12 November Tuesday

കശ്‌മീരിലെ സ്ഥിതി തിഹാർ ജയിലിനു സമാനം: തരിഗാമി

സാജൻ എവുജിൻUpdated: Wednesday Oct 23, 2019

ന്യൂഡൽഹി >   രാജ്യത്തെ  ഭരണഘടനയും നിയമങ്ങളും ബാധകമല്ലാത്ത പ്രദേശമായി ജമ്മു-കശ്‌മീർ മാറിയെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പറഞ്ഞു. 80 ദിവസമായി ഈ സ്ഥിതി തുടർന്നിട്ടും അവിടെ പ്രതിഷേധം ഉയരാത്തത്‌ എന്തുകൊണ്ടാണെന്ന ചോദ്യത്തോട്‌  ‘‘തിഹാർ ജയിലിൽ നിങ്ങൾക്ക്‌ എത്രപ്രാവശ്യം പ്രതിഷേധിക്കാൻ കഴിയും’’ എന്നാണ്‌ തരിഗാമി പ്രതികരിച്ചത്‌.

 പട്ടാളനിയമമാണ്‌ കശ്‌മീരിൽ നടപ്പാക്കുന്നത്‌. രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ കഴിയുന്നവർക്ക്‌ വിശ്വസിക്കാൻ  കഴിയാത്ത അനുഭവങ്ങളിലൂടെയാണ്‌ കശ്‌മീർ ജനത കടന്നുപോകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ചികിത്സാർഥം ഡൽഹിയിൽ എത്തിയ തരിഗാമി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ  വസതിയിൽ  മുഹമ്മദ്‌ യൂസുഫ്‌ തരിഗാമി മാധ്യമങ്ങളെ കണ്ടപ്പോൾ

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിൽ മുഹമ്മദ്‌ യൂസുഫ്‌ തരിഗാമി മാധ്യമങ്ങളെ കണ്ടപ്പോൾ




 ഞാൻ സ്വതന്ത്രൻ എന്നാണ്‌ സർക്കാരും സുപ്രീംകോടതിയും വ്യക്തമാക്കിയത്‌. എന്നാൽ തിരികെ കശ്‌മീരിൽ  എത്തിയാൽ സുരക്ഷസേനയുടെ നിയന്ത്രണത്തിലാകും. വീടിന്‌ പുറത്തുപോകാൻ കഴിയില്ല. സന്ദർശകരെയും അനുവദിക്കുന്നില്ല. എനിക്കെതിരെ കേസൊന്നും നിലവിലില്ല. ബിജെപി ഒഴികെയുള്ള എല്ലാ പാർടികളുടെയും നേതാക്കളുടെയും പ്രവർത്തകരുടെയും സ്ഥിതി ഇതാണ്‌.  മുൻ മുഖ്യമന്ത്രിമാർപോലും തടവിൽ. ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടും ബിജെപി ഒഴികെയുള്ള പാർടികൾക്ക്‌ പ്രവർത്തനസ്വാതന്ത്ര്യമില്ല–തരിഗാമി വിശദീകരിച്ചു.

 ശ്‌മശാനത്തിലെ മൂകതയാണ്‌ കശ്‌മീരിൽ. ജനങ്ങളുടെ നടുക്കവും നിരാശയും മാറിയിട്ടില്ല. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും അപമാനിക്കപ്പെട്ടിരിക്കുന്നു. ഞങ്ങൾക്കൊപ്പം നിൽക്കാൻ രാജ്യത്തെ ഇടതുപക്ഷവും മതനിരപേക്ഷവാദികളും ധൈഷണികരും തയ്യാറാകുന്നത്‌ ആശ്വാസകരമാണ്‌. എന്നാൽ എല്ലാ ജനാധിപത്യവിശ്വാസികളും കശ്‌മീർ ജനതയ്ക്കുവേണ്ടി ശബ്ദമുയർത്തണം. 370-ാം വകുപ്പിനെക്കുറിച്ച്‌ ആർഎസ്‌എസ്‌ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ വിശ്വസിക്കുന്ന അവസ്ഥ ദുഃഖകരമാണെന്ന്‌ അദ്ദേഹം പ്രതികരിച്ചു.

  ഈ സ്ഥിതി തുടർന്നാൽ രാജ്യം കനത്ത വില നൽകേണ്ടിവരുമെന്നാണ്‌ സഹപൗരന്മാരോട്‌ പറയാനുള്ളത്‌.  കശ്‌മീരിനോട്‌ ഇപ്പോൾ ചെയ്‌തത്‌ നാളെ രാജ്യത്തെ ഏതു സംസ്ഥാനത്തോടും ചെയ്യാം. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ഇല്ലാതാക്കുകയാണ്‌ ബിജെപി സർക്കാരിന്റെ ആത്യന്തിക ലക്ഷ്യം. തോക്കു വഴി കശ്‌മീർപ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന്‌ എല്ലാ വിഭാഗവും മനസ്സിലാക്കണമെന്ന്‌ അദ്ദേഹം പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top