11 December Wednesday

ജനങ്ങളെ തടവിലിട്ട്‌ തീവ്രവാദം ഇല്ലാതാക്കാനാകില്ല, കശ്‌മീരികൾ സാവധാനം മരണത്തിലേക്ക്‌ നീങ്ങുന്നു: തരിഗാമി

സ്വന്തം ലേഖകൻUpdated: Tuesday Sep 17, 2019

ന്യൂഡൽഹി >  ജനങ്ങളെ തടവിലിട്ടുകൊണ്ട്‌ തീവ്രവാദം ഇല്ലാതാക്കാനാകില്ലെന്ന്‌ സിപിഐ എം കേന്ദ്രമ്മിറ്റി അംഗം മുഹമ്മദ്‌ യൂസുഫ്‌ തരിഗാമി. കശ്‌മീരിൽ സ്ഥിതി ശാന്തമെന്നാണ്‌ കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്‌. പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഒരാൾപോലും കൊല്ലപ്പെട്ടിട്ടില്ലെന്നും പറയുന്നു. എന്നാൽ, കശ്‌മീരികൾ സാവധാനത്തിൽ മരിച്ചുകൊണ്ടിരിക്കയാണ്‌.

 കശ്‌മീരികളെ വിശ്വാസത്തിലെടുക്കാൻ കേന്ദ്രം തയ്യാറാകണം. അവരുമായി ചർച്ചയ്‌ക്ക്‌ സന്നദ്ധമാകണം–- സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമൊത്ത്‌ എ കെ ജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തരിഗാമി പറഞ്ഞു.

കശ്‌മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം ഇതാദ്യമായാണ്‌ താഴ്‌വരയിൽനിന്നൊരു നേതാവ്‌ ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചുചേർത്തത്‌. ശ്രീനഗറിൽ വീട്ടുതടങ്കലിലായിരുന്ന തരിഗാമിയെ സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന്‌ ചികിത്സയ്‌ക്കായി ഡൽഹി എയിംസിലേക്ക്‌ മാറ്റുകയായിരുന്നു.

 എയിംസിലെ ചികിത്സ പൂർത്തിയായ സാഹചര്യത്തിൽ തരിഗാമിക്ക്‌ എപ്പോൾ വേണമെങ്കിലും ശ്രീനഗറിലേക്ക്‌ മടങ്ങാമെന്ന്‌ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. തനിക്ക്‌ ചികിത്സയ്‌ക്ക്‌ അവസരമൊരുക്കുകയും ഡൽഹിയിൽ സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കുകയും ചെയ്‌ത സുപ്രീംകോടതിയോടുള്ള നന്ദി തരിഗാമി പ്രകടമാക്കി.

ഇന്ത്യയുമായി കശ്‌മീർ ജനതയ്‌ക്കുണ്ടായിരുന്ന ഐക്യത്തിന്റെ അടിത്തറയാണ്‌ തകർക്കപ്പെട്ടത്‌. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ താഴ്‌വരയിലെ ജനങ്ങൾക്ക്‌ ഇന്ത്യയിലുണ്ടായിരുന്ന വിശ്വാസം ഇടിഞ്ഞു. കശ്‌മീരികളെ ജീവിക്കാൻ അനുവദിക്കണം. അതിനുള്ള അവസരമൊരുക്കണം. കശ്‌മീരികളെക്കൂടി ഒപ്പംകൂട്ടി മുന്നോട്ടുനീങ്ങണം.

 ഫറൂഖ്‌ അബ്ദുള്ളയെപ്പോലുള്ള നേതാക്കൾ തീവ്രവാദികളല്ല. താനൊരു വിദേശിയല്ല. അന്യഗ്രഹജീവിയുമല്ല. ഹിന്ദുസ്ഥാനിയാണ്‌. ഇന്നതിന്‌ വില നൽകുകയാണ്‌. എങ്കിലും അക്കാര്യത്തിൽ അഭിമാനമേയുള്ളൂ. കശ്‌മീരിൽ ഇന്ന്‌ നടക്കുന്നത്‌ രാജ്യത്തിന്‌ ഗുണപരമായ കാര്യമല്ല. 

 വാർത്താസമ്മേളനത്തിൽ പലപ്പോഴും വികാരാധീനനായ തരിഗാമി കശ്‌മീരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്‌ എല്ലാവരും മുൻകൈയെടുക്കണമെന്ന്‌ അഭ്യർഥിച്ചു. ഇന്ത്യയുമായി ചേർന്ന്‌ മുന്നോട്ടുപോകാൻ തങ്ങളെ അനുവദിക്കണം. 

 കശ്‌മീരിലെ ഏകാധിപത്യത്തിനെതിരെ പൊരുതിയവരും ഇന്ത്യയിൽ സ്വാതന്ത്ര്യസമരത്തിന്‌ നേതൃത്വം നൽകിയവരും സ്വാതന്ത്ര്യാനന്തരം എത്തിച്ചേർന്ന ധാരണപ്രകാരമാണ്‌ കശ്‌മീർ മതേതര ഇന്ത്യയുടെ ഭാഗമായത്‌. കശ്‌മീരികൾ ആഗ്രഹിച്ചതും മതേതര ഇന്ത്യയുടെ ഭാഗമായി നിൽക്കാനായിരുന്നു. കശ്‌മീരിനെ ഇന്ത്യയുമായി ഇളക്കിച്ചേർത്ത കണ്ണിയായിരുന്നു 370–-ാം വകുപ്പ്‌. ആ കണ്ണിയാണ്‌ ഇല്ലാതായത്‌–- തരിഗാമി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top