22 October Tuesday
സർക്കാർ ഓർഡിനൻസ്‌ ഇറക്കി

കോർപറേറ്റുകൾക്ക്‌ ഇളവ്‌ 1.45 ലക്ഷം കോടി ; ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യം

സ്വന്തം ലേഖകൻUpdated: Saturday Sep 21, 2019


ന്യൂഡൽഹി
രാജ്യം കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക്‌ നീങ്ങുമ്പോൾ  കോർപറേറ്റുകൾക്ക്‌ വീണ്ടും വൻ നികുതി ഇളവ്‌. സെസും സർചാർജും ഉൾപ്പെടെ 34.94 ശതമാനമായിരുന്ന നികുതി 25.17 ശതമാനമായി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഇതിലൂടെ വർഷം 1.45 ലക്ഷം കോടി രൂപയുടെ ഇളവാണ്‌ കോർപറേറ്റുകൾക്ക്‌ ലഭിക്കുക. ആഭ്യന്തര കമ്പനികൾക്കും ഉൽപ്പാദന കമ്പനികൾക്കുമാണ്‌ ഇളവ്‌. നികുതിയിളവുകളും  ആനുകൂല്യങ്ങളും ലഭിക്കാത്ത കമ്പനികൾ 22 ശതമാനം നികുതി നൽകിയാൽ മതി.

ഒക്ടോബർ ഒന്നുമുതൽ രജിസ്‌റ്റർ ചെയ്യുന്ന ഉൽപ്പാദന കമ്പനികൾക്ക്‌ 15 ശതമാനമാണ്‌ നികുതി. അധിക തീരുവകളടക്കം 17.01 ശതമാനമാകും പുതിയ ഉൽപ്പാദന കമ്പനികൾക്ക്‌ നികുതി.  ഗോവയിൽ ജിഎസ്‌ടി കൗൺസിൽ യോഗത്തിനു മുന്നോടിയായി വാർത്താസമ്മേളനത്തിൽ ധനമന്ത്രി നിർമല സീതാരാമനാണ്‌ നികുതി ഇളവ്‌ പ്രഖ്യാപിച്ചത്‌.

നികുതിയിളവുകൾക്ക്‌ നിയമപ്രാബല്യം നൽകാൻ ആദായനികുതി നിയമം ഭേദഗതി ചെയ്‌ത്‌ വെള്ളിയാഴ്‌ച രാവിലെ സർക്കാർ ഓർഡിനൻസ്‌ ഇറക്കി. 400 കോടി രൂപവരെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക്‌ ഏപ്രിൽ ഒന്നുമുതൽ  മുൻകാല പ്രാബല്യത്തോടെ നികുതിയിളവ്‌ ലഭിക്കും. കഴിഞ്ഞ ബജറ്റിൽ 1.04 ലക്ഷം കോടി രൂപയുടെ നികുതിയിളവ്‌ കോർപറേറ്റുകൾക്ക്‌ നൽകിയിരുന്നു.

ഓഹരിവിൽപ്പന വഴി കമ്പനികൾക്ക്‌ ലഭിക്കുന്ന മൂലധന ആദായത്തിനുമേൽ ബജറ്റിൽ പ്രഖ്യാപിച്ച അധിക തീരുവയും ഓഹരികളുടെ വിൽപ്പന വഴി ലഭിക്കുന്ന മൂലധന ആദായത്തിനുമേലുള്ള അതിസമ്പന്ന നികുതിയും ഒഴിവാക്കി. ജൂലൈ അഞ്ചിനുമുമ്പ്‌ ഓഹരികളുടെ തിരിച്ചുവാങ്ങൽ പ്രഖ്യാപിച്ച കമ്പനികൾ ഈ ഇടപാടിന്‌ അതിസമ്പന്ന നികുതി നൽകേണ്ടതില്ല. കുറഞ്ഞ ബദൽ നികുതി (എംഎടി) 18.5 ശതമാനത്തിൽനിന്ന്‌ 15 ആക്കി. കോർപറേറ്റ്‌ നികുതിയിളവിനായി വിവിധ മാർഗങ്ങൾ സ്വീകരിക്കുന്ന കമ്പനികൾ (സീറോ ടാക്‌സ്‌ കമ്പനികൾ) നൽകേണ്ട നികുതിയാണ്‌ എംഎടി. മൂല്യശോഷണം, ഇളവുകൾ എന്നിവയുടെ പേരിലാണ്‌ കമ്പനികൾ സീറോ ടാക്‌സ്‌ മാർഗം തേടുന്നത്‌.

ഒരു മാസത്തത്തിനിടെ അഞ്ചാംതവണയാണ്‌  ഉത്തേജക പാക്കേജ്‌ പ്രഖ്യാപിക്കുന്നത്‌. വൻകിട കമ്പനികൾക്ക്‌ സാമ്പത്തിക ലാഭമുണ്ടാവുമെന്നതല്ലാതെ ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കുന്ന നിർദേശങ്ങളൊന്നും പ്രഖ്യാപനത്തിലില്ല.
 

കോർപറേറ്റ്‌ നികുതി ആഗോള ശരാശരിയേക്കാൾ താഴെ
ന്യൂഡൽഹി
ഇന്ത്യയിലെ കോർപറേറ്റ്‌ നികുതി ആഗോള ശരാശരിയെക്കാൾ കുറഞ്ഞ നിരക്കിലെത്തി. ആദായനികുതി നിയമത്തിൽ വരുത്തിയ ഭേദഗതിയോടെ 22 ശതമാനമാണ്‌ രാജ്യത്തെ കോർപറേറ്റ്‌ നികുതി. കൂടാതെ നിലവിൽ 3.17 ശതമാനം സെസും സർചാർജും ചുമത്തിയിട്ടുണ്ട്‌. ആഗോള ശരാശരി 23.79 ശതമാനമാണ്‌. ചൈന, ഇൻഡോനേഷ്യ,  ദക്ഷിണകൊറിയ, മ്യാന്മർ എന്നിവിടങ്ങളിൽ 25 ശതമാനവും മലേഷ്യയിൽ 24 ശതമാനവും ശ്രീലങ്കയിൽ 28 ശതമാനവുമാണ്‌ കോർപറേറ്റ്‌ നികുതി. ബ്രസീലിൽ 34 ശതമാനമാണ്‌ നികുതി.

ഓഹരിവിപണിയിൽ വൻ നേട്ടം
ന്യൂഡൽഹി
കോർപറേറ്റ്‌ നികുതി വെട്ടിക്കുറച്ചതോടെ രാജ്യത്തെ ഓഹരിവിപണിയിൽ 10 വർഷത്തെ ഏറ്റവും വലിയ നേട്ടം. മുംബൈ വിപണിസൂചിക സെൻസെക്‌സ്‌ ഒറ്റദിവസത്തിൽ 1,200 പോയിന്റ്‌ കുതിച്ചുയർന്നു. ദേശീയസൂചിക നിഫ്‌റ്റി 570 പോയിന്റ്‌ കയറി, 6.83 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി. കഴിഞ്ഞദിവസങ്ങളിൽ വിപണി തകർച്ചയിലായിരുന്നു.


പ്രധാന വാർത്തകൾ
 Top