഖ ബിജെപി നേതാക്കളായ ആനന്ദ‌്കുമാർ, കെ ‌എസ‌് ഈശ്വരപ്പ എന്നിവരാണ‌് ഡയറി മോഷണത്തിന‌ു പിന്നിലെന്ന‌് യെദ്യൂരപ്പ സംശയിച്ചിരുന്നു.  എന്നാൽ, യെദ്യൂരപ്പയുടെ പേഴ‌്സണൽ സ്റ്റാഫ‌് മുഖേന പുറത്തുപോയ ഡയറിയുടെ പകർപ്പ‌് കോൺഗ്രസ‌് നേതാവ‌് ഡി കെ ശിവകുമാറിന്റെ പക്കലുമെത്തി. 

യെദ്യൂരപ്പയുമായി അടുത്തബന്ധം പുലർത്തിയിരുന്ന ശിവകുമാർ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ടില്ല. 2017 ആഗസ‌്തിൽ ഗുജറാത്തിലെ രാജ്യസഭാതെരഞ്ഞെടുപ്പിൽ കൂറുമാറിയുള്ള വോട്ട‌് തടയാനായി 44 കോൺഗ്രസ‌് എംഎൽഎമാരെ ശിവകുമാർ ഇടപെട്ട‌്  കർണാടകത്തിലെ റിസോർട്ടുകളിലേക്ക‌് മാറ്റിയതിനെത്തുടർന്ന‌് ആദായനികുതിവകുപ്പ‌് അദ്ദേഹത്തിന്റെ വസതി റെയ‌്ഡ‌് ചെയ‌്തു. ഈ അവസരത്തിലാണ‌് യെദ്യൂരപ്പയുടെ ഡയറി ഉദ്യോഗസ്ഥർക്ക‌് ലഭിച്ചത‌്. നിലവിൽ തെരഞ്ഞെടുപ്പ‌് കമീഷണറായ സുശീൽചന്ദ്ര കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ‌്  (സിബിഡിറ്റി) തലവനായിരുന്ന കാലയളവിലാണ‌് യെദ്യൂരപ്പയുടെ ഡയറി കണ്ടെത്തിയത്‌. 2019 മെയിൽ ഔദ്യോഗികസ്ഥാനത്ത‌ുനിന്ന‌് വിരമിക്കേണ്ട സുശീൽചന്ദ്രയെ ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ‌് കമീഷണറായി നിയമിക്കുകയായിരുന്നു.


 

ഡയറി മുക്കാൻ കോൺഗ്രസിന്റെ സഹായം
ന്യൂഡൽഹി
യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകൾ വർഷങ്ങൾക്ക‌ുമുമ്പ‌് കൈയിൽ കിട്ടിയിട്ടും കോൺഗ്രസ‌് അനങ്ങിയില്ല.  ‘ക്രൈസിസ‌് മാനേജർ’ എന്ന‌് വിളിക്കപ്പെടുന്ന കർണാടകത്തിലെ പ്രമുഖ കോൺഗ്രസ‌് നേതാവ‌് ഡി കെ ശിവകുമാറിന്റെ വീട്ടിൽനിന്നാണ‌്  2017ൽ ആദായനികുതിവകുപ്പ‌് യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പ‌് പിടിച്ചെടുത്തത‌്.

യെദ്യൂരപ്പയുമായി അടുത്തബന്ധമുള്ളതിനാൽ അദ്ദേഹത്തെ കുഴപ്പത്തിലാക്കേണ്ടെന്ന‌ു കരുതിയാണ‌് രേഖകൾ പുറത്തുവിടാതിരുന്നതെന്ന‌് ശിവകുമാർ പറയുന്നു. കർണാടകത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടിനുള്ള ഉത്തമ ഉദാഹരണമാണ‌് ഇതെന്ന‌് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.

ഡയറിക്കുറിപ്പിന്റെ പകർപ്പ‌ുമാത്രമാണ‌് കൈവശമുണ്ടായിരുന്നതെന്നും അതിലെ കൈയക്ഷരം യെദ്യൂരപ്പയുടേതുമായി സാമ്യമുണ്ടെന്നും ശിവകുമാർ ആദായനികുതി വകുപ്പ‌് ഉദ്യോഗസ്ഥരോട‌് പറഞ്ഞിരുന്നു. ഡയറിക്കുറിപ്പിലെ കൈയക്ഷരം യെദ്യൂരപ്പയുടേത‌ുതന്നെയാണെന്നാണ‌് വാർത്ത പുറത്തുവിട്ട ദി ക്യാരവൻ റിപ്പോർട്ട‌് ചെയ്യുന്നത‌്.

കർണാടകത്തിൽ ജെഡിഎസ‌് –-കോൺഗ്രസ‌് സഖ്യസർക്കാർ രൂപീകരിക്കുന്നതിൽ പങ്ക‌് വഹിച്ച നേതാവാണ‌് ഡി കെ ശിവകുമാർ. എന്നാൽ, തന്റെ  നിർണായകമായ ഇടപെടലിന‌് അർഹിക്കുന്ന പ്രതിഫലം ലഭിച്ചില്ലെന്ന‌് അദ്ദേഹത്തിന‌് പരാതിയുണ്ട‌്. കുമാരസ്വാമി മന്ത്രിസഭയിൽ ജലവകുപ്പ‌് കൈകാര്യം ചെയ്യുന്ന ശിവകുമാറിനെ 2018 നവംബറിൽ യെദ്യൂരപ്പയും മകനും വസതിയിലെത്തി കൂടിക്കാഴ‌്ച നടത്തിയത‌് വലിയ വാർത്തയായിരുന്നു.


പ്രധാന വാർത്തകൾ
 Top