10 August Monday
പ്രതിഷേധം ശക്തമാകുന്നു

വെറ്ററിനറി ഡോക്ടറുടെ കൊലപാതകം: 3 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

ഹൈദരാബാദ് > തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറായ യുവതിയെ കൂട്ട ബലാത്സം​ഗംചെയ്ത്‌ കൊന്ന കേസില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുക്കാൻ വൈകിയതിനാണ്‌ നടപടി. യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ നടത്തിയ പ്രാഥമികാന്വേഷണത്തെതുടര്‍ന്നാണ് നടപടി. പരാതി കിട്ടിയപ്പോള്‍ തങ്ങളുടെ മേഖലയിലല്ലെന്നു പറഞ്ഞ് കൈയൊഴിയുകയായിരുന്നു.

യുവതിയുടെ കൊലപാതകത്തിൽ ജന്മനാട്ടിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്‌. കൊലപ്പെട്ട യുവതിയുടെ വീടുള്ള കോളനിയിലേക്ക് എത്തിയ രാഷ്ട്രീയനേതാക്കളുൾപ്പെടെയുള്ളവരെ പ്രദേശവാസികള്‍ തടഞ്ഞു. കോളനിയിലേക്കുള്ള ​ഗേറ്റ്‌ അടച്ച്‌ മാധ്യമങ്ങള്‍, പൊലീസ്, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ വരണ്ട, സഹതാപം വേണ്ട, നടപടിയും നീതിയുമാണ് ആവശ്യം എന്ന പ്ലക്കാര്‍ഡ് ​ഗേറ്റില്‍ സ്ഥാപിച്ചു. പൊലീസ്‌ വാഹനത്തിനുനേരെ കല്ലേറുമുണ്ടായി.
അതേസമയം, പ്രതികള്‍ക്കായി ഹാജരാകേണ്ടതില്ലെന്ന് ബാര്‍ അസോസിയേഷന്‍ ഞായറാഴ്ച തീരുമാനിച്ചു. ഹീനമായ കുറ്റകൃത്യം ചെയ്ത പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നില്ലെന്ന്  രം​ഗ റെഡി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് മട്ടപ്പള്ളി ശ്രീനിവാസ് പറഞ്ഞു.

യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികൾ റിമാന്‍ഡിലാണ്. ഇവർക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഉടന്‍ നല്‍കും. യുവതിയെ ബലാത്സംഗത്തിനുശേഷം തീ കൊളുത്തി കൊല്ലാനായി പെട്രോള്‍ നല്‍കിയ പമ്പിലെ ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നതിന്‌ പൊലീസ് നിയമോപദേശം തേടും. കൊലപാതകത്തിന്റെ വാര്‍ത്ത നിരന്തരമായി സംപ്രേഷണം ചെയ്യരുതെന്ന് പൊലീസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top