18 September Wednesday

കോയമ്പത്തൂരിൽ ജാഗ്രത ; ചെക്‌പോസ്‌റ്റുകളില്‍ സായുധസേന

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

 
ലഷ്‌കർ ഇ തോയ്ബ ഭീകരര്‍  തമിഴ്നാട്ടിൽ നുഴഞ്ഞു കയറിയെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പിനെ തുടർന്ന്‌ നാലാം ദിനവും  കോയമ്പത്തൂര്‍ നഗരത്തിൽ പരിശോധന കർശനമാക്കി.  കമാന്‍ഡോകള്‍ ന​ഗരത്തിന്റെ  വിവിധഭാഗങ്ങളിൽ റൂട്ട്മാർച്ച് നടത്തി. നഗരാതിർത്തിയിലെ 10 ചെക്‌പോസ്റ്റുകളിൽ സായുധസേനയെ വിന്യസിപ്പിച്ചു. ഗാന്ധിപുരം, ആർ എസ് പുരം, സിങ്കനെല്ലൂർ, പോത്തനൂർ എന്നിവിടങ്ങളിൽ അഗ്നിശമന സേനയെയും സജ്ജമാക്കി. 

ശനിയാഴ്ച രാത്രി, മുഴുവൻ ക്രൈസ്തവ ദേവാലയങ്ങളിലും ബോംബ് സ്വകാഡ് പരിശോധന നടത്തി.  സായുധ സേനയുടെ കാവലിൽ ഞായറാഴ്ച പള്ളികളിൽ എത്തിയവരെ മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച്‌ പരിശോധിച്ചു. നഗരത്തില്‍  40ലധികം  സ്ഥലങ്ങളിൽ വാഹന പരിശോധന തുടരുന്നു. സംശയാസ്പദമായി  കാണുന്നവരെക്കുറിച്ച്‌  ഉടൻ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.  

കോയമ്പത്തൂരിൽ പിടികൂടിയവരെ വിട്ടയച്ചു
 ലഷ്‌കർ ഇ തൊയ്ബ ഭീകരര്‍ തമിഴ്നാട്ടിൽ നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന്‌ കോയമ്പത്തൂരില്‍ പൊലീസ് പിടികൂടിയ രണ്ടുപേരെ ചോദ്യംചെയ്യലിനുശേഷം ഞായറാഴ്ച വിട്ടയച്ചു. കാരുണ്യനഗർ കോളനിയിൽനിന്ന്‌ ശനിയാഴ്ചയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഒരാൾ മലയാളിയും മറ്റൊരാൾ കോയമ്പത്തൂർ സ്വദേശിയുമാണ്. കേരളത്തിൽ അറസ്റ്റിലായവരിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.


പ്രധാന വാർത്തകൾ
 Top