29 May Friday

തെലങ്കാനയിൽ റോഡ്‌ കോർപറേഷൻ ജീവനക്കാരുടെ പണിമുടക്കിന്‌ പിന്തുണയുമായി ശനിയാഴ്‌ച ബന്ദ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

ന്യൂഡൽഹി >  തെലങ്കാനയിൽ 30 മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ടുള്ള സംസ്ഥാന റോഡ്‌ കോർപറേഷൻ ജീവനക്കാരുടെ പണിമുടക്കിന്‌ പിന്തുണയുമായി ശനിയാഴ്‌ച സംസ്ഥാനത്ത്‌ ബന്ദ്‌. പ്രതിപക്ഷപാർടികളാണ്‌ ബന്ദിന്‌ ആഹ്വാനം ചെയ്‌തത്‌. കേന്ദ്ര–-സംസ്ഥാന ട്രേഡ്‌ യൂണിയനുകൾ വിവിധ മേഖലകളിൽ പണിമുടക്കും പ്രഖ്യാപിച്ചു. ബന്ദ്‌ പ്രഖ്യാപിച്ചതിനുപിന്നാലെ, സംയുക്തസമരസമിതി കൺവീനർ അശ്വതാമ റെഡ്‌ഢിയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. 26 ഇന ആവശ്യങ്ങൾ ഉന്നയിച്ച്‌ 14 ദിവസമായി പണിമുടക്കുന്ന ജീവനക്കാരുമായി ചർച്ചയ്‌ക്ക്‌ കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ തയാറായിട്ടില്ല.

 സെപ്‌തംബറിലെ ശമ്പളം എല്ലാ ജീവനക്കാർക്കും നൽകാനുള്ള ഹൈക്കോടതിയുടെ വിധിയും സർക്കാർ നടപ്പാക്കുന്നില്ല. ആകെയുള്ള 49,190 ജീവനക്കാരിൽ 48,000 പേരും സ്വയംവിരമിച്ചെന്നാണ്‌ സർക്കാർ കോടതിയെ അറിയിച്ചത്‌. ഗതാഗത സൗകര്യമില്ലാതെ സ്‌കൂളുകൾ, കോളേജുകൾ, ഓഫീസുകൾ തുടങ്ങിയവയുടെ പ്രവർത്തനം മുടങ്ങി. ഓല, ഊബർ അടക്കമുള്ള ടാക്‌സി ഡ്രൈവർമാരുടെ അസോസിയേഷനുകളും പണിമുടക്കുകയാണ്‌. സമരം അവസാനിപ്പിക്കാൻ സർക്കാർ എന്ത്‌ നടപടി സ്വീകരിച്ചെന്ന്‌ റിപ്പോർട്ട്‌ നൽകാൻ ഗവർണർ തമിൽസെയ്‌ സുന്ദരരാജൻ ആവശ്യപ്പെട്ടു.

ട്രാൻസ്‌പോർട്ട്‌ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ സർക്കാരിന്റെ നടപടിയെന്ന്‌ സിഐടിയു വൈസ്‌ പ്രസിഡന്റ്‌ എ കെ പത്മനാഭൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. 2017 ഏപ്രിലിൽ നടപ്പിലാവേണ്ട ശമ്പളപരിഷ്‌ക്കരണം നടത്തിയില്ല. പിഎഫ്‌ അടക്കമുള്ളവയ്‌ക്ക്‌ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്‌ പിടിച്ച 1500 കോടി രൂപ സർക്കാർ അടച്ചിട്ടില്ല. സമരത്തിന്റെ പൂർണ്ണ ഉത്തരവാദി സർക്കാരാണ്‌. മുൻപ്‌ കേന്ദ്ര തൊഴിൽമന്ത്രിയായിരുന്ന ചന്ദ്രശേഖർ റാവുവിന്റെ നിലപാട്‌ ഇന്ത്യൻ ഭരണഘടനയേയും തൊഴിലാളികളുടെ അവകാശങ്ങളെയും ബഹുമാനിക്കാത്തതാണെന്നും എകെപി പറഞ്ഞു. ഹൈദരാബാദിൽ സമരസമിതി നേതാക്കളുമായി എകെപി കൂടിക്കാഴ്‌ച നടത്തി.

ശമ്പളം കിട്ടാത്തതിനെ തുടർന്ന്‌ രണ്ട്‌ തൊഴിലാളികൾ ആത്മഹത്യ ചെയ്‌തു. ജീവനക്കാരുടെ കുടംബാംഗങ്ങൾ ഒന്നടങ്കം പങ്കെടുത്തുകൊണ്ടാണ്‌ സമരം നടക്കുന്നത്‌. നൽഗൊണ്ടയിൽ 600 ജീവനക്കാർ കുടുംബാംഗങ്ങളുമായി റോഡിൽ ഭിക്ഷയെടുത്ത്‌ പ്രതിഷേധിച്ചു. സിപിഐ എം, സിപിഐ-, മറ്റ് ഇടതുപക്ഷ പാർടികളും ചേർന്ന്‌ ഇന്ദിരാ പാർക്കിൽ ധർണ്ണ നടത്തി. എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ മാർച്ചും ഒസ്‌മാനിയ സർവകലാശാല വിദ്യാർത്ഥികൾ ‘ശവയാത്ര’യും നടത്തി. വിദ്യാർത്ഥികളും യുവാക്കളും കർഷകരും പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചു.


പ്രധാന വാർത്തകൾ
 Top